SignIn
Kerala Kaumudi Online
Monday, 06 July 2026 6.36 AM IST

കോതമംഗലം- ഇടമലക്കുടി റോഡിന് സംസ്ഥാന സർക്കാർ പാര

road

കുട്ടമ്പുഴ: സംസ്ഥാനത്തെ ഏക ആദിവാസി ഗ്രാമ പഞ്ചായത്തായ ഇടമലക്കുടിയുടെ വികസനത്തിന് ഏറെ മുതൽക്കൂട്ടാകുന്ന കോതമംഗലം - ഇടമലക്കുടി റോഡ് പദ്ധതി അവതാളത്തിൽ.

കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടും റോഡിന്റെ വിശദാംശങ്ങൾ നൽകാതെ ആദിവാസി ക്ഷേമവകുപ്പ് ഉദ്യോഗസ്ഥർ ഒളിച്ചുകളിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. റോഡ് യഥാർത്ഥ്യമായാൽ 65 ആദിവാസി ഉന്നതികൾക്ക് പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തൽ.
ഈ വിവരം ചൂണ്ടിക്കാട്ടി ഓൾഡ് ആലുവ - മൂന്നാർ (രാജപാത )റോഡ് ആക്ഷൻ കൗൺസിൽ പ്രധാനമന്ത്രിക്കും കേന്ദ്ര ആദിവാസിക്ഷേമ മന്ത്രിക്കും നിവേദനങ്ങൾ നൽകിയിരുന്നു. ഇതേ തുടർന്നാണ് കേന്ദ്ര സർക്കാർ സംസ്ഥാന ആദിവാസി ക്ഷേമവകുപ്പിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. അടിമാലി, മൂവാറ്റുപുഴ ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസർമാർ ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ സംസ്ഥാന പട്ടികവർഗക്ഷേമ ഡയറക്ടർക്ക് നൽകിയെങ്കിലും അവിടെനിന്ന് ഫയൽ മുന്നോട്ടുപോയില്ലെന്നാണ് ആരോപണം.

 51 കിലോമീറ്റർ ലാഭം

ഇടമലക്കുടി നിവാസികൾ ഇപ്പോൾ കോതമംഗലത്ത് എത്താൻ പെട്ടിമുടി, ഇരവികുളം ദേശീയോദ്യാനം, മൂന്നാർ വഴി 120 കിലോമീറ്റർ യാത്ര ചെയ്യണം. കോതമംഗലം - ഇടമലക്കുടി റോഡ് യാഥാർത്ഥ്യമായാൽ 69 കിലോമീറ്റർ യാത്ര മതി.

 പകുതിയിലേറെ പണിതീർന്നു

കോതമംഗലം മുതൽ പൂയംകുട്ടി വരെ 28 കി.മീ 2 വരി പാതയായി ബി.എം ബി.സി നിലവാരത്തിൽ പണി പൂർത്തിയാക്കിയിട്ടുണ്ട്. പൂയംകുട്ടി മുതൽ പിണ്ടിമേട് വരെയുള്ള 8കി.മീ പൂയംകുട്ടി ജലവൈദ്യുത പദ്ധതിക്കുവേണ്ടി 12 മീറ്റർ വീതിയിൽ മൺറോഡ് ഉണ്ട്. ഇനി പിണ്ടിമേട് മുതൽ കുറത്തിക്കുടി വരെയുള്ള 12 കി.മീ റോഡ് ഗതാഗതയോഗ്യമാക്കിയാൽ കുറത്തിക്കുടിയിൽ എത്താം. പൂയംകുട്ടി -കുറത്തിക്കുടി 17 കിലോമീറ്റർ റോഡും ആനക്കുളത്തു നിന്നുള്ള 8 കി.മീ റോഡും ഗതാഗതയോഗ്യമാക്കിയാൽ കോതമംഗലം- ഇടമലക്കുടി റോഡ് യാഥാർത്ഥ്യമാകും.

ഇടമലക്കുടി റോഡ് പദ്ധതി അട്ടിമറിക്കുന്നതിന് വേണ്ടി കുറേ ഉദ്യോഗസ്ഥർ മനപൂർവം ഫയൽ തടഞ്ഞുവച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും പരാതി നൽകും

ഷാജി പയ്യാനിക്കൽ,

പ്രസിഡന്റ്

ഓൾഡ് ആലുവ - മൂന്നാർ

റോഡ് ആക്ഷൻ കൗൺസിൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL