
കൊച്ചി: പെറ്റമ്മയും സുഹൃത്തും തട്ടുകടയിൽ ഉപേക്ഷിച്ച കുഞ്ഞിന് ഇനി സർക്കാർ സുരക്ഷയും സംരക്ഷണവും ഒരുക്കും. ചൈൽഡ് വെൽഫെയർ കമ്മിറ്റിയും (സി.ഡ്ബളിയു.സി) ജില്ലാ ശിശുസംരക്ഷണ യൂണിറ്റും (ഡി.സി.പി.യു) ചേർന്ന് ജനറൽ ആശുപത്രിയിൽ നിന്ന് ഏറ്റുവാങ്ങിയ കുഞ്ഞിനെ സ്പെഷ്യൽ അഡോപ്ഷൻ ഏജൻസിയിലേക്ക് മാറ്റി. കഴിഞ്ഞ ജൂൺ 28ന് വെളുപ്പിന് മരടിലെ മാളിന് സമീപത്തെ തട്ടുകടയോട് ചേർന്ന് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് നവജാത ശിശുവിനെ കണ്ടെത്തിയത്.
മരട് പൊലീസാണ് കുഞ്ഞിനെ സുരക്ഷിതമായി എറണാകുളം ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചത്. നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ദ്ധ ചികിത്സയിലായിരുന്ന കുഞ്ഞ് നിലവിൽ പൂർണ ആരോഗ്യവാനാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്നാണ് സർക്കാർ ഏറ്റെടുത്തത്.
ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ഉല്ലാസ് മധു, അംഗങ്ങളായ ഡോ. ബിനു സനാതനൻ, അഡ്വ. ശ്രീലക്ഷ്മി, ജിൻസിമോൾ കുര്യൻ, സന്ധ്യ വി.കെ., ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലെ പ്രൊട്ടക്ഷൻ ഓഫീസർമാരായ ഷനോ ജോസ്, സ്റ്റേസി മാഞ്ഞൂരാൻ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. കെ.എൻ. സതീഷ്, ശിശുവിഭാഗം മേധാവി ഡോ. വിനീത, റെസിഡന്റ് മെഡിക്കൽ ഓഫീസർ അമീറ, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. സെൻസി തുടങ്ങിയവർ പങ്കെടുത്തു.
വിശദമായി അന്വേഷിക്കും
നവജാത ശിശുവിനെ വഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന സാഹചര്യങ്ങളെക്കുറിച്ച് സി.ഡബ്ല്യു.സി സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മരട് പൊലീസ് എസ്.എച്ച്.ഒയോട് അടിയന്തരവും വിശദവുമായ അന്വേഷണം നടത്താൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരം സാഹചര്യത്തിലേക്ക് പെറ്റമ്മ എത്തിയതിനെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |