
നിർണായക യോഗം 20ന്
കൂത്താട്ടുകുളം: ആയിരത്തിലേറെ വർഷം പഴക്കമുള്ള കൂത്താട്ടുകുളം മഹാദേവക്ഷേത്രം അധികൃതരുടെ അനാസ്ഥയെ തുടർന്ന് നാശത്തിന്റെ വക്കിൽ. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലാണ് ക്ഷേത്രം. പുനരുദ്ധാരണത്തിനായി കോടികൾ വകയിരുത്തിയിട്ടും ഒരു കല്ലുപോലും എടുത്തു വയ്ക്കാൻ ഇതുവരെ ദേവസ്വം ബോർഡിന് സാധിച്ചില്ല.
സംസ്ഥാന ടൂറിസം വകുപ്പ് ക്ഷേത്രം പുനരുദ്ധാരണത്തിന് 2019ൽ അഞ്ചു കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ, പുനരുദ്ധാരണം നടപ്പാക്കൽ വൈകിയപ്പോൾ എസ്റ്റിമേറ്റ് തുക വർദ്ധിപ്പിച്ചു. എന്നിട്ടും കരാറെടുത്ത കമ്പനി പിൻവാങ്ങി. ഈ പ്രശ്നം പരിഹരിക്കാൻ ജൂലായ് 20ന് തിരുവനന്തപുരത്ത് നടക്കുന്ന നിർണായക യോഗത്തിലാണ് ഇനി പ്രതീക്ഷ. അഞ്ചുകോടി എസ്റ്റിമേറ്റിന് മുകളിൽ വരുന്ന തുക ദേവസ്വത്തിന്റെ സഹകരണത്തോടെ സമാഹരിച്ച് ക്ഷേത്ര പുനർനിർമ്മാണം നടത്താനാണ് നീക്കം.
തിരുവിതാംകൂർ ദേവസ്വം ബോർഡ്, ടൂറിസം വകുപ്പ്, ഉപദേശക സമിതി, നിർമ്മാണകരാറുകാരായ ഹിന്ദുസ്ഥാൻ ഹെൽത്ത്കെയർ ലിമിറ്റഡ് പ്രതിനിധികൾ പങ്കെടുക്കും. പുനരുദ്ധാരണം പൂർണമായും തേക്കിൻ തടിയിലായതിനാൽ ആദ്യ എസ്റ്റിമേറ്റിനേക്കാൾ ഒന്നര കോടിയോളം അധികം ആകും. ഇതിനാലാണ് പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ഹെൽത്ത് കെയർ ദൗത്യം ഏറ്റെടുക്കാൻ മടിച്ചത്.
പ്രാർത്ഥിക്കാൻ ജീവൻ പണയം വയ്ക്കണം
രണ്ട് പതിറ്റാണ്ടിലേറെയായി ക്ഷേത്രം നവീകരിക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ട്. രണ്ട് വർഷം മുമ്പാണ് ദേവസ്വം ബോർഡ് 5 കോടി രൂപ അനുവദിച്ചത്. നിർമ്മാണം പ്രഖ്യാപിച്ച് ഉദ്ഘാടനം നടത്തുകയും ചെയ്തു. ദേവസ്വം പ്രസിഡന്റ് കെ. ജയകുമാറും ക്ഷേത്രം സന്ദർശിച്ചിരുന്നു.
കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെ തിടപ്പള്ളി ഇടിഞ്ഞു താഴ്ന്നു. ഇതോടെ നേദ്യമുൾപ്പെടെയുള്ള കാര്യങ്ങൾ ബുദ്ധിമുട്ടിയാണ് ജീവനക്കാർ ചെയ്തു തീർക്കുന്നത്. ക്ഷേത്രത്തിന്റെ ഓടുകൾ ഇളകിയും കഴുക്കോലുകൾ ചിതലരിച്ചും ഏത് നിമിഷവും നിലംപൊത്താം.
മതിലുകളിലും മറ്റും ചിതൽപ്പുറ്റുകൾ നിറഞ്ഞു.
രാമായണ കഥയിലെ പ്രസക്ത ഭാഗങ്ങൾ ആലേഖനം ചെയ്തിരുന്ന കൊത്തുപണികളെല്ലാം പൂർണ്ണമായും നശിച്ചു.
പത്ത് വർഷം മുൻപ് ശ്രീകോവിലിലെ പ്രധാനപ്പെട്ട താഴികക്കുടം കളവ് പോയി.
അപൂർവ്വ സ്വയംഭൂ പ്രതിഷ്ഠ
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തൃക്കാരിയൂർ ഗ്രൂപ്പിലെ പിൻമറ്റം സബ് ഗ്രൂപ്പിന് കീഴിലാണ് ക്ഷേത്രം. ഒരു പീഠത്തിൽ ശിവനും പാർവ്വതിയും സുബ്രഹ്മണ്യനും ഗണപതിയും കുടുംബസമേതം ദർശനം നൽകുന്ന അപൂർവ്വ സ്വയംഭൂ പ്രതിഷ്ഠയാണ് സവിശേഷത. കൂത്താട്ടുകുളം നഗരത്തിൽതന്നെ മൂന്നര ഏക്കറിൽ നിലകൊള്ളുന്ന പ്രശസ്തമായ ക്ഷേത്രത്തിൽ ഭക്തരും ജീവനക്കാരും ജീവൻ പണയം വച്ച് പ്രവേശിക്കേണ്ട സ്ഥിതിയാണ്.
20ന് ചേരുന്ന യോഗത്തിൽ ക്ഷേത്രപുനരുദ്ധാരണകാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. കൂത്താട്ടുകുളത്തെ ജനങ്ങളുടെ ആഗ്രഹം സഫലമാകുമെന്നും കരുതുന്നു.
ഡി.രാജേഷ്
സെക്രട്ടറി,
ക്ഷേത്ര ഉപദേശക സമിതി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |