
കുടിവെള്ളജന്യ രോഗഭീതിയിൽ സർക്കാർ ഓഫീസുകൾ
കൊച്ചി: കുടിവെള്ളമുണ്ട്. പക്ഷെ ഉപയോഗിച്ചാൽ ആശുപത്രി കിടക്കയിലാകും! എറണാകുളം ജെട്ടിയിലെ റവന്യൂ ടവറിലെ വിവിധ ഓഫീസുകളിലെ സർക്കാർ ജീവനക്കാർ വീണ്ടും ആശങ്കയിൽ. 2024ൽ കുടിവെള്ളത്തിൽ സെപ്ടിക് ടാങ്ക് മാലിന്യം കലർന്ന അമ്പതിലധികം പേർക്ക് അതിസാരവും സന്ധിവേദനയും പിടിപെട്ടതാണ്. അതേ പ്രശ്നംതന്നെ ആവർത്തിച്ചതായാണ് സംശയം. പണംപിരിച്ച് കുടിവെള്ള ക്യാനുകൾ വരുത്തിയാണ് ഇപ്പോൾ ദാഹം ശമിപ്പിക്കുന്നത്.
സിറ്റി പൊലീസിന്റെ ആസ്ഥാനം, പൊലീസ് കമ്മിഷണറുടെ ഓഫീസ്, കേരള ലോട്ടറി മദ്ധ്യമേഖലാ ഓഫീസ്, പോക്സോ കോടതി തുടങ്ങി നിരവധി സർക്കാർ ഓഫീസുകളിൽ നൂറുകണക്കിനുപേർ ജോലിചെയ്യുന്ന കേരള ഹൗസിംഗ് ബോർഡിന്റെ കെട്ടിടസമുച്ചയമാണ് വീണ്ടും കുടിവെള്ളജന്യ രോഗഭീതിയിലായത്.
മാലിന്യം കലർന്നിട്ടില്ലെന്ന് ബന്ധപ്പെട്ടവർ
2024ൽ രോഗബാധയുണ്ടായപ്പോൾ ഭക്ഷണത്തെയാണ് സംശയിച്ചത്. കുളിക്കാനും മറ്രും വെള്ളം ഉപയോഗിച്ചവർക്ക് സന്ധിവേദനകൂടി പിടിപെട്ടതോടെ ആരോഗ്യവകുപ്പിനെ അറിയിച്ചു. ഈ പരിശോധനയിൽ ശുദ്ധജലസംഭരണിയും സെപ്ടിക് ടാങ്കും അടുത്തടുത്താണെന്നും പൊട്ടിയ സെപ്ടിക് ടാങ്കിൽ നിന്നുള്ള മാലിന്യം വെള്ളത്തിൽ കലർന്നെന്നും കണ്ടെത്തി. സമാനമായി മാലിന്യം കലർന്നതാകുമെന്നാണ് ജീവനക്കാർ സംശയിക്കുന്നത്. ഇക്കാര്യം ഹൗസിംഗ് ബോർഡിനെ അറിയിച്ചെങ്കിലും മാലിന്യം കലർന്നിട്ടില്ലെന്നും റവന്യൂ ടവറിൽ സെപ്ടിക് ടാങ്ക് ഇല്ലെന്നും എളംകുളത്തെ സ്വീവേജ് പൈപ്പ് ലൈനുമായി കണക്ട് ചെയ്തിരിക്കുകയാണെന്നുമാണ് ബന്ധപ്പെട്ടവരുടെ മറുപടി.
പരാതിപ്പെട്ട് മടുത്തെന്ന് ജീവനക്കാർ
എല്ലാവരും കൈയിൽ നിന്ന് നിശ്ചിത തുകയിട്ടാണ് കുടിവെള്ള ക്യാൻ വരുത്തിക്കുന്നത്. ഭക്ഷണപാത്രങ്ങൾ വീട്ടിൽ കൊണ്ടുപോയാണ് കഴുകുന്നത്. കുടിവെള്ള ടാങ്കിന് സമീപം ആരോ തള്ളിയ ഭക്ഷ്യമാലിന്യത്തിൽ നിന്നാകാം മാലിന്യംകലർന്നതെന്ന മറുപടിയാണ് ഉന്നത സർക്കാർ ഉദ്യോഗസ്ഥർക്ക് ലഭിച്ചത്.
പരാതിപ്പെട്ട് മടുത്തെന്നും കുടിവെള്ളപ്രശ്നം അടിയന്തരമായി പരിഹരിക്കാൻ ഉന്നത ഉദ്യോഗസ്ഥർ ഇടപെടണമെന്നും ജീവനക്കാർ പറയുന്നു. 2024ൽ സെപ്ടിക് ടാങ്കിന് സമീപത്ത് നിന്ന് അടിയന്തരമായി ശുദ്ധജല സംഭരണി മാറ്റി സ്ഥാപിക്കണമെന്ന് നിർദ്ദേശിച്ച് ഹൗസിംഗ് ബോർഡിന് ആരോഗ്യവകുപ്പ് നോട്ടീസ് നൽകിയിരുന്നു. ശുദ്ധജല സംഭരണി മാറ്റി സ്ഥാപിക്കും വരെ റവന്യൂ ടവറിലെ സ്ഥാപനങ്ങൾ കുടിവെള്ളത്തിന് മറ്റ് മാർഗങ്ങൾ തേടണമെന്നുമായിരുന്നു അന്ന് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |