SignIn
Kerala Kaumudi Online
Friday, 16 October 2026 1.36 AM IST

50 ലക്ഷത്തിന്റെ കഞ്ചാവുമായി അന്യസംസ്ഥാനക്കാരൻ പിടിയിൽ

molla-
അബ്ദുൾ ഹായി മൊല്ല

കൊച്ചി: കേരളത്തിലേക്ക് ട്രെയിനുകളിൽ വൻതോതിൽ കഞ്ചാവ് കടത്തുന്ന പശ്ചിമബംഗാൾ സ്വദേശിയെ പൂട്ടി കൊച്ചി പൊലീസ്. പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി അബ്ദുൾ ഹായി മൊല്ലയാണ് (22) 30 കിലോ കഞ്ചാവുമായി കലൂരിൽ പിടിയിലായത്. ഇതിന് ചില്ലറ വില്പനയിൽ 50 ലക്ഷം രൂപ വിലമതിക്കുമെന്ന് സിറ്റി ഡാൻസാഫ് പറഞ്ഞു. അബ്ദുളിന്റെ അറസ്റ്റിലൂടെ കൊച്ചിയിലെ കഞ്ചാവ് വിതരണക്കാരെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ ലഭ്യമായിട്ടുണ്ട്.

ബുധനാഴ്ച രാത്രി കലൂർ പൊറ്റക്കുഴി കെ.ബി.എം അവന്യൂ റോഡിൽ മിൽമ ഗോഡൗൺ പരിസരത്ത് കഞ്ചാവ് കൈമാറാൻ കാത്ത് നിൽക്കുമ്പോഴാണ് അബ്ദുൾ ഹായി മൊല്ലയെ കസ്റ്റഡിയിലെടുത്തത്. കൈവശമുണ്ടായിരുന്ന ട്രോളി ബാഗിനകത്ത് 15.188 കിലോ, 15.125 കിലോ എന്നിങ്ങനെ രണ്ട് പ്ലാസ്റ്റിക് കവറുകളിലായിട്ടാണ് ഒളിപ്പിച്ചിരുന്നത്.

പിടിച്ചത് ഒഡീഷ കഞ്ചാവ്,

വന്നത് വിജയവാഡ വഴി

ഒഡീഷയിൽ കൃഷി ചെയ്ത മേൽത്തരം കഞ്ചാവാണ് മൊത്തവിതരണക്കാർക്ക് കൈമാറാൻ കൊച്ചിയിലെത്തിച്ചത്. ഒഡീഷയിൽ നിന്ന് കഞ്ചാവ് വാങ്ങി ട്രെയിനിൽ വിജയവാഡയിൽ ഇറങ്ങി മറ്റൊരു ട്രെയിനിൽ എറണാകുളത്തേക്ക് പുറപ്പെട്ടു. എറണാകുളം ജംഗ്ഷൻ സ്റ്റേഷനിൽ ട്രെയിനിറങ്ങി പൊറ്റക്കുഴിൽ എത്തുകയായിരുന്നു.

കുറഞ്ഞ വിലയ്ക്ക് ഒഡീഷയിൽ നിന്ന് വാങ്ങുന്ന കഞ്ചാവ് കേരളത്തിലെ മൊത്തവിതരണക്കാർക്ക് ഉയർന്ന വിലയ്ക്കാണ് കൈമാറുന്നത്. ലക്ഷക്കണക്കിന് രൂപയാണ് ഈ വകയിൽ പ്രതിയുടെ വരുമാനം. ഒഡീഷയിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന പ്രധാനികളിൽ ഒരാളാണ് അബ്ദുൾ ഹായി മൊല്ലയെന്ന് പൊലീസ് പറയുന്നു. ഇയാളും കൊച്ചിയിലെ ഇടപാടുകാരും നാളുകളായി പൊലീസ് നിരീക്ഷണത്തിലായിരുന്നു. കൊച്ചി സിറ്റി ആന്റി നാർക്കോട്ടിക്സ് സെൽ എ.സി.പി അനന്തലാലിന്റെ നേതൃത്വത്തിലാണ് അന്വേഷണം.


ആലുവയിൽ 6 കിലോ

കഞ്ചാവ് പിടികൂടി

പശ്ചിമബംഗാളിൽ നിന്നുള്ള ഷാലിമാർ എക്സ്‌പ്രസ് ട്രെയിൻ ആലുവ റെയിൽവേ സ്റ്റേഷൻ വിട്ടയുടൻ പ്ലാറ്റ്ഫോമിൽ നടത്തിയ പരിശോധനയിൽ 6 കിലോ കഞ്ചാവ് കണ്ടെത്തി. ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് ഇൻസ്‌പെക്ടർ എ.ജെ. ജിപിൻ, എസ്.ഐ പ്രെയ്സ് മാത്യു, എ.എസ്. ഐമാരായ സിജോ സേവ്യർ, വിജയകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ആർ.പി.എഫ് സംഘത്തെ കണ്ട് ഉപേക്ഷിച്ച കഞ്ചാവാണെന്ന് കരുതുന്നു. പിടിച്ചെടുത്ത കഞ്ചാവിന് 3 ലക്ഷം രൂപ വിലമതിക്കും. ആർ.പി.എഫ് ഉദ്യോഗസ്ഥരായ ജി. വിപിൻ, എസ്.വി. ജോസ്, നിഖിൽ, മനോജ് എന്നിവരും അന്വേഷണ സംഘത്തിൽപ്പെടും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL