ആലുവ: ദേശീയപാതയിൽ പഴയ മാർത്താണ്ഡവർമ്മ പാലം അറ്റകുറ്റപ്പണിക്കായി അടച്ചതോടെ ആലുവയിൽ വൻ ഗതാഗതക്കുരുക്ക്. എറണാകുളം ഭാഗത്തേക്കും അങ്കമാലി ഭാഗത്തേക്കും കിലോമീറ്ററുകൾ നീണ്ട കുരുക്കാണ് രൂപപ്പെട്ടത്.
ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് പഴയ പാലം അറ്റകുറ്റപ്പണിക്കായി അടച്ചത്. ഒക്ടോബർ 25 മുതൽ പാലം അടക്കുമെന്നാണ് നേരത്തെ അറിയിച്ചതെങ്കിലും 28ലേക്ക് നീട്ടുകയായിരുന്നു. നേരത്തെ പ്രഖ്യാപിച്ച സമയത്ത് പാലം അടയ്ക്കാതിരുന്നതിനാൽ അറ്റകുറ്റപ്പണികൾ വീണ്ടും നീളുമെന്ന ധാരണയിൽ ആളുകൾ പതിവുപോലെ വാഹനങ്ങളുമായി എത്തുകയായിരുന്നു. പുലർച്ചെ മുതൽ അറ്റകുറ്റപ്പണി ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒമ്പതിന് ശേഷമാണ് അടച്ചത്. ഇതും ഗതാഗതക്കുരുക്കിന് മറ്റൊരു കാരണമായി.
പാലത്തിന്റെ അറ്റകുറ്റപ്പണി എത്രയും പെട്ടെന്ന് നടത്തണമെന്ന് ഐ.ഐ.ടി മദ്രാസിന്റെ റിപ്പോർട്ടിനെ തുടർന്നാണ് തിരക്കിട്ട് ജോലികൾ ആരംഭിച്ചത്. മാർത്താണ്ഡവർമ്മ പഴയ പാലത്തിന്റെ സമാന്തര പാലത്തിലൂടെയാണ് നിലവിൽ ഇരുവശത്തേക്കുമുള്ള ഗതാഗതം.
സിറ്റി പൊലീസിന് വീഴ്ച
സിറ്റി പൊലീസ് വേണ്ടപോലെ ഇടപെടൽ നടത്താത്തത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കിയെന്ന ആക്ഷേപമുണ്ട്. എറണാകുളം ഭാഗത്തു നിന്നുള്ള വലിയ വാഹനങ്ങൾ കളമശേരിയിൽ തിരിച്ചുവിടണമെന്ന് റൂറൽ പൊലീസ് അറിയിച്ചിരുന്നുവെങ്കിലും ഇതിനാവശ്യമായ സിറ്റി പൊലീസുകാർ ഉണ്ടായിരുന്നില്ല. ഇതോടെ എറണാകുളം ഭാഗത്ത് നിന്ന് ആലുവ കടക്കാൻ വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടു.
എന്നാൽ റൂറൽ പൊലീസിന്റെ പരിധിയിലുള്ള അങ്കമാലിയിൽ നിന്ന് വലിയ വാഹനങ്ങൾ വഴിതിരിച്ചു വിട്ടതിനാൽ ആലുവ തോട്ടക്കാട്ടുകര ഭാഗത്ത് വലിയ വാഹനങ്ങളുടെ തിരക്ക് ഒഴിവാക്കാനായി.
പൊലീസിന്റെ അഭ്യർത്ഥന മാനിച്ച് കുറെയെറെ പേർ പൊതുഗതാഗതത്തെയാണ് ആശ്രയിച്ചത്. കാക്കനാട് ഐ.ടി മേഖലയിലുള്ള ജീവനക്കാർക്ക് എല്ലാം വർക്ക് ഫ്രം ഹോം സംവിധാനം ഏർപ്പെടുത്തിയതും ആശ്വാസമായി.
ദേശം പാലത്തിൽ
അറ്റകുറ്റപ്പണ ആരംഭിച്ചില്ല
നേരത്തെ പ്രഖ്യാപിച്ചത് പോലെ ഇന്നലെ ദേശം പാലത്തിൽ അറ്റകുറ്റപ്പണി നടന്നില്ല. ഇവിടെ ഗതാഗതം സാധാരണ പോലെയായിരുന്നു. ഒരേസമയം രണ്ട് പാലത്തിലെയും ജോലികൾ നടക്കുന്നത് ഗതാഗതക്കുരുക്ക് ഇരട്ടിയാക്കുമെന്ന വിദഗ്ദ്ധാഭിപ്രായത്തെ തുടർന്നാണിതെന്നാണ് സൂചന.
എന്നാൽ ദേശം പാലത്തിലും മാർത്താണ്ഡവർമ്മ പാലത്തിലും ഗതാഗതക്കുരുക്കുണ്ടാകുമെന്ന ധാരണയിൽ എറണാകുളം ഭാഗത്ത് നിന്ന് നെടുമ്പാശേരി വിമാനത്താവളം, അങ്കമാലി ഭാഗങ്ങളിലേക്ക് പോകേണ്ട ചെറുവാഹനങ്ങൾ ആലുവ പുളിഞ്ചോട് നിന്ന് കാരോത്തുകുഴിയിലൂടെയാണ് കടന്നുപോയത്. ഇതുമൂലം ആലുവ പമ്പ് കവല മുതൽ മഹിളാലയം വരെ കടുത്ത ഗതാഗതക്കുരുക്കായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |