
കൊച്ചി: കൊച്ചി മെട്രോയുടെ നടത്തിപ്പിലും നിയമനങ്ങളിലും കരാറുകളിലും അടിമുടി വൻ ക്രമക്കേടെന്ന് ചൂണ്ടിക്കാട്ടി കെ.എം.ആർ.എൽ ആഭ്യന്തര വിജിലൻസ് റിപ്പോർട്ട്. രണ്ടാംഘട്ട നിർമ്മാണ ടെൻഡർ പോലും അട്ടിമറിച്ചെന്നും കണ്ടെത്തി. ടെൻഡറിൽ പങ്കെടുത്ത പൊതുമേഖലാ സ്ഥാപനത്തെ യോഗ്യതകളില്ലെന്നുപറഞ്ഞ് ഒഴിവാക്കിയതിലൂടെ ഉണ്ടായത് വൻനഷ്ടം. റെയിൽ മേഖലയിൽ വൻകിട നിർമ്മാണങ്ങൾ നടത്തുന്ന കമ്പനിയെ ആവശ്യമായ പരിശോധനകൾ നടത്താതെയാണ് ഒഴിവാക്കിയതെന്നും റിപ്പോർട്ടിലുണ്ട്.
ഉന്നത പദവികളിലേക്കുപോലും നിയമന യോഗ്യതകൾ അട്ടിമറിക്കപ്പെട്ടുവെന്നതുൾപ്പടെയുള്ള ഗുരുതര ക്രമക്കേടുകളും ചട്ടലംഘനങ്ങളുമാണ് റിപ്പോർട്ടിലുള്ളത്. മെട്രോ രണ്ടാംഘട്ട നിർമ്മാണ മേൽനോട്ടം വഹിക്കുന്ന ഡയറക്ടർക്ക് ആവശ്യമായ യോഗ്യതയോ പ്രവൃത്തി പരിചയമോ ഇല്ല. റെയിൽവേ നിർമ്മാണ രംഗത്തെ 25 വർഷത്തെ പ്രവൃത്തി പരിചയവും റെയിൽവേയുടെയോ മെട്രോയുടെയോ നിർമ്മാണ രംഗത്ത് വൻ പദ്ധതികളുടെ ഭാഗമാകുകയോ ചെയ്തിരിക്കണം എന്ന നിബന്ധനയാണ് ലംഘിക്കപ്പെട്ടത്.
ഉന്നത നിയമനങ്ങളിൽ ചട്ടലംഘനം
എച്ച്.ആർ തലത്തിലുള്ള ഉന്നതനിയമനങ്ങളും അട്ടിമറിച്ചു. ജനറൽ മാനേജർ തലത്തിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് മുഴുവൻസമയ എം.ബി.എ ഇൻ എച്ച്.ആറോ പി.ജി ഡിപ്ലോമയോ വേണമെന്ന നിബന്ധനയും ലംഘിക്കപ്പെട്ടു. ബന്ധപ്പെട്ട ഒരു യോഗ്യതപോലും ഇല്ലാത്തയാളാണ് ഇപ്പോഴത്തെ ജീവനക്കാരി. മെട്രോയിലെ അനധികൃത നിയമനങ്ങൾക്ക് പിന്നിൽ ഈ ഉദ്യോഗസ്ഥയാണെന്ന് നേരത്തെ മുതൽ ആരോപണം ഉയർന്നിരുന്നു.
ഇന്റർവ്യൂ ബോർഡ് തോന്നിയപോലെ
കെ.എം.ആർ.എല്ലിലെ നിയമനങ്ങൾക്ക് ഇന്റർവ്യൂ ബോർഡ് നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങളും പാലിച്ചില്ല. യോഗ്യതയില്ലാത്തവരെയും എച്ച്.ആർ തലത്തിലുള്ളവരുടെ ഇഷ്ടക്കാരെയും ബോർഡിൽ തിരുകി കയറ്റി ഉന്നതരുടെ ഇഷ്ടക്കാർക്ക് ജോലി ഉറപ്പിച്ചു. പല അഭിമുഖങ്ങളിലും അതുമായി ബന്ധമൊന്നുമില്ലാത്തവരായിരുന്നു ബോർഡിൽ.
ഒരേ പദവിക്ക് പലപ്പോഴും പല യോഗ്യതയാണെന്നും റിപ്പോർട്ടിലുണ്ട്. പദവിക്ക് നിഷ്‌കർഷിച്ചിട്ടുള്ള യോഗ്യത ഇഷ്ടക്കാരെയും ബന്ധുക്കളെയും നിയമിക്കാനായി മാറ്റിയെഴുതി. അനിയന്ത്രിതമായ ബന്ധുത്വ നിയമനങ്ങൾ നടന്നുവെന്നും തുടരുന്നുവെന്നും പറയുന്നു.
മറ്റ് കണ്ടെത്തലുകൾ
സംവരണ തത്വങ്ങൾ പാലിക്കപ്പെടുന്നില്ല
പ്രമോഷനുകൾ യോഗ്യതകൾ മറികടന്ന്
നിയമനങ്ങൾക്കുള്ള നോട്ടിഫിക്കേഷനുകൾ കൃത്യമായി പ്രസിദ്ധപ്പെടുത്തുന്നില്ല
വിജിലൻസ് അന്വേഷണങ്ങൾ അട്ടിമറിക്കുന്നു
പൊതു നിയമനങ്ങളിൽ സുപ്രീംകോടതി വിധി പോലും തമസ്‌കരിച്ചു
കെ.എം.ആർ.എല്ലിന്റെ ലേലങ്ങൾ അട്ടിമറിച്ചു. ക്ഷണിക്കലും അനുവദിക്കലും ഒരൊറ്റ ദിവസം. പലപ്പോഴും ലേലത്തിന് ഒരാൾ മാത്രം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |