
കൊച്ചി: ഇടതു നിയന്ത്രണത്തിലുള്ള കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലെ തൃശൂർ കേരളവർമ്മ, ശ്രീവിവേകാനന്ദ കോളേജുകളിലെ 22 നോൺ ടീച്ചിംഗ് സ്റ്റാഫ് ഒഴിവുകളിലേക്ക് നിയമനാനുമതി നൽകിയ യു.ഡി.എഫ് സർക്കാർ തന്നെ അതിന്റെ വഴി മുടക്കി.
അഞ്ചു മാസത്തിനകം ബോർഡിന്റെ കാലാവധി തീരാനിരിക്കെയാണ് യു.ഡി.എഫ് സർക്കാർ നിയമനത്തിന് അനുമതി നൽകിയത്. വിജ്ഞാപനവും വന്നു. ഇതിന്റെ 'ഗുണം" ഇടതുപക്ഷത്തിന് കിട്ടുമെന്നറിഞ്ഞതോടെ, കോൺഗ്രസ് നേതാക്കൾ സമ്മർദ്ദ തന്ത്രമിറക്കി. സെലക്ഷൻ കമ്മിറ്റിയിലേക്കുള്ള സർക്കാർ പ്രതിനിധിയുടെ നോമിനേഷൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് ചൊവ്വാഴ്ച റദ്ദാക്കി. ഇതോടെ ഇടതു ഭരണത്തിലുള്ള ബോർഡിന് നിയമനം നടത്താനാവില്ലെന്ന് ഉറപ്പായി.
നിയമ വകുപ്പിലെ അഡിഷണൽ സെക്രട്ടറി കെ.പി. ബീനയെയാണ് സർക്കാർ പ്രതിനിധിയാക്കിയിരുന്നത്. മാർച്ചിൽ മൂന്നംഗ ദേവസ്വം ബോർഡിലെ പ്രസിഡന്റായ സി.പി.എം അംഗം കെ. രവീന്ദ്രനും സി.പി.ഐ അംഗം കെ.പി. അജയനും ഒഴിയും. പുതിയ അംഗങ്ങളെ യു.ഡി.എഫ് സർക്കാർ നിയമിച്ചശേഷമായിരിക്കും ഇനി നിയമന നടപടി തുടരുന്നത്.
ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് ദേവസ്വം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയമനാധികാരം ഇല്ലാത്തതിനാൽ എഴുത്തു പരീക്ഷ നടത്തണമെന്നില്ല. ഇഷ്ടക്കാർക്ക് തോന്നിയ മാർക്ക് നൽകി നിയമനം നൽകുന്നതാണ് പതിവ്. സംവരണവും ബാധകല്ല. ഭിന്നശേഷിക്കാർക്ക് മാത്രമാണ് സംവരണം.
പ്യൂൺ മുതൽ
ക്ളാർക്ക് വരെ
പ്യൂൺ, ലൈബ്രേറിയൻ, മെക്കാനിക്, കമ്പ്യൂട്ടർ അസിസ്റ്റന്റ്, സ്റ്റോർ കീപ്പർ, എൽ.ഡി ക്ളാർക്ക് തസ്തികകളിലെ
ഒഴിവുകളിലേക്കാണ് വിജ്ഞാപനം. ഓരോന്നിനും ആയിരം രൂപ വീതമാണ് ഫീസ്. കഴിഞ്ഞ തവണ നൂറു രൂപയായിരുന്നു. യോഗ്യത അടക്കമുള്ള വിശദ വിവരങ്ങൾ ദേവസ്വം വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തി. നവംബർ 27നകം അപേക്ഷിക്കണം. എയ്ഡഡ് കോളേജുകളിലെ യു.ജി.സി സ്കെയിൽ നിയമനത്തിന് ഏറെ അപേക്ഷകരുണ്ടായേക്കും.
മിനിമം 30 ലക്ഷം
ഒരു നിയമനത്തിന് കുറഞ്ഞത് 30 ലക്ഷം രൂപയാണ് കോഴ. അദ്ധ്യാപക നിയമനത്തിന് ഒരു കോടിയും. കേരളവർമ്മ കോളേജിൽ ലക്ചറർ നിയമനക്കോഴയുമായി ബന്ധപ്പെട്ടാണ് 2022ൽ ഒരു ബോർഡംഗം ദേവസ്വം ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ചതെന്ന് ആരോപണമുയർന്നിരുന്നു. 2013ൽ ഇതേ തസ്തികകളിലേക്ക് വാങ്ങിയ അപേക്ഷകളിൽ നടപടിയുണ്ടായില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |