കൊച്ചി: മയക്കുമരുന്ന് ലഹരിയിൽ കാർ യാത്രക്കാരനെ ആക്രമിച്ച് വാഹനവുമായി കടക്കാൻ ശ്രമിച്ച യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കാർ സമീപത്തെ മതിലിൽ ഇടിച്ച് നിന്നതോടെയാണ് യുവാക്കൾ പിടിയിലായത്. പൊലീസ് ജീപ്പിൽ നിന്ന് ഇറങ്ങിയോടി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ നടത്തിയ ശ്രമവും പാളി.
കൊച്ചിയിൽ ഓൺലൈൻ ടാക്സി ഡ്രെെവർമാരായ കണ്ണൂർ മുണ്ടന്നൂർ സ്വദേശികൾ അഖിൽ (26), റോഷൻ (22) എന്നിവരാണ് എറണാകുളം സെൻട്രൽ പൊലീസിന്റെ പിടിയിലായത്. എറണാകുളം സൗത്ത് മെട്രോ സ്റ്റേഷന് സമീപം ഇടറോഡിൽ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ഒരു സ്വകാര്യ കമ്പനിയിലെ മാർക്കറ്റിംഗ് മാനേജരായ ചെങ്ങന്നൂർ മുളക്കുഴ സ്വദേശി അഖിൽ രാജിന്റെ (36) ടാറ്റാ അൾട്രോസ് കാറാണ് തട്ടിയെടുക്കാൻ ശ്രമിച്ചത്.
ഇതുവഴി കാറിൽ വന്ന അഖിൽരാജ് യുവാക്കൾ കൈകാണിക്കുന്നത് കണ്ടാണ് വാഹനം നിറുത്തിയത്. യുവാക്കൾ കാറിൽ അടിക്കാനും ബഹളമുണ്ടാക്കാനും തുടങ്ങിയതോടെ ജനാലച്ചില്ല് താഴ്‌ത്താൻ ശ്രമിച്ച അഖിൽരാജിന് മുഖത്തടിയേറ്റു. തുടർന്നാണ് കഴുത്തിന് പിടിച്ച് പുറത്തിറക്കി നിലത്ത് തള്ളിയിട്ടത്. ഇതിനിടെ പ്രതികൾ കാറിന്റെ താക്കോൽ തട്ടിയെടുത്ത് വാഹനത്തിൽ ചാടിക്കയറി സ്റ്റാർട്ട് ചെയ്തു. മുന്നോട്ട് നീങ്ങിത്തുടങ്ങിയ കാറിന്റെ പിൻസീറ്റിലേക്ക് അഖിൽരാജ് ചാടിക്കയറി. പ്രതികൾ രക്ഷപ്പെടാൻ വേഗം കൂട്ടിയതോടെ നിയന്ത്രണംവിട്ട കാർ സമീപത്തെ മതിലിൽ ഇടിച്ചു. കാറിന്റെ മുൻഭാഗത്തിന് കേടുപാടുണ്ട്.
എസ്.ഐ വി.വിധുനിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം ഇരുവരെയും പൊലീസ് ജീപ്പിൽ കയറ്റി സെൻട്രൽ സ്റ്റേഷനിലേക്ക് കൊണ്ട് പോകുംവഴി മാധവ ഫാർമസി ജംഗ്ഷനിൽ വച്ചാണ് പിൻസീറ്റിൽ നിന്ന് പ്രതി അഖിൽ ഇറങ്ങിയോടിയത്. ഷർട്ടില്ലാതെ പാഞ്ഞ അഖിലിനെ നാട്ടുകാർ തടഞ്ഞുനിറുത്തി. പിടിവലിക്കിടെ നാട്ടുകാരിൽ നിന്ന് പൊതിരെ തല്ലും കിട്ടി. എസ്.ഐ സുബോധിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് എത്തിയാണ് സ്റ്റേഷനിലേക്ക് കൊണ്ട് പോയത്.
രാത്രി വൈദ്യപരിശോധനയ്ക്ക് എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴും പ്രതികൾ അക്രമാസക്തരായി. ഡോക്ടർമാരെ തെറിവിളിക്കുകയും വൈദ്യപരിശോധനയോട് നിസ്സഹകരിക്കുകയും ചെയ്തു. കവർച്ചാ ശ്രമത്തിന് ഉൾപ്പെടെയാണ് കേസെടുത്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |