SignIn
Kerala Kaumudi Online
Monday, 02 November 2026 5.13 AM IST

കൊച്ചി മെട്രോയിൽ വ്യാജപരാതി വിവാദം

metro

കൊച്ചി: യാത്രക്കാർ മാത്രമല്ല, കൊച്ചി മെട്രോയിൽ വിവാദങ്ങളും പെരുകുന്നു. കെ.എം.ആർ.എൽ സിവിൽ വിഭാഗം അസി. മാനേജരായ അമ്പലപ്പുഴ സ്വദേശിയുടെ പേരിൽ തയ്യാറാക്കിയ വ്യാജ പരാതിയാണ് കൊച്ചി മെട്രോയിൽ പുതിയ വിവാദത്തിന് തിരികൊളുത്തിയത്. പരാതി ‘അങ്ങ്’ കേന്ദ്രത്തിൽ വരെ എത്തിയത് കെ.എം.ആ‌ർ.എല്ലിന് നാണക്കേടായി.

കെ.എം.ആർ.എൽ പ്രൊജക്ട് വിഭാഗം ഡയറക്‌ടർക്കെതിരെയാണ് കേരള സർക്കാരിനും കേന്ദ്രസർക്കാരിനും പരാതി കിട്ടിയത്. അസിസ്റ്റന്റ് മാനേജരെയും മറ്റ് പല ജീവനക്കാരെയും ഡയറക്ടർ പീഡിപ്പിക്കുന്നതായിട്ടാണ് പരാതിയുടെ സാരം. അസിസ്റ്റന്റ് മാനേജരുടെ വ്യാജ ഒപ്പിട്ട പരാതി കേന്ദ്ര ഭവന നഗരാസൂത്രണ മന്ത്രാലയം സെക്രട്ടറിക്കും ട്രാൻസ്‌പോർട്ട് സെക്രട്ടറിക്കും ലഭിച്ചു. കെ.എം.ആർ.എൽ ചീഫ് വിജിലൻസ് ഓഫീസറുടെ പേരിൽ ഒപ്പിട്ട് സീക്രട്ട് എന്നെഴുതിയ കുറിപ്പ് അറ്റാച്ച് ചെയ്ത പരാതിയാണ് കേന്ദ്ര സെക്രട്ടറിമാരുടെ ഓഫീസുകളിൽ ലഭിച്ചത്. അതിനാൽ പരാതിയുടെ ആധികാരികതയിൽ ഉദ്യോഗസ്ഥർ സംശയിച്ചില്ല.

സാദൃശ്യമുള്ള ഒപ്പിട്ട് പരാതി

അടുത്തിടെ മറ്റൊരു പരാതി സമ‌ർപ്പിച്ചപ്പോഴാണ് താൻ മുമ്പും 'പരാതിക്കാരനായിരുന്നു'വെന്ന കാര്യം അസിസ്റ്റന്റ് മാനേജർ അറിയാനിടയായത്. കേന്ദ്ര മന്ത്രാലയം ഉദ്യോഗസ്ഥരാണ് പഴയ പരാതിയെപ്പറ്റി പറഞ്ഞത്. ചതി പറ്റിയെന്ന് മനസിലാക്കിയ അദ്ദേഹം വിവരാവകാശ നിയമപ്രകാരം വ്യാജ പരാതിയുടെ പകർപ്പ് കൈപ്പറ്റിയപ്പോഴാണ് ശരിക്കും ഞെട്ടിയത്. തന്റെ ഒപ്പിനോട് സാദൃശ്യമുള്ള ഒപ്പാണ് വ്യാജ പരാതിയിലുമുള്ളത്. ഇതേപ്പറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഡി.ജി.പിക്ക് അസിസ്റ്റന്റ് മാനേജർ പരാതി നൽകി.

പിന്നിൽ ആഭ്യന്തര പ്രശ്നങ്ങൾ

പ്രാഥമിക അന്വേഷണത്തിന് ശേഷം മെട്രോ ഇൻസ്‌പെക്‌ടർ ജിൻസൺ ഡൊമിനിക്ക് പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയാണ് ശനിയാഴ്ച കേസെടുത്തത്. വ്യാജരേഖ ചമയ്ക്കലിന് ബി.എൻ.എസ് 336 (2), 340 (2) വകുപ്പുകൾ പ്രകാരമാണ് കേസ്. തനിക്കെതിരെ വകുപ്പുതല നടപടികൾ സ്വീകരിക്കാനും മേലുദ്യോഗസ്ഥരുടെ നോട്ടപ്പുള്ളിയാക്കാനും ലക്ഷ്യമിട്ടാണ് വ്യാജ പരാതി നൽകിയതെന്നാണ് അസിസ്റ്റന്റ് മാനേജരുടെ മൊഴി. ഇത് ശരിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയാൽ ഗൂഢാലോചനാ കുറ്റം കൂടി ചുമത്തും. വ്യാജ പരാതിക്ക് പിന്നിൽ കെ.എം.ആർ.എല്ലിലെ ഒരു വിഭാഗം ജീവനക്കാർ തമ്മിലുള്ള പോരും ആഭ്യന്തര പ്രശ്നങ്ങളുമാണെന്നാണ് സൂചന.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL