
കുട്ടമ്പുഴ: ഓൾഡ് ആലുവ- മൂന്നാർ റോഡിന്റെ (രാജപാത) ഉടമസ്ഥാവകാശം സംബന്ധിച്ച വനംവകുപ്പിന്റെ വാദം പൊളിയുന്നു. 1919 മുതൽ ഈ റോഡ് റവന്യൂ, പൊതുമരാമത്ത് വകുപ്പുകളുടേതാണെന്ന് വ്യക്തമാക്കി എറണാകുളം ജില്ല കളക്ടർ റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും പട്ടികജാതി പട്ടികവർഗ ഗോത്ര കമ്മിഷനും സമർപ്പിച്ച റിപ്പോർട്ടിലാണ് വനംവകുപ്പിന്റെ അവകാശവാദം പൊളിച്ചടുക്കിയത്.
ഓൾഡ് ആലുവ- മൂന്നാർ രാജപാത ഗതാഗത യോഗ്യമാക്കിയാൽ ഇടമലക്കുടി ഗ്രാമപഞ്ചായത്തിലെ ഗോത്രജനതയ്ക്കുണ്ടാകുന്ന പ്രയോജനം ചൂണ്ടിക്കാട്ടി ആക്ഷൻ കൗൺസിൽ ചെയർമാൻ ഷാജി പൈയ്യാനിക്കൽ പട്ടികജാതി, പട്ടികവർഗ ഗോത്രകമ്മിഷൻ മുമ്പാകെ ഹർജി നൽകിയിരുന്നു. കമ്മിഷൻ നിർദ്ദേശിച്ച പ്രകാരമാണ് ജില്ലാ കളക്ടർ കഴിഞ്ഞ ദിവസം വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്.
പതിറ്റാണ്ടുകളായി റവന്യൂ - പൊതുമരാമത്ത് വകുപ്പുകളുടെ അധീനതയിൽ ഇരുന്നതും പൊതുജനങ്ങൾ യഥേഷ്ടം ഉപയോഗിച്ചിരുന്നതുമായ റോഡ് 2010ലാണ് വനംവകുപ്പ് അനധികൃതമായി കൈവശപ്പെടുത്തിയത്. 2011ൽ ഈ റോഡിലൂടെയുള്ള ഗതാഗതം തടഞ്ഞ് പൂയംകുട്ടിയിൽ വനംവകുപ്പ് സ്ഥാപിച്ച ചെക്ക് പോസ്റ്റ് 2025 മാർച്ച് 16ന് നാട്ടുകാരാണ് പൊളിച്ചുനീക്കിയത്. വനംവകുപ്പ് 24 പേർക്കെതിരെ എടുത്ത കേസ് യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നശേഷം പിൻവലിച്ചു.
ഭൂമി പൊതുമരാമത്ത്
വകുപ്പിന്റേതെന്ന് കളക്ടർ
ഭൂമി 1919ന് പൊതുമരാമത്ത് കൈമാറിയതാണെന്നാണ് കളക്ടറുടെ റിപ്പോർട്ടിലുള്ളത്. പ്രധാനമായും രണ്ട് തെളിവുകളാണ് ഇതിനായി റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ളത്. വനംവകുപ്പ് അവകാശവാദം ഉന്നയിക്കുന്ന ഭാഗങ്ങൾ ബി.ടി.ആർ രേഖകൾ പ്രകാരം കുട്ടമ്പുഴ വില്ലേജിന്റെ പരിധിയിൽ വരുന്നതാണെന്നും റോഡിന്റെ ഉടമസ്ഥാവകാശം സംസ്ഥാന സർക്കാരിൽ നിഷിപ്തമാണെന്നുമാണ് റിപ്പോർട്ടിന്റെ ഉള്ളടക്കം.
പഴയ തിരുവിതാംകൂർ രാജഭരണകാലത്ത് 1919 മേയ് 1ലെ ഡിസഫോറസ്റ്റേഷൻ വിജ്ഞാപന പ്രകാരം മലയാറ്റൂർ റിസർവ് വനമേഖലയിൽ ഹൈറേഞ്ച് റോഡ് നിർമ്മാണത്തിനായി തട്ടേക്കാട് കടവ് മുതൽ പെരുമ്പൻകുത്ത് വെള്ളച്ചാട്ടം വരെയുള്ള ഭാഗത്തെ 76 അടി വീതിയിൽ വനഭൂമി ഒഴിവാക്കി 325.98 ഏക്കർ പൊതുമരാമത്ത് വകുപ്പിന് കൈമാറിയിട്ടുള്ളതാണ്. 16 അടി വീതിയിൽ റോഡും മുകൾ ഭാഗത്ത് 40 അടിയും താഴെ 20 അടിയും ഉൾപ്പെടെയാണ് 76 അടി വീതി എന്ന് നിശ്ചയിച്ചിട്ടുള്ളത്. ഇതിൽ പൂയംകുട്ടിമുതൽ പെരുമ്പൻകുത്ത് വരെയുള്ള 157.5 ഏക്കറിലാണ് വനംവകുപ്പ് അവകാശവാദം ഉന്നയിച്ചിരുന്നത്.
1980 നവംബർ 13ന് രാജപാതയ്ക്ക് ഉള്ളിലുള്ള പിണ്ടിമേട് ഭാഗത്ത് കെ.എസ്.ഇ.ബി ജലവൈദ്യുത പദ്ധതി ആരംഭിച്ചപ്പോൾ ഈ റോഡ് താത്കാലികമായി കെ.എസ്.ഇ.ബിക്ക് കൈമാറിയത് പി.ഡബ്ല്യു.ഡി ആണ്. പദ്ധതി പൂർത്തീകരണത്തിന് ശേഷം യാതൊരവകാശവാദങ്ങളും കൂടാതെ റോഡ് തിരികെ പി.ഡബ്ല്യു.ഡിക്ക് കൈമാറണമെന്നും വ്യവസ്ഥ ചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |