കൊച്ചി: സംസ്ഥാനത്തെ ഏക ആദിവാസി ഗ്രാമപഞ്ചായത്തായ ഇടമലക്കുടിക്കാർക്ക് കക്കൂസിന് കുഴിയെടുക്കണമെങ്കിൽപ്പോലും വനംവകുപ്പ് കനിയണം. പഞ്ചായത്ത് സെക്രട്ടറി ഫോറസ്റ്റ് റേഞ്ച് ഓഫീസറോട് അപേക്ഷിക്കണം. റേഞ്ച് ഓഫീസർക്ക് സൗകര്യമുള്ളപ്പോൾ ഡി.എഫ്.ഒയ്ക്ക് ശുപാർശനൽകും. ഡി.എഫ്.ഒയ്ക്ക് അനുമതി നൽകുകയോ നിരസിക്കുകയോ ചെയ്യാം. കുടിവെള്ളം, വൈദ്യുതി, ഗതാഗതം, വീട് തുടങ്ങി ഏത് അടിസ്ഥാന ആവശ്യത്തിനും വനംവകുപ്പിന്റെ നിരാക്ഷേപപത്രം നിർബന്ധമാണ്.
ഉൾവനത്തിൽ ചിതറിക്കിടക്കുന്ന 28 ഉന്നതികളിലാണ് 2600ൽപ്പരം മുതുവാൻ ആദിവാസി വിഭാഗക്കാരുടെ നരകജീവിതം.
ഒരുവശത്ത് വന്യജീവികളുടെ നിരന്തരശല്യം മറുവശത്ത് വനംവകുപ്പിന്റെ പാര. ഇതിനിടയിൽ ഇടമലക്കുടി നിവാസികൾ കുടുങ്ങിക്കിടക്കുകയാണ്. ഇവിടേക്കുള്ള റോഡ്, വൈദ്യുതി, വാർത്താവിനിമയ സംവിധാനങ്ങൾ തുടങ്ങിയവ വനംവകുപ്പിന്റെ ഇടപെടലിൽ തടസപ്പെട്ടുകിടക്കുന്നു. ആകെയുള്ള 950 കുടുംബങ്ങളിൽ 110വീടുകളിൽ മാത്രമാണ് വൈദ്യുതിയുള്ളത്. മൂന്നാറിൽനിന്ന് ഇരവികുളം ദേശീയോദ്യാനത്തിലൂടെ 32 കിലോമീറ്റർ ജീപ്പിൽ സഞ്ചരിച്ചുവേണം ഇടലമക്കുടി പഞ്ചായത്ത് ആസ്ഥാനമായ സൊസൈറ്റിക്കുടിയിൽ എത്താൻ. ജീപ്പ് വാടകതന്നെ 3500 രൂപയാകും. ഇവിടെനിന്ന് 10 കിലോമീറ്റർവരെ ഉൾവനത്തിലാണ് ഉന്നതികൾ. സൊസൈറ്റിക്കുടിയിലോ എട്ടുകിലോമീറ്റർ അകലെയുള്ള മാങ്കുളത്തോ എത്തിയെങ്കിലേ വാഹനസൗകര്യമുള്ളു. ആദിവാസികൾക്ക് ഒരാൾക്കുപോലും വാഹനമില്ല.
വനംവകുപ്പ് പാരകളിൽ കുടുങ്ങിയ പദ്ധതികൾ
• 7 ഉന്നതികളിൽ വൈദ്യുതി എത്തിക്കുന്നതിന് 2021ൽ ഗ്രാമപഞ്ചായത്ത് ഫണ്ടിൽനിന്ന് 50ലക്ഷംരൂപ കെ.എസ്.ഇ.ബിയിൽ അടച്ചു. കുറേ പോസ്റ്ര് കുഴിച്ചിട്ടതല്ലാതെ ഇതുവരെ ലൈൻ വലിച്ചിട്ടില്ല. വനംവകുപ്പിന്റെ ഇടപെടലിൽ കരാറുകാരൻ പണി ഉപേക്ഷിച്ചു.
• 7.5 കിലോമീറ്റർ കോൺക്രീറ്റ് റോഡ് നിർമ്മിക്കാൻ 2023ൽ പട്ടികവർഗ വികസനവകുപ്പ് 13.7 കോടിരൂപ അനുവദിച്ചു. മന്ത്രി കെ. രാധാകൃഷ്ണൻ നിർമ്മാണം ഉദ്ഘാടനം ചെയ്തെങ്കിലും ഒന്നും നടന്നില്ല.
• ഉന്നതികളിലേക്ക് മൊബൈൽഫോൺ, ഇന്റർനെറ്റ് കണക്ടിവിറ്റിക്ക് 4.3 കോടിരൂപ അനുവദിച്ചതും വെറുതേയായി.
രോഗികളെ ചുമന്നുകൊണ്ടുപോകാൻപോലും നല്ല വഴിയില്ല. നല്ല ചികിത്സകിട്ടാൻ 80 കിലോമീറ്റർ അകലെ അടിമാലിയിൽ എത്തണം. 8 കിലോമീറ്റർ ചുമന്നുകൊണ്ടുവന്നാലേ രോഗിയെ റോഡിൽ എത്തിക്കാനാകൂ. മരക്കമ്പുകൾ കൂട്ടിക്കെട്ടിയ മഞ്ചത്തിലാണ് രോഗിയെ ചുമക്കുന്നത്
എം.ബിനു,
പ്രസിഡന്റ്, ഇടമലക്കുടി ഗ്രാമപഞ്ചായത്ത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |