
ഇടുക്കി/ മൂന്നാർ: കൊച്ചി- ധനുഷ്‌കോടി ദേശീയ പാതയിൽ മൂന്നാർ സി.എസ്.ഐ പള്ളിക്ക് സമീപം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ജില്ലയിൽ ഇന്നലെയും ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അറിയിച്ചു. കനത്ത മഴയെ തുടർന്ന് നേരത്തെ ഈ മേഖലയിൽ റോഡിൽ വിള്ളൽ കണ്ടെത്തിയതും കഴിഞ്ഞ ദിവസം ഹെഡ് വർക്സ് ഡാമിന് സമീപം മണ്ണിടിച്ചിലുണ്ടായ സാഹചര്യവും കണക്കിലെടുത്താണ് കളക്ടറുടെ നിർദേശം. മണ്ണിടിച്ചിലുണ്ടായ ഹെഡ് വർക്സ് ഡാമിന് സമീപം ഒരു വരി മാത്രമായി ഗതാഗതം ക്രമീകരിച്ചിട്ടുണ്ട്. പ്രദേശത്ത് ആവശ്യമായ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് പൊലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കനത്ത മഴ മൂലം ദേശീയപാതയുടെ നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ സാദ്ധ്യത നിലനിൽക്കുന്നുണ്ട്. അതിനാൽ ഈ വഴിയുള്ള ഗതാഗതം പരമാവധി ഒഴിവാക്കാൻ ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു. കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ മാറ്റമുണ്ടാകുന്ന സാഹചര്യത്തിൽ ഗതാഗതം പുനഃസ്ഥാപിക്കുമെന്നും കളക്ടർ അറിയിച്ചു.
ദേശീയപാതയിൽ മണ്ണിടിഞ്ഞു
കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ മൂന്നാർ ഹെഡ് വർക്ക് ഡാമിന് സമീപം മണ്ണിടിച്ചിൽ. ഇന്നലെ പുലർച്ചെ ആറോടെയാണ് ദേശീയപാതയിലേയ്ക്ക് മണ്ണും കല്ലും ഇടിഞ്ഞു വീണ് അപകടം ഉണ്ടായത്. തുടർന്ന് ഗതാഗതം ഭാഗികമായി തടസപ്പെട്ടെങ്കിലും പിന്നീട് മണ്ണ് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. പൂർണമായി മണ്ണ് നീക്കിയിട്ടില്ല. പ്രദേശത്ത് ഇന്നലെ കനത്ത മഴ പെയ്തിരുന്നു. മഴ പെയ്താൽ മണ്ണും കല്ലും ഇടിഞ്ഞുവീഴുന്നത് പതിവാണെന്നും അശാസ്ത്രീയ മണ്ണെടുപ്പാണ് കാരണമെന്നും വിഷയം മുമ്പ് ഉന്നയിച്ചിട്ടും ദേശീയ പാത അതോറിറ്റി നടപടിയെടുത്തില്ലെന്നും നാട്ടുകാർ പറയുന്നു.
Traffic restrictions have been imposed on the Kochi–Dhanushkodi National Highway near the CSI Church in Munnar, Idukki. Authorities have introduced the traffic control measures to ensure the safety and smooth movement of vehicles in the area.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |