ഇടുക്കി: ഇടുക്കി പാർലമെന്റ്മണ്ഡലത്തിൽ ഡീൻ കുര്യാക്കോസ് എം.പിയുടെ ഫണ്ട് ഉപയഗിച്ച് നിർമാണം നടക്കുന്ന പദ്ധതികളുടെ പുരോഗതി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ വിലയിരുത്തി. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് എം.പി. ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. ഇടുക്കി, എറണാകുളം ജില്ലകളിലായുള്ള മണ്ഡലത്തിലെ പ്രവൃത്തികളുടെ ഇപ്പോഴത്തെ അവസ്ഥയും പൂർത്തീകരണം സംബന്ധിച്ച കാര്യങ്ങളും യോഗം ചർച്ച ചെയ്തു. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ക്ഷേമം, കുടിവെള്ള ലഭ്യത, അടിസ്ഥാന സൗകര്യ വികസനം, റോഡ് നിർമാണം,ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കൽ, സ്‌കൂൾ ബസുകൾ വാങ്ങൽ തുടങ്ങിയ പദ്ധതികൾ വിലയിരുത്തി. മറയൂർ മുനിയറ ഗോത്രവർഗ്ഗ മ്യൂസിയത്തിന്റെ സിവിൽ ജോലികൾപൂർത്തിയായെന്നും വൈദ്യുതീകരണ ജോലികൾ നടന്നുവരുന്നതായും ദേവികുളം ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ അറിയിച്ചു. മൂന്നാർ ചൊക്കനാട് റോഡിൽ തൂക്കുപാലം നിർമിക്കുന്നതിന് പുതിയ പദ്ധതിനിർദ്ദേശം നൽകിയിട്ടുള്ളതിനാൽ നിർവഹണ ഉദ്യോഗസ്ഥനെ നിശ്ചയിച്ച് തുടർ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകി.തീർപ്പാകാതെ കിടക്കുന്ന എല്ലാ വികസന പദ്ധതികളുടെയും നിർമാണവും അനുബന്ധ ലൈറ്റിംഗ്, ഇലക്ട്രിക്കൽ പ്രവൃത്തികളും നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്നുകൊടുക്കാൻ എം.പി ബന്ധപ്പെട്ട നിർവ്വഹണ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി. യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് മിനി കെ. ജോൺ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസർ ഡോ. പി. പ്രവീൺ പങ്കെടുത്തു. എറണാകുളം ജില്ലാ പ്ലാനിംഗ് ഓഫീസർ ടി. ജ്യോതിമോൾ ഓൺലൈനായി പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |