SignIn
Kerala Kaumudi Online
Friday, 09 October 2026 3.38 AM IST

കൃഷി ഭൂമിയും വാസസ്ഥലവും ഇ.എസ്.എ പരിധിയിൽ നിന്ന് ഒഴിവാക്കാൻ ഇടപെടും: കൃഷിമന്ത്രി

krishi

 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി കൃഷിവകുപ്പ് നടപ്പിലാക്കിയ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

പീരുമേട്: ജനവാസ മേഖലകളും കൃഷിഭൂമികളും തോട്ടങ്ങളും ഇ.എസ്.എ പരിധിയിൽ നിന്ന് പൂർണമായും ഒഴിവാക്കണമെന്നതാണ് സംസ്ഥാന സർക്കാരിന്റെ നിലപാടെന്നും ഇതുസംബന്ധിച്ചുള്ള കർഷകരുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി സർക്കാർ ശക്തമായി ഇടപെടുമെന്നും കൃഷിമന്ത്രി ടി. സിദ്ധിഖ് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി കൃഷിവകുപ്പും കേരള ഹോർട്ടികൾച്ചർ മിഷനും നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പീരുമേട് ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ സുഗന്ധവ്യഞ്ജനങ്ങളുടെ സെക്കൻഡറി പ്രോസസിംഗ് യൂണിറ്റും മരിയാപുരം എവർഗ്രീൻ കാർഡമം ഡ്രയേഴ്സ് ആൻഡ് സ്‌പൈസസിന്റെ സുഗന്ധവ്യഞ്ജനങ്ങളുടെ പ്രൈമറി പ്രോസസിംഗ് യൂണിറ്റും മന്ത്രി ഉദ്ഘാടനം ചെയ്തു. ആശങ്കകൾ വളരെ ഗൗരവത്തിലെടുത്ത് മുഖ്യമന്ത്രിയും പരിസ്ഥിതി മന്ത്രിയും വനംമന്ത്രിയും കൃഷിമന്ത്രി എന്ന രീതിയിൽ താനും ഉൾപ്പെടെ നിരവധി തവണ ഇതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിറിയക് തോമസ് എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. വിശിഷ്ടാതിഥിയായിരുന്ന പി.ഡി.എസ് സ്ഥാപക ഡയറക്ടർ മാർ മാത്യു അറയ്ക്കലിനെ മന്ത്രി ആദരിച്ചു. സംസ്ഥാനതല അവാർഡ് ജേതാക്കളെ റോയി കെ. പൗലോസ് എം.എൽ.എ, സേനാപതി വേണു എം.എൽ.എ എന്നിവർ ആദരിച്ചു. ഹോർട്ടി കോർപ്പ് മാനേജിങ് ഡയറക്ടർ എസ്. സിന്ധു സ്വാഗതം ആശംസിച്ചു. എസ്.എച്ച്.എം മിഷൻ ഡയറക്ടർ എസ്. ആശ പദ്ധതി വിശദീകരണം നടത്തി. പ്രിൻസിപ്പൽ കൃഷി ഓഫീസർ ഡീന എബ്രഹാം, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ് പണിക്കർ, ജില്ലാ പഞ്ചായത്ത് അംഗം മിനി സാബു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ശാന്തി രമേശ്, ഒ.എസ്. ഉമർ ഫാറൂഖ്, സുഗുണൻ, അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ പി. തോമസ്, ബ്ലോക്ക് പഞ്ചായത്തംഗം നിക്സൺ ജോർജ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL