SignIn
Kerala Kaumudi Online
Wednesday, 14 October 2026 3.49 AM IST

തൊടുപുഴ കെ.എസ്.ആർ.ടി.സിയിലെങ്ങും ദുരിതകാഴ്ചകൾ എന്തിന് വേണ്ടിയാണ് ഇങ്ങനെയാരു ഡിപ്പോ....

ksrtc-terminal
തൊടുപുഴ കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ

തൊടുപുഴ: ഭരണംമാറിയിട്ടും അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയിൽ വലഞ്ഞ് തൊടുപുഴ കെ.എസ്.ആർ‌.ടി.സി ഡിപ്പോ. ദിനംപ്രതി നൂറുകണക്കിന് യാത്രക്കാരെത്തുന്ന ഡിപ്പോയിൽ ആവശ്യമായ സൗകര്യമൊരുക്കാൻ ആധികൃതർക്ക് താത്പര്യമില്ലെങ്കിലും ഇക്കാര്യത്തിൽ സന്നദ്ധത കാണിക്കുന്നവരെ അപമാനിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ദീർഘദൂര യാത്രയ്ക്കായെത്തുന്ന വനിതാ യാത്രക്കാരടക്കമുള്ളവർക്ക് സുരക്ഷിത വിശ്രമത്തിന് സൗകര്യമൊരുക്കുന്നതിനായി അൽ- അസ്ഹർ മെഡിക്കൽ കോളേജ് ആന്റ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ സൗജന്യമായി നിർമ്മിച്ച് നൽകിയ ആധുനിക സൗകര്യങ്ങളോടെയുള്ള വിശ്രമകേന്ദ്രം അടച്ചിട്ടിരിക്കുന്നത് ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയ്ക്ക് ഉത്തമ ഉദാഹരണമാണ്. അമ്മമാർക്ക് മുലയൂട്ടുന്നതിനായി ഫീഡിംഗ് റൂം, മൊബൈൽ ചാർജ്ജിംഗ് സൗകര്യം, പുതിയ ഇരിപ്പിടങ്ങൾ ഉൾപ്പെടെയുള്ള സംവിധാനം ഉദ്ഘാടനം ചെയ്ത് മാസങ്ങളായിട്ടും അടഞ്ഞുകിടക്കുകയാണ്. കെ.എസ്.ആർ.ടി.സി ടെർമിനൽ പോലെ ഇതും വെറുതെ കിടന്ന് നശിക്കട്ടെ എന്ന നിലപാടാണ് അധികൃതർക്കെന്ന വിമർശനവും ശക്തമാണ്.

 ബാലാരിഷ്ടതകൾ വിട്ടൊഴിയുന്നില്ല

രാപ്പകൽ വ്യത്യാസമില്ലാതെ നൂറുകണക്കിനാളുകളുടെ യാത്രയ്ക്കിടയിലെ പ്രധാന ഇടത്താവളമായ ഡിപ്പോയിൽ ദാഹിച്ച് വലഞ്ഞാൽ ഒരു കുപ്പി വെള്ളം വാങ്ങാൻ പോലും സംവിധാനമില്ലെന്നതാണ് യാഥാർത്ഥ്യം. കടമുറികൾ ലേലത്തിൽ നൽകാത്തതിനാൽ ഒരു പെട്ടിക്കടപോലും ഇവിടെ ഇല്ലെന്നതാണ് വസ്തുത. മുമ്പ് കടമുറികൾ ലേലത്തിന് വച്ചിരുന്നെങ്കിലും എടുത്തവർ പിന്മാറുകയായിരുന്നു. കടമുറികൾക്ക് നമ്പർ ഇടാത്തതാണ് പലരും പിന്മാറാൻ കാരണം. ഫയർ എൻ.ഒ.സിയും എസ്.ടി.പി പ്ലാന്റും ഇല്ലാത്തതാണ് കെട്ടിടനമ്പർ കിട്ടാൻ തടസം. കടമുറികൾ ഇല്ലാത്തതിനാൽ ഒരാവശ്യത്തിനായി രാത്രികാലങ്ങളിലും കോമ്പൗണ്ടിന് പുറത്തേക്ക് പോകേണ്ട അവസ്ഥയാണ് യാത്രക്കാർക്ക്. വിശ്രമത്തിനായി മതിയായ ഇരിപ്പിടങ്ങൾ ഇല്ലാത്തതും ദീർഘദൂരയാത്രക്കാർക്കടക്കം ദുരിതമാണ്.

 പരിസരമാകെ

വൃത്തിഹീനം

ഡിപ്പോയുടെ പരിസരപ്രദേശങ്ങൾ വൃത്തിഹീനമായാണ് കിടക്കുന്നത്. പ്രധാനമായും പേ ആന്റ് പാർക്കിംഗ്, വർക്ക് ഷോപ്പ് ഗ്യാരേജ് എന്നിവിടങ്ങളിൽ പലഭാഗത്തും വെള്ളം കെട്ടിക്കിടക്കുന്നുണ്ട്. ജീവനക്കാരുടെ കാര്യാലയമടക്കം മഴയത്ത് ചോർന്നൊലിക്കും. മുമ്പ് അടച്ചിട്ടിരുന്ന പൊതുശൗചാലയത്തിലെ യൂറിനറി ബ്ലോക്ക് തുറന്നെങ്കിലും ഇവിടെയെല്ലാം വൃത്തിഹീനമാണ്. മാത്രമല്ല പലതും ഉപയോഗരഹിതമായതിനെ തുടർന്ന് അടച്ചിട്ടിരിക്കുകയാണ്. രാത്രികാലങ്ങളിലെ സാമൂഹ്യവിരുദ്ധശല്യമാണ് ഇതിന്റെ പ്രധാനകാരണം. വർക്ക് ഷോപ്പിന് മുൻഭാഗത്ത് തൊടുപുഴയാറിന് സമീപത്തുള്ള ഇരുമ്പുകമ്പികൊണ്ട് നിർമ്മിച്ച കൈവരി തകർന്നിട്ട് വർഷങ്ങളായെങ്കിലും ഇതുവരെയും നന്നാക്കിയിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL