
അധികൃതരുടെ മൗനത്തിൽ പ്രതിഷേധം
മൂന്നാർ: ടൗണിനെ മാട്ടുപ്പെട്ടി റോഡുമായി ബന്ധിപ്പിക്കുന്ന, മുതിരപ്പുഴയാറിന് കുറുകെയുള്ള 'മഴവിൽ പാലം" (നടപ്പാലം) ജനങ്ങളുടെ ജീവന് വലിയ ഭീഷണിയാകുന്നു. മൂന്നാറിലെ ഏറ്റവും തിരക്കേറിയ ഈ നടപ്പാലം പൂർണ്ണമായി തുരുമ്പെടുത്ത നിലയിലാണ്. പതിറ്റാണ്ടുകൾക്ക് മുമ്പ് എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 43 ലക്ഷം രൂപ ചെലവഴിച്ചാണ് ചർച്ചിൽ പാലത്തിന് സമാന്തരമായി ഈ നടപ്പാലം നിർമ്മിച്ചത്. എന്നാൽ, മൂന്നാർ പഞ്ചായത്തിന്റെ അധീനതയിലുള്ള ഈ പാലത്തിന്റെ ഇപ്പോഴത്തെ അവസ്ഥ അതീവ ഗുരുതരമാണ്. ദിനംപ്രതി സ്വദേശികളും വിദേശികളുമായ നൂറുകണക്കിന് ആളുകളാണ് ഈ പാലത്തിലൂടെ യാത്ര ചെയ്യുന്നത്. പാലത്തിന്റെ അറ്റകുറ്റപ്പണികൾ തീർത്ത് സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും, അധികൃതരുടെ ഭാഗത്തു നിന്ന് യാതൊരുവിധ നടപടിയും ഉണ്ടാകാത്തത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഉടൻ തന്നെ അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വലിയൊരു അപകടത്തിന് ഇത് കാരണമായേക്കുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നു.
പ്രധാന പ്രശ്നങ്ങൾ ഇവ
ബലക്ഷയം: ഇരുമ്പ് തൂണുകൾ പൂർണ്ണമായും തുരുമ്പെടുത്തിരിക്കുന്നു. ആളുകൾ നടക്കുമ്പോൾ പാലത്തിന് ശക്തമായ വിറയൽ അനുഭവപ്പെടുന്നുണ്ട്.
തകർന്ന കൈവരികൾ: ഇരുമ്പ് പൈപ്പുകൾ ഉപയോഗിച്ച് നിർമ്മിച്ച കൈവരികൾ ഏറെക്കുറെ തകർന്ന നിലയിലാണ്.
യാത്രാദുരിതം: പാലത്തിൽ പാകിയിരിക്കുന്ന ഇരുമ്പ് തകിടുകളും തുരുമ്പെടുത്ത് തുടങ്ങിയിട്ടുണ്ട്. മഴ പെയ്യുമ്പോൾ ഇതിലൂടെയുള്ള യാത്ര ദുഷ്‌കരമാകുന്നതും വേഗത്തിൽ നടക്കുന്ന യാത്രക്കാർ കാൽ വഴുതി വീഴാനുള്ള സാദ്ധ്യതയും ആശങ്ക വർദ്ധിപ്പിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |