SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.23 AM IST

അക്കൗണ്ടിൽ 304 രൂപ; മകൾ അയച്ച പണം കൊണ്ട് നോമിനേഷൻ; 53 വർഷത്തെ രാഷ്ട്രീയത്തിൽ നിന്ന് ഒന്നും സമ്പാദിച്ചില്ലെന്ന് കൊയ്യം ജനാർദ്ദനൻ

koyyam

കണ്ണൂർ: മാദ്ധ്യമങ്ങൾക്ക് മുന്നിൽ തന്റെ രാഷ്ട്രീയ ജീവിതത്തെ കുറിച്ച് വൈകാരിക പ്രതികരണവുമായി തളിപ്പറമ്പിലെ കോൺഗ്രസ് വിമതസ്ഥാനാർത്ഥി കൊയ്യം ജനാർദ്ദനൻ.നോമിനേഷൻ സമർപ്പിക്കുന്ന ദിവസം തന്റെ ബാങ്ക് അക്കൗണ്ടിൽ വെറും 304 രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്നും കെട്ടിവെക്കാനുള്ള തുക മകൾ അയച്ചുനൽകിയതാണെന്നും പറഞ്ഞ അദ്ദേഹം 53 കൊല്ലം രാഷ്ട്രീയ പ്രവർത്തനം നടത്തിയ താൻ അതിൽ നിന്ന് ഒന്നും സമ്പാദിച്ചില്ലെന്നും തുറന്നടിച്ചു.

ജനങ്ങൾക്ക് വേണ്ടിയാണ് ഇതുവരെ ജീവിച്ചത്. കൊയ്യം ജനാർദ്ദനന്റെ കൈയിൽ പൈസയില്ലെന്നും അദ്ദേഹത്തിനൊപ്പം നിന്നിട്ട് കാര്യമില്ലെന്നും ചിലർ പറഞ്ഞേക്കാം.അത് ശരിയാണ്. എന്നാൽ തനിക്കൊപ്പം നിൽക്കാൻ ഒരുപാട് ജനങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാർത്ഥിത്വം പരിശുദ്ധമായ കോൺഗ്രസ് പ്രസ്ഥാനത്തെ തകർക്കുന്ന നേതാക്കൾക്കുള്ള മറുപടിയാണ് തന്റെ സ്ഥാനാർത്ഥിത്വം. നെറികെട്ട രാഷ്ട്രീയവും വൃത്തികെട്ട സമീപനവുമാണ് ഇവിടെ അരങ്ങേറുന്നത്. അരിയിൽ ഷുക്കൂറിന്റെ ആത്മാവിനെങ്കിലും ഇത് പൊറുക്കാൻ കഴിയട്ടെയെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് പ്രവർത്തകർക്കെതിരെ അക്രമത്തിന് നേതൃത്വം നൽകിയ ആളാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ടി. കെ.ഗോവിന്ദനെന്നും വിമതസ്ഥാനാർത്ഥി ആരോപിച്ചു.

ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചയോടെ തുടക്കം

ടി.കെ.ഗോവിന്ദന്റെ സ്വദേശമായ മലപ്പട്ടത്ത് നിന്നാണ് കൊയ്യം ജനാർദ്ദനൻ പ്രചരണം ആരംഭിക്കുന്നത്.ഇവിടെ ഗാന്ധി പ്രതിമയിൽ പുഷ്പ്പാർച്ചന നടത്തി ഔദ്യോഗിക പ്രചാരണം തുടങ്ങുമെന്ന് സ്ഥാനാർത്ഥി പറഞ്ഞു.

ഇടത്തും വലത്തും വിമതർ

നേരത്തെ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ.ഗോവിന്ദൻ പാർട്ടി വിട്ട് വിമതസ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച തളിപ്പറമ്പിൽ യു.ഡി.എഫിന്റെ പിന്തുണയും അദ്ദേഹത്തിനാണ്. എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.കെ.ശ്യാമളയ്ക്കെതിരെ ഇടതുവോട്ടുകളിൽ ഭിന്നതയുണ്ടാക്കി ജയിച്ചുകയറാമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് ഈ തന്ത്രം പയറ്റിയത്. 2021ൽ മണ്ഡലത്തിൽ മത്സരം ഉജ്വലമാക്കിയ വി.പി.അബ്ദുൽ റഷീദിനെ ധർമ്മടത്ത് മുഖ്യമന്ത്രിക്കെതിരെ സ്ഥാനാർത്ഥിയുമാക്കി. കോൺഗ്രസിൽ ഒരു വിഭാഗത്തിന് ഉണ്ടായ കടുത്ത അതൃപ്തിയാണ് മുൻ ഡി.സി.സി ജനറൽ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കൊയ്യം ജനാർദ്ദനന്റെ വിമതസ്ഥാനാർത്ഥിത്വത്തിലേക്ക് എത്തിച്ചത്. ടെലിവിഷൻ ചിഹ്നത്തിലാണ് കൊയ്യം മത്സരിക്കുന്നത്. ഇതെ തുടർന്ന് കോൺഗ്രസ് ഇദ്ദേഹത്തെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിട്ടുമുണ്ട്.

കൊയ്യം ജനാർദ്ദനനെതിരെ കോൺഗ്രസ് സൈബർ ഹാൻഡിലുകൾ
കണ്ണൂർ: സി.പി.എമ്മിൽ നിന്ന് പണം കൈപ്പറ്റിയാണ് ജനാർദ്ദനൻ വിമത മത്സരത്തിനിറങ്ങിയതെന്ന ആരോപണവുമായി കോൺഗ്രസ് സൈബർ ഹാൻഡിലുകൾ. തന്റെ സ്വതന്ത്ര സ്ഥാനാർഥിത്വം ന്യായീകരിച്ചുകൊണ്ട് ജനാർദ്ദനൻ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിന്റെ കമന്റ് ബോക്സ് ആണ് ഈ ആരോപണ പ്രത്യാരോപണ പോർക്കളമായി മാറിയത്. 'സിപിഎമ്മിൽ നിന്ന് എത്ര കിട്ടി?' എന്ന ചോദ്യം ഉന്നയിച്ച് കോൺഗ്രസ് പ്രവർത്തകർ കൂട്ടമായി രംഗത്തെത്തി.ആരോപണങ്ങൾ ഇതിനകം വ്യാപകമായി ഷെയർ ചെയ്യപ്പെടുകയും ചർച്ചയാകുകയും ചെയ്തിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL