SignIn
Kerala Kaumudi Online
Saturday, 30 May 2026 2.12 AM IST

തുരത്തിയതിലും വേഗത്തിൽ കാട്ടാനകൾ ഫാമിലേക്ക് ആറളത്തുകാർ എങ്ങനെ ഉറങ്ങാനാണ് ?​

ph-1

കണ്ണൂർ: വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഓപ്പറേഷൻ ഗജമുക്തി ദൗത്യം തകൃതിയായി നടക്കുമ്പോഴും ആറളത്തിന് കാട്ടാനകളെ പേടിച്ച് ഉറങ്ങാനാകുന്നില്ല. കാട്ടിലേക്ക് ഓടിക്കുന്ന ആനകൾ ആറളം ഫാമിലും പട്ടികവർഗ്ഗ പുനരധിവാസ മേഖലയിലും വീണ്ടുമെത്തി കാർഷിക വിളകൾ ഉൾപ്പെടെ നശിപ്പിക്കുകയാണ്.പോയതിലും വേഗത്തിലാണ് ഗജമുക്തി ദൗത്യത്തിലൂടെ കാട്ടിലേക്ക് തുരത്തപ്പെട്ട കാട്ടാനകൾ ഫാമിലേക്ക് തിരിച്ചെത്തുന്നത്.

നിലവിൽ ഫാമിൽ തമ്പടിച്ച കാട്ടാനകളുടെ എണ്ണം എത്രയെന്നു പോലും തിട്ടമില്ലാത്ത സ്ഥിതിയിലാണ് വനംവകുപ്പ്.

കാർഷിക ഫാമിലും പുനരധിവാസ മേഖലയിലും ഒരു പോലെ ഇവ വിഹരിക്കുകയാണ്. വ്യാഴാഴ്ച പുലർച്ചെ ആറളം പൂതക്കുണ്ടിൽ കാട്ടാനൾ വ്യാപകമായി കൃഷി നശിപ്പിച്ചു. പൂതക്കുണ്ടിലെ കീഴ്പ്പാട്ടില്ലത്ത് ശങ്കരൻ നമ്പൂതിരിയുടെ വീട്ടിനു സമയമുള്ള കൃഷിയിടത്തിലെത്തിയ കാട്ടാന നൂറോളം വാഴകളാണ് കാട്ടാന നശിപ്പിച്ചത്. കയ്യാലയും ചവിട്ടി ഇടിച്ചു. ആറളം ഫാം മേഖലയിൽ നിന്നും പുഴകടന്നാണ് ഇവ ജനവാസ മേഖലയിൽ എത്തിയത്.

ബുധനാഴ്ച തുരത്തിയത് എട്ട് കാട്ടാനകളെ

ഓപ്പറേഷൻ ഗജമുക്തിയുടെ ഭാഗമായി ഫാമിന്റെ കൃഷിയിടത്തുള്ള എട്ട് ആനകളെ ബുധനാഴ്ച ആറളം വനത്തിലേക്ക് തുരത്തിയതായി വനം വകുപ്പ് അറിയിച്ചിരുന്നു. കൃഷിയിടത്തിൽ നിന്നും ആന ജനവാസ മേഖലയിലേക്ക് ഇറങ്ങിയത് ഫാം മേഖലയിൽ കൂടുതൽ ആനകൾ ഉള്ളതിന്റെ തെളിവാണെന്ന് പ്രദേശവാസികൾ പറഞ്ഞു. പ്രദേശവാസികൾ ഇതുമൂലം കടുത്ത ഭീതിയിലാണ്.

ആനപ്പേടി വാട്സ്ആപ് ഗ്രൂപ്പിലും

പുനരധിവാസ മേഖലയിലുള്ളവരേയും വനം-വന്യജീവി വകുപ്പ് ജീവനക്കാരെയും ആറളം ഫാം ജീവനക്കാരെയുമെല്ലാം ഉൾപ്പെടുത്തി ഒരു വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയിട്ടുണ്ട്. കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ സാന്നിദ്ധ്യവും അതിൽനിന്ന് രക്ഷനേടാനുള്ള നിർദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാനുള്ള ഈ വാട്സ്ആപ്പ് ഗ്രൂപ്പിൽ രാത്രികാലമായാൽ ആനകളെ കണ്ടതായുള്ള മെസ്സേജുകൾ നിരവധിയാണ്. ആന മതിൽ പൂർത്തീകരിക്കുന്നതിനൊപ്പം വന്യമൃഗങ്ങൾക്കായി വനത്തിനുള്ളിൽ തീറ്റയും വെള്ളവും ഒരുക്കുകയും കാട്ടാനകളെ വനത്തിലേക്ക് തുരത്തിയാലും മാത്രമേ കാട്ടാന ശല്യത്തിന്ശമനം ഉണ്ടാവുകയുള്ളൂവെന്ന് പ്രദേശവാസികൾ പറയുന്നു. ഇങ്ങനെ പോയാൽ വൈകാതെ കാട്ടാനകൾ പുഴ കടന്ന് വിയറ്റ്നാം , ചതിരൂർ കീഴ്പ്പള്ളി തുടങ്ങിയ ജനവാസപ്രദേശങ്ങളിലേക്ക് എത്തുമെന്നാണ് ഇവിടത്തുകാരുടെ പേടി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL