SignIn
Kerala Kaumudi Online
Sunday, 31 May 2026 2.34 AM IST

ആശ്വാസമല്ല,ഇവിടെയുള്ളത് അരക്ഷിതത്വം  സംരക്ഷണമില്ലാതെ കാൽടെക്സിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ

bus

കണ്ണൂർ: യാത്രക്കാർക്ക് ആശ്വാസം പകരാൻ ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച കണ്ണൂർ കാൽടെക്സിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ യാത്രികർക്ക് അപകടക്കെണിയൊരുക്കുന്നു. വെയിലും മഴയും ഏൽക്കാതെ ബസ് യാത്രക്കാർക്ക് കയറി നിൽക്കാൻ സ്ഥാപിച്ച ഈ വെയിറ്റിംഗ് ഷെഡുകളെ കോർപറേഷനോ, പൊതുമരാമത്ത് വകുപ്പോ തിരിഞ്ഞുനോക്കുന്നില്ല.കമ്പികൾ തുരുമ്പിച്ചും അടർന്നും യാത്രക്കാർക്ക് ഭീഷണിയായാണ് ഇവയുടെ നിൽപ്പ്. കാൾടെക്സിലെ വൈദ്യുതി ഭവന് മുമ്പിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ കമ്പികൾ തുരുമ്പ് കയറി നശിക്കുകയാണ്. ഇതിന്റെ പെയിന്റും അടർന്നുപോയി. നിലം പൊട്ടിപ്പൊളിഞ്ഞ് മഴയെത്തിയാൽ വെള്ളം കെട്ടിനിൽക്കുന്ന രീതിയിലാണുള്ളത്. കാൽടെക്സിൽ തന്നെ കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപം എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച ബസ് വെയിറ്റിംഗ് ഷെൽട്ടറാകട്ടെ ഇരിപ്പിടത്തിന്റെ കുറവ് മൂലം യാത്രക്കാർക്ക് ഉപകരിക്കുന്നുമില്ല. കോഴിക്കോട്, തലശ്ശേരി, കൂത്തുപറമ്പ് ഭാഗങ്ങളിലേക്ക് പോകുന്ന യാത്രക്കാർ വെയിറ്റിംഗ് ഷെഡിന് പുറത്താണ് ബസ് കാത്തിരിക്കുന്നത്. കാലവർഷം കൂടി എത്തിയാൽ വലിയ ദുരിതമാണ് യാത്രക്കാരെ കാത്തിരിക്കുന്നത്.


നിർമ്മിക്കാനാളുണ്ട്;സംരക്ഷിക്കാനില്ല
ഇത്തരം ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ സ്ഥാപിച്ച് ജനപ്രതിനിധികളുടെ പേര് എഴുതി വയ്ക്കുന്നതോടെ പണം മുടക്കുന്നവരുടെ കടമ കഴിഞ്ഞു. ഇവയുടെ പരിപാലനത്തിന് മരാമത്ത് വകുപ്പൊ, തദ്ദേശ സ്ഥാപനങ്ങളോ തയ്യാറല്ല.അറ്റകുറ്റപ്പണിയും പരിപാലനവും തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് പറഞ്ഞ് ഇവർ കൈയൊഴിയും.ശമ്പളത്തിനു പോലും ബുദ്ധിമുട്ടുന്നുവെന്ന കാരണം പറഞ്ഞ് തദ്ദേശ സ്ഥാപനങ്ങൾ ഇതിൽ നിന്നും തലയൂരും.അനുമതി നൽകുക മാത്രമാണ് തങ്ങളുടെ ഉത്തരവാദിത്തമെന്നതാണ് പൊതുമരാമത്ത് വകുപ്പിന്റെ നിലപാട്. അതെസമയം അറ്റകുറ്റപ്പണികൾ നടത്താൻ സാധിക്കുന്നവ നവീകരിക്കണമെന്നും അല്ലാത്തവ റോഡരികിൽ നിന്ന് പൊളിച്ച് നീക്കണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.

കാത്തിരിപ്പ് പൊതുനിരത്തിൽ

ടൗൺ പോലീസ് സ്‌റ്റേഷന് സമീപം യാത്രക്കാർക്ക് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്ലാത്തതും ദുരിതമാണ്. പയ്യന്നൂർ, തളിപ്പറമ്പ്, കൂത്തുപറമ്പ്, അഞ്ചരക്കണ്ടി ഭാഗങ്ങളിലേക്ക് പലരും ബസ് കയറുന്നത് ഇവിടെ നിന്നാണ്. മഴക്കാലം കൂടി എത്തിയാൽ ഇവിടെ യാത്രക്കാർ വലിയ ദുരിതത്തിലാകും. ഇവിടെ ആധൂനികമായ ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL