കണ്ണൂർ: ലഹരിക്ക് കടിഞ്ഞാണിടുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ നർകോട്ടിക് സെല്ലുകൾ വരുന്നു. ദിനംപ്രതി മയക്കുമരുന്നു കേസുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പൊലീസ് സ്റ്റേഷനുകളിൽ നർകോട്ടിക് സെല്ലുകൾ പ്രവർത്തിക്കാനൊരുങ്ങുന്നത് പ്രതീക്ഷ നൽകുന്നതാണ്.
ജില്ലയിൽ കഴിഞ്ഞദിവസം തളിപ്പറമ്പിൽ ഉൾപ്പെടെ വൻ ലഹരി വേട്ടയാണുണ്ടായത്. ഇത്തരം കേസുകളിൽ യുവാക്കളാണ് കൂടുതലായും പ്രതി സ്ഥാനത്തേക്ക് വരുന്നതെന്നതും ആശങ്കയുണ്ടാക്കുകയാണ്. നിലവിൽ, പൊലീസ് ആസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് ഡിവൈ.എസ്.പിമാരുടെ കീഴിലാണ് നർകോട്ടിക് സെല്ലിന്റെ പ്രവർത്തനം. എന്നാൽ, ലഹരിയെ തൂത്തെറിയാൻ പൊലീസിന്റെ പുതിയ യജ്ഞമായ തൂഫാൻ ദി നർകോ ഹണ്ടിന്റെ ഭാഗമായാണ് പൊലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് നർകോട്ടിക് സെല്ലുകൾ തുടങ്ങാൻ ശിപാർശ നൽകിയിരിക്കുന്നത്.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നും സിന്തറ്റിക് മയക്കുമരുന്നുകൾ എത്തുന്നത് തടയാൻ അതിർത്തി ചെക്ക് പോസ്റ്റുകളിൽ നർകോട്ടിക് സ്ക്വാഡുകളെയും വിന്യസിക്കും. എക്സൈസ്-കേരള പൊലീസ് സംയുക്ത ടീമായിരിക്കും നർകോട്ടിക് സ്ക്വാഡുകളിൽ ഉണ്ടായിരിക്കുക. സ്കൂളുകളിൽ എസ്.പി.സിയുടെയും കോളേജുകളിൽ എൻ.സി.സിയുടെയും നേതൃത്വത്തിൽ മയക്കുമരുന്ന് ഉപയോഗം കണ്ടെത്താൻ പ്രത്യേക ടീമുകളെ നിയോഗിക്കുന്നതിനെക്കുറിച്ചും പരിഗണിക്കുന്നുണ്ട്. നർകോട്ടിക് സെല്ലിന്റെ കീഴിലുള്ള ഡാൻസാഫ് ടീമിനെ വിപുലീകരിക്കും. അംഗങ്ങളുടെ എണ്ണംകൂട്ടി മയക്കുമരുന്ന് പിടികൂടാൻ പ്രത്യേക പരിശീലനം ഇവർക്കു നല്കും. 24 മണിക്കൂറും ഡാൻസാഫ് അംഗങ്ങളുടെ സേവനം ദീർഘിപ്പിക്കും.
ജില്ലാ നർകോട്ടിക് സെൽ
കേരളത്തിൽ ലഹരിമരുന്ന് ഉപയോഗവും കടത്തും തടയുന്നതിനായി കേരള പൊലീസിനു കീഴിൽ പ്രവർത്തിക്കുന്ന പ്രത്യേക വിഭാഗമാണ് ജില്ലാ നാർകോട്ടിക് സെൽ. മയക്കുമരുന്ന് വിതരണക്കാരെക്കുറിച്ചും ഉപയോഗിക്കുന്നവരെക്കുറിച്ചും രഹസ്യവിവരങ്ങൾ ശേഖരിച്ച് ലോക്കൽ പൊലീസിന് കൈമാറുകയും ആവശ്യമായ റെയ്ഡുകൾ നടത്തുകയും ചെയ്യുന്നു. കൂടാതെ, വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയാൻ ക്ലീൻ കാമ്പസ് സേഫ് കാമ്പസ്, സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് എന്നിവയുടെ നോഡൽ ഏജൻസിയായും പ്രവർത്തിക്കുന്നു.
പ്രധാന ചുമതലകൾ
മയക്കുമരുന്ന് മാഫിയകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക
എൻ.ഡി.പി.എസ് കേസുകൾ കൈകാര്യം ചെയ്യുക
സ്കൂളുകളിലും കോളേജുകളിലും ബോധവത്കരണം നടത്തുക
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |