
കാസർകോട് ആദൂരിൽ സഹോദരങ്ങൾ മതിലിടിഞ്ഞ് മരിച്ചു പയ്യന്നൂരിൽ വീട് തകർന്നു ചിറക്കലിൽ പൈതൃകമണ്ഡപം തകർന്നു
കണ്ണൂർ/കാസർകോട്: കണ്ണൂർ,കാസർകോട് ജില്ലകളിൽ കാലവർഷം വരവറിയിച്ചത് അതിതീവ്രമഴയോടെ. ചിലയിടങ്ങളിൽ ആഞ്ഞുവീശിയ കാറ്റിൽ കനത്ത നാശനഷ്ടവുമുണ്ട്.കാസർകോട് ആദൂരിൽ മതിൽ ഇടിഞ്ഞുവീണ് സഹോദരങ്ങൾ മരിച്ചു. മറ്റൊരു കുട്ടിക്ക് പരിക്കേറ്റിട്ടുമുണ്ട്. മുൻസീർ, മുസമ്മിൽ എന്നിവരാണ് മരിച്ചത്. മറ്റിടങ്ങളിൽ വീടുകൾ തകർന്നും മതിലുകൾ ഇടിഞ്ഞുവീണും മരങ്ങൾ കടപുഴകിയുമാണ് നാശനഷ്ടമുണ്ടായത്.ശക്തമായ മഴയും കാറ്റും അടുത്തദിവസങ്ങളിലും തുടരുമെന്ന് കാലാവസ്ഥവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കനത്ത മഴയിൽ അങ്ങിങ് ദുരിതം; വീടും, മണ്ഡപവും നിലംപൊത്തി
കണ്ണൂർ ജില്ലയിൽ അതിതീവ്ര മഴ തുടരുകയാണ്. കനത്ത മഴയിൽ പയ്യന്നൂർ കാങ്കോലിൽ വീട് തകർന്നു. വെള്ളാർക്കുളങ്ങര ക്ഷേത്രത്തിന് സമീപത്തെ പുണ്ണാക്കൽ തമ്പായിയുടെ വീടാണ് കനത്ത മഴയിൽ തകർന്നത്. ചിറക്കൽ ചാമുണ്ഡി കോട്ടത്തിന്റെ പൈതൃക മണ്ഡപം പൂർണമായും തകർന്നുവീണു. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് സംഭവം. ഒരു മാസം മുൻപ് നിർമ്മിച്ച കെട്ടിടമാണിത്. അപകടത്തിൽ ആർക്കും പരിക്കില്ല. 25ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി അധികൃതർ പറഞ്ഞു. മണ്ഡപത്തിന്റെ കെട്ടിടം പൂർണമായും തകർന്നു വീഴുകയായിരുന്നു.
കാഞ്ഞങ്ങാട് മാവുങ്കാലിൽ ചുറ്റുമതിലിന്റെ ഭാഗം ഇടിഞ്ഞുവീണ സ്‌കൂട്ടർ യാത്രക്കാർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം . കല്യാൺ റോഡിന് സമീപം ഇൻഡസ് മേട്ടോഴ്സിന് തൊട്ടടുത്തുള്ള സ്വകാര്യ വ്യക്തിയുടെ ചുറ്റുമതിലിന്റെ ഒരു ഭാഗമാണ് ശക്തമായ മഴയിൽ ഇടിഞ്ഞുവീണത്.സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു കല്ലഞ്ചിറ സ്വദേശികളായ പ്രിയേഷ് ജോർജ്ജ് വിഷ്ണു എന്നിവരെ പരിക്കുകളോടെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു.
മടിക്കൈ തീയ്യർപാലം തണ്ടാറയിലെ ശകുന്തളയുടെ വീട് കാലവർഷത്തിൽ തകർന്നു. വീടിനകത്ത് ആൾക്കാരില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. കിടപ്പുമുറിയുടെ ഒരു ഭാഗമാണ് തകർന്നത്. 25000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
നീലേശ്വരം താലൂക്ക് ആശുപത്രി വളവിൽ മരം റോഡിലേക്ക് പൊട്ടിവീണ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.ബസ്സുകളടക്കമുള്ള വാഹനങ്ങൾ പട്ടേന ബ്ലോക്ക് ഓഫീസ് വഴി തിരിച്ച് വിട്ടു.കൊട്ടുമ്പുറത്ത് കുറ്റൻ ആൽമരവും കടപുഴകി.
വെള്ളക്കെട്ടിൽ മുങ്ങി കണ്ണൂർ നഗരം
റോഡ് പണി നടക്കുന്നത് മൂലമുള്ള നിയന്ത്രണവും പലയിടങ്ങളിലുമായുള്ള വെള്ളക്കെട്ടും കണ്ണൂർ നഗരത്തിലെ യാത്ര ദുരിതപൂർണമാക്കി . കണ്ണൂർ കളക്ടറേറ്റിന് മുന്നിലുള്ള നടപ്പാതയിലെ നവീകരണം മൂലം കാൽനടയാത്രാക്കാർ റോഡിൽ ഇറങ്ങിയാണ് നടക്കുന്നത്. കാൾടെക്സിലെ
വെള്ളക്കെട്ട് യാത്രക്കാരെ ദുരിതത്തിലാഴ്ത്തി. ടൗൺ പൊലീസ് സ്റ്റേഷന് സമീപത്തെ റോഡിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ പെരുമഴയത്ത് ഗതാഗതകുരുക്ക് രൂപപ്പെട്ടു.
മലയോരം അതിജാഗ്രതയിൽ
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ മലയോര മേഖല ജാഗ്രതയിലാണ്. കുറഞ്ഞ സമയം കൊണ്ട് മഴ ശക്തമാകുന്ന സാഹചര്യമുള്ളതിനാൽ മലവെള്ള പാച്ചലിനും മിന്നൽ പ്രളയത്തിനും സാദ്ധ്യതയുണ്ടെന്ന് ദുരന്തനിവാരണ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉരുൾപൊട്ടൽ സാദ്ധ്യതയും മുന്നിലുണ്ട്. ജനങ്ങൾ കനത്ത ജാഗ്രത പുലർത്തണമെന്ന കാലാവസ്ഥ കേന്ദ്രം അറിയിച്ചു. മലയോര മേഖലയിൽ ഉരുൾപൊട്ടലിന് സാദ്ധ്യതയുള്ള പയ്യാവൂർ, കാഞ്ഞിരക്കൊല്ലി, ചെറുപുഴ എന്നീ മേഖലകളിലുള്ള ജനം കനത്ത ജാഗ്രതയിലാണ്. വെള്ളപ്പൊക്ക സാദ്ധ്യതയുള്ള ശ്രീകണ്ഠപുരം നഗരത്തിലും വ്യാപാരികൾ മഴ കനത്തതോടെ കനത്ത ജാഗ്രതയിലാണ്. ശക്തമായ കാറ്റിലും മഴയിലും റോഡരികിലെ മരം പൊട്ടി വീഴാനുള്ള സാദ്ധ്യതയുള്ളതിനാൽ യാത്രകൾ ഒഴിവാക്കാനും നിർദ്ദേശമുണ്ട്.
കരുതണം ; അപകടം മുന്നിലുണ്ട്
രാത്രികാല യാത്ര ഒഴിവാക്കണം.
വെള്ളപ്പൊക്ക സാദ്ധ്യതയുള്ള പ്രദേശങ്ങളിലേക്ക് യാത്ര ഒഴിവാക്കണം.
വൈദ്യുത ലൈനുകൾ പൊട്ടിവീണത് കണ്ടാൽ അധികൃതരെ അറിയിക്കണം.
നദികൾ, തോടുകൾ, അണക്കെട്ടുകൾ എന്നിവയുടെ സമീപത്ത് അനാവശ്യമായി പോകരുത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |