SignIn
Kerala Kaumudi Online
Friday, 19 June 2026 12.07 AM IST

എടപ്പുഴയിൽ നാശംവിതച്ച് ചുഴലിക്കാറ്റ്; കടയും സ്കൂട്ടറും തകർന്നു

scooter
എടപ്പുഴ ടൗണിൽ നിർത്തിയിട്ടിരുന്ന സ്‌കൂട്ടറിന് മുകളിൽ തെങ്ങ് വീണപ്പോൾ

ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ എടപ്പുഴ കീഴങ്ങാനം മേഖലയിൽ ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ ചുഴലിക്കാറ്റിലും മഴയിലും വ്യാപക നാശം. എടപ്പുഴ ടൗണിൽ തെങ്ങ് പൊട്ടി വീണ് കടയ്ക്കും കടയ്ക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടറിനും കേടുപാടുകൾ സംഭവിച്ചു. കൊരണ്ടിക്കവേലിൽ സിബിയുടെ കടയ്ക്കാണ് കേടുപാടുകൾ സംഭവിച്ചത്. കടയ്ക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന ബെന്നി വട്ടുകുളത്തിന്റെ സ്‌കൂട്ടർ തെങ്ങ് വീണ് ഭാഗികമായി തകർന്നു.

എടപ്പുഴ ടൗണിന് സമീപം കടയോട് ചേർന്ന് നിന്ന തെങ്ങാണ് പൊട്ടിവീണത്. കടയുടെ മുൻഭാഗത്തെ ഷെഡ് തകർത്തു കൊണ്ടാണ് തെങ്ങ് നിലംപൊത്തിയത്. മഴക്ക് മുന്നേ പലരും വീട്ടിലേക്ക് മടങ്ങിയതുകൊണ്ട് കടയ്ക്ക് മുന്നിൽ ഇരുചക്ര വാഹനങ്ങൾ കുറവായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. മഴ ശക്തിപ്പെട്ടതോടെ കടയ്ക്ക് വെളിയിലെ ഷെഡിൽ നിന്നിരുന്ന 30 ൽ അധികം വരുന്ന ആളുകൾ കടയ്ക്കുള്ളിലേക്ക് കയറിയത് മൂലം വലിയ അപകടം ഒഴിവായി. തെങ്ങ് പൊട്ടിവീണ് അപകടം നടന്ന റോഡിന്റെ എതിർവശത്തായുള്ള ഓട്ടോറിക്ഷ സ്റ്റാൻഡിൽ നാലോളം ഓട്ടോറിക്ഷകളും പാർക്ക് ചെയ്തിരുന്നു.

ടോമി ആലുംപറമ്പിലിന്റെ 50 ഓളം വാഴകൾ നിലംപൊത്തി. ജോസ് മാളികയ്ക്കലിന്റെ വീടിന്റെ മുകളിലേക്ക് മരത്തിന്റെ ശിഖരം പൊട്ടിവീണ് വീടിന്റെ മേൽക്കൂരയിലെ ഓടുകൾക്ക് കേടുപാട് സംഭവിച്ചു. ഓടുകൾ താഴെ വീഴാതെ മച്ചിന്റെ മുകളിൽ തങ്ങിനിന്നതുകൊണ്ട് വീട്ടിലുണ്ടയിരുന്നവർ പരിക്കേൽക്കാതെ രക്ഷപെട്ടു. കീഴങ്ങാനത്ത് സമീപത്തെ പുരയിടത്തിലെ മരം കടപുഴകി വീണ് കുടിയംപ്ലാക്കൽ ഷൈജുവിന്റെ വീടിന്റെ മതിൽ തകർന്നു. വഴിക്ക് കുറുകെ വീണ മരം പിന്നീട് നാട്ടുകാർ മുറിച്ചുമാറ്റി.

കാർഷിക വിളകൾ നശിച്ചു

മേഖലയിൽ നിരവധി കർഷകരുടെ വാഴയും, തെങ്ങും കവുങ്ങും കശുമാവും റബറും പ്ലാവും, ഉൾപ്പെടെയുള്ള കാർഷിക വിളകൾ മറിഞ്ഞുവീണും പൊട്ടിവീണും നശിച്ചു. നിരവധി സ്ഥലങ്ങളിലെ വൈദ്യുതി തൂണുകളും ലൈനും പൊട്ടിവീണ് വൈദ്യുതി ബന്ധങ്ങളും താറുമാറായി. എടപ്പുഴയോട് ചേർന്ന ആറളം പഞ്ചായത്തിലെ പിണ്ണാക്കനാട്ട് മാത്യുവിന്റെ 75 ഓളം വാഴകൾ കാറ്റിൽ നശിച്ചു. സമീപ വാസികളുടെ കൃഷിയിടത്തിലും നാശനഷ്ടം സംഭവിച്ചു. വഴിക്ക് കുറുകനെ വീണ മരങ്ങൾ രാത്രിയിൽ തന്നെ നാട്ടുകാർ വെട്ടി മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL