SignIn
Kerala Kaumudi Online
Thursday, 02 July 2026 5.14 AM IST

ബാംബൂ ഇൻഡസ്ട്രിയൽ വില്ലേജ് ആദ്യ ഘട്ടം പൂർത്തിയായി

bamboo
ഉർവരം 2026 പദ്ധതിയുടെ ഭാഗമായി മുളകൾ കൊണ്ട് നിർമ്മിച്ച വിവിധ വസ്തുക്കൾ കൊണ്ട് ഒരുക്കിയ ആർട്ട് ഗാലറി

ഇരിട്ടി: തൊഴിൽരഹിതരായ വനിതകൾക്ക് പരിശീലനം നൽകി പായം പഞ്ചായത്തിനെ ബാംബൂ ഇൻഡസ്ട്രിയൽ വില്ലേജ് ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച 'ഉർവരം 2026' പദ്ധതി വൻ വിജയമാകുന്നു.

ഒന്നാംഘട്ട പരിശീലന പരിപാടിയുടെ ഭാഗമായി തയ്യാറാക്കിയ മുളന്തണ്ടുകളിൽ മനോഹരമായ മ്യൂറൽ പെയിന്റിംഗുകൾ, ബാംബു മ്യൂറൽ ഡെക്കാ പേജ് നിർമ്മാണം, മുളയിലും ഈറ്റയിലും മെടഞ്ഞ കുട്ടകളും വട്ടികളും കരകൗശല വസ്‌തുക്കളുമെല്ലാം മുളം തണ്ടുകൾ കൊണ്ട് എങ്ങിനെ വിസ്മയം തീർക്കാം എന്നതിന്റെ നേർക്കാഴ്ചയാണ്. പായം പഞ്ചായത്തിൽ താത്കാലികമായി തയാറാക്കിയ ആർട്ട് ഗാലറിയിലാണ് ഇവ പ്രദർശനത്തിന് വച്ചിരിക്കുന്നത്. മൂന്ന് വിഭാഗങ്ങളിലായി പരിശീലനത്തിൽ ഉണ്ടായിരുന്ന 60 വനിതകൾ മുളയിൽ തയാറാക്കിയ ശിൽപങ്ങളും കരകൗശല വസ്‌തുക്കളുമാണ് ആർട്ട് ഗാലറിയിൽ സജ്ജീകരിച്ചിട്ടുള്ളത്.

പരമ്പരാഗത മുള ഉത്പന്ന നിർമാണം, മ്യൂറൽ പെയിന്റിംഗ്, ബാംബു മ്യൂറൽ ഡെക്കാ പേജ് എന്നീ വിഭാഗങ്ങളിലായാണ് പരിശീലനം നൽകിയത്. അഞ്ചു വർഷത്തിനകം തൊഴിൽരഹിതരായ 400 വനിതകൾക്കു മുളയുൽപന്ന നിർമ്മാണ, കരകൗശല രംഗത്ത് സ്വയം തൊഴിൽ ലഭ്യമാക്കുന്നതിനുള്ള ഈ പദ്ധതി പായത്തിന്റെ മുഖച്ഛായ മാറ്റുമെന്നതിൽ സംശയം ഇല്ലെന്ന് പദ്ധതിയുടെ ആദ്യഘട്ട സമാപനവും താത്കാലിക ആർട് ഗാലറിയും ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി. ഷബ്‌ന പറഞ്ഞു.

മുളഗ്രാമത്തിൽ തുടക്കം

വയനാട് ജീവൻ ജ്യോതിയുമായി സഹകരിച്ച് 2023ൽ പഞ്ചായത്ത് പരിധിയിലെ ബാരാപ്പുഴയുടെ കരകളിൽ 10 കിലോമീറ്റർ ദൂരത്തിൽ മുളകൾ നട്ടുപിടിപ്പിച്ചിരുന്നു. 26 ഇനങ്ങളിലായി 5000 മുളകളാണ് നട്ടത്. ഇവ 3 വർഷത്തിനകം വളർച്ചയെത്തി പടർന്നു പന്തലിച്ചു. കിളിയന്തറയിലെ മുള, ഈറ്റ, പനമ്പ് നെയ്ത്തുകാരായ പരമ്പരാഗത തൊഴിലാളികൾക്കു മുള ലഭ്യമാക്കാനും പുഴയോര സംരക്ഷണത്തിനും പദ്ധതിയൊരുക്കിയാണ് അന്ന് പഞ്ചായത്ത് മുളഗ്രാമത്തിന് തുടക്കമിട്ടതെങ്കിലും ഇതിൻ്റെ തുടർച്ചയായാണ് ബാംബു ഇൻഡസ്ട്രിയൽ വില്ലേജ് പദ്ധതി നടപ്പാക്കുന്നത്. വളർച്ചയെത്തിയ മുളകൾ ഉപയോഗിച്ച് മൂല്യവർധിത കരകൗശല ഉൽപന്നങ്ങൾ നിർമിച്ച് വിപണിയിൽ എത്തിക്കുന്ന തരത്തിൽ മുളയധിഷ്ഠിത വ്യവസായ വില്ലേജാക്കി പായത്തെ മാറ്റുകയാണ് ലക്ഷ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, GALLERY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL