പാപ്പിനിശ്ശേരി: നാട്ടുകാർക്ക് വലിയ പ്രതീക്ഷകൾ നൽകി ദേശീയപാതയിൽ വേളാപുരത്ത് അണ്ടർപാസേജ് നിർമാണത്തിന് നിലം ഒരുക്കിയെങ്കിലും ആറുമാസമായി ഒന്നും നടന്നില്ല. ജനുവരി ആദ്യമാണ് അണ്ടർപാസേജിനായി സ്ഥലത്തെ മണ്ണ് നീക്കി നിലം ഒരുക്കിയത്. പലവട്ടം മണ്ണ് പരിശോധനയടക്കം നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ മാസങ്ങളായി പണികളാകെ നിശ്ചലമാണ്. നിലം ഒരുക്കിയ സ്ഥലത്തെ കുഴിയിൽ മഴയിൽ വെള്ളം നിറഞ്ഞതോടെ അപകട ഭീഷണിയിലും പകർച്ചവ്യാധി ഭീഷണിയിലുമാണ് നാട്ടുകാർ.
അണ്ടർപാസേജ് നിർമിക്കാനുള്ള തീരുമാനം ദേശീയപാത അധികൃതർ അറിയിച്ചെങ്കിലും വലിപ്പത്തെക്കുറിച്ച് വ്യക്തമായ വിവരം അധികൃതർ പുറത്ത് വിട്ടില്ല. എന്തായാലും ചെറിയ വാഹനങ്ങൾക്ക് മാത്രം കടക്കാനുള്ള അണ്ടർപാസേജാണ് നിർമിക്കുക എന്ന് മാത്രമായിരുന്നു അധികൃതർ വ്യക്തമാക്കിയിരുന്നത്. ജനുവരിയിൽ പ്രവൃത്തി തുടങ്ങി മാർച്ചോടെ പൂർത്തിയാക്കുമെന്നുള്ള വാഗ്ദാനമാണ് പാഴായത്. പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത കാരണം അണ്ടർപാസേജ് തന്നെ ഒഴിവാക്കി വേളാപുരം മുതൽ തുരുത്തിവരെ ഭിത്തികെട്ടി മണ്ണിട്ട് ഉയർത്തി പാതയൊരുക്കുന്നത് ഉചിതമല്ലെന്ന വിദഗ്ദ്ധ റിപ്പോർട്ടും അതിനിടയിൽ ഉയർന്നിരുന്നു. ഇതിന്റെ മുന്നോടിയായി പാപ്പിനിശ്ശേരി പഞ്ചായത്തും ഇത്തരം കൂറ്റൻ ഭിത്തി കെട്ടി മണ്ണിട്ട് ഉയർത്തിയാൽ അപകട സാധ്യതയുണ്ടെന്ന് നിവേദനങ്ങളിലൂടെ ദേശീയപാത അധികൃതരെ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ആദ്യ പദ്ധതിരേഖ പ്രകാരമുള്ള നിർമാണരീതി തന്നെ മാറ്റം വരുത്തണമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്.
ദേശീയപാത നിർമാണവും നിലച്ചു
നിലവിൽ ഈ പ്രദേശത്താകെ ദേശീയപാതയിൽ ഒരു നിർമാണവും നടക്കാത്ത സ്ഥിതിയാണ്. കണ്ണൂർ റീച്ചിൽ 87 ശതമാനം പണി പൂർത്തിയാക്കിയതായി അടുത്തിടെ ദേശീയപാത അധികൃതർ വ്യക്തമാക്കിയിരുന്നു. എന്നാൽ പല സ്ഥലത്തും ഇനിയും ദീർഘകാലം കൊണ്ട് പൂർത്തിയാക്കേണ്ട പ്രവൃത്തികൾ തന്നെ ബാക്കിയാണ്. പല സ്ഥലത്തും രൂപ കൽപ്പന ചെയ്തത് തന്നെ മാറ്റങ്ങൾ വരുത്തി പലതവണ തിരുത്തിയാണ് നിർമാണം നടത്തിയത്. വേളാപുരം മുതൽ തുരുത്തിയിലെ പുതിയ പാലം വരെയുള്ള ഭാഗത്തെ മണ്ണിന്റെ ഘടന കൂടി കണക്കിലെടുത്ത് മേൽപ്പാലമോ വയഡക്ടുകൾ അടക്കമുള്ള നിർമാണങ്ങളോ വേണ്ടി വന്നേക്കുമെന്ന സൂചനകളാണ് അധികൃതർ നൽകുന്നത്. അതിന്റെ ഭാഗമായി കഴിഞ്ഞ രണ്ടുമാസമായി കൂടുതൽ സ്ഥലങ്ങളിൽ മണ്ണ് പരിശോധനയും നടത്തിവരികയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |