കണ്ണൂർ: അദ്ധ്യാപക യോഗ്യതാ പരീക്ഷയായ കെ ടെറ്റിന്റെ വെരിഫിക്കേഷൻ അദ്ധ്യാപകർക്ക് ദുരിതമായി. കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ ഒരു കേന്ദ്രത്തിൽ മാത്രമായിരുന്നു വെരിഫിക്കേഷൻ.
കണ്ണൂർ ഗവൺമെന്റ് മുനിസിപ്പൽ ഹയർ സെക്കൻഡറി സ്കൂളിൽ ഇന്നലെ രാവിലെ മുതൽ ആയിരത്തോളം പേരാണ് ഒരേ സമയം വെരിഫിക്കേഷനെത്തിയത്. 500 പേർക്ക് മാത്രമാണ് ടോക്കൺ നൽകിയത്. എന്നിട്ടും വൈകീട്ട് വരെ അദ്ധ്യാപകർക്ക് ക്യൂ നിൽക്കേണ്ട സ്ഥിതിയായിരുന്നു. സുതാര്യമായി എളുപ്പത്തിൽ നടക്കേണ്ട പരിശോധന വേണ്ടത്ര ക്രമീകരണങ്ങളില്ലാതെയാണ് നടത്തിയതെന്ന് അദ്ധ്യാപകർ ആരോപിച്ചു. ജില്ലയിലെ അദ്ധ്യാപകരെല്ലാം അവധിയെടുത്ത് കൂട്ടത്തോടെ വെരിഫിക്കേഷനെത്തിയതോടെ സ്കൂളുകളുടെ പ്രവർത്തനവും അവതാളത്തിലായി.
സർവീസിലുള്ള അദ്ധ്യാപകരുൾപ്പെടെ ഏറ്റവും കൂടുതൽ പേർ എഴുതിയതാണ് ഇക്കഴിഞ്ഞ കെ ടെറ്റ് പരീക്ഷ. സർവീസിലുള്ള അദ്ധ്യാപകർ സർവീസ് ബുക്ക് ഹാജരാക്കിയാൽ മതിയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞദിവസം ഉത്തരവിറക്കുകയും ചെയ്തിരുന്നു. സർവീസിലുള്ള അദ്ധ്യാപകർക്കു പുറമെ ബി.എഡ് പരീക്ഷ വിജയിച്ച ഉദ്യോഗാർത്ഥികൾ കൂടി വെരിഫിക്കേഷനായി എത്തിയതാണ് തിരക്കിനിടയാക്കിയത്. അദ്ധ്യാപകർക്ക് നിശ്ചിത ആളുകളുടെ എണ്ണം വച്ച് ടൈം ഷെഡ്യൂൾ നൽകിയിരുന്നെങ്കിൽ നിലവിലെ പ്രശ്നം ഒഴിവാക്കാമായിരുന്നുവെന്ന് അദ്ധ്യാപകർ പറഞ്ഞു.
ക്രമീകരണങ്ങൾ ഒരുക്കിയില്ല
വെരിഫിക്കേഷൻ കേന്ദ്രത്തിൽ തിരക്ക് മുന്നിൽ കണ്ട് ആവശ്യമായ ക്രമീകരണങ്ങൾ ഒന്നും തന്നെ ഒരുക്കിയിരുന്നില്ല. സെൻസസ് ഡ്യൂട്ടിയിലുള്ള അദ്ധ്യാപകർ അത് മാറ്റിവെച്ച് മണിക്കൂറുകളോളം വരി നിൽക്കേണ്ടി വന്നു. എല്ലാ കാറ്റഗറിക്കാരെയും ഒരേ ദിവസം വിളിച്ചതും പ്രതിസന്ധിക്ക് കാരണമായി.
രാവിലെ എട്ട് മുതൽ ടോക്കൺ നൽകി. പത്ത് മുതൽ വെരിഫിക്കേഷൻ തുടങ്ങി. വെരിഫിക്കേഷൻ അടുത്ത ദിവസവും നടക്കും. തീയതി അറിയിച്ചിട്ടില്ല. മറ്റ് ജില്ലകളിലും സമാന സ്ഥിതിയായിരുന്നു. പലയിടത്തും അദ്ധ്യാപകരുടെ ക്യൂ റോഡിലേക്കു വരെ എത്തിയിരുന്നു.
ഉപജില്ലാ കേന്ദ്രങ്ങളിൽ നടത്തണം
വിവിധ ദിവസങ്ങളിൽ കാറ്റഗറി അടിസ്ഥാനത്തിൽ ഉപജില്ലാ കേന്ദ്രങ്ങളിൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തിയാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് വിവിധ അദ്ധ്യാപക സംഘടനകളുടെ ആവശ്യം. ജില്ലയിലെ 15 ഉപജില്ലാ കേന്ദ്രങ്ങളിൽ വെരിഫിക്കേഷൻ നടത്തുകയാണെങ്കിൽ വെരിഫൈ ചെയ്യുന്നവർക്കും അദ്ധ്യാപകർക്കുമുള്ള ബുദ്ധിമുട്ട് ഒഴിവാക്കാം. ഭൂരിഭാഗം അദ്ധ്യാപകരും ഏറെ ദൂരെ നിന്നുമാണ് അതിരാവിലെ ഇന്നലെ മുനിസിപ്പൽ സ്കൂളിൽ എത്തിയത്. സംസ്ഥാന തലത്തിൽ ആസൂത്രണം ചെയ്ത പാളിച്ചയാണ് എല്ലാ ജില്ലകളിലും അനുഭവപ്പെട്ടതെന്നാണ് ആക്ഷേപം.
സുതാര്യമായി എളുപ്പത്തിൽ നടക്കേണ്ട പരിശോധന വേണ്ടത്ര ക്രമീകരണങ്ങളില്ലാതെയാണ് നടത്തിയത്. നിശ്ചിത ആളുകളുടെ എണ്ണം വച്ച് ടൈം ഷെഡ്യൂൾ നൽകിയിരുന്നെങ്കിൽ നിലവിലെ പ്രശ്നം ഒഴിവാക്കാമായിരുന്നു.
അദ്ധ്യാപകർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |