ചക്കരക്കല്ല്: പെരളശ്ശേരി സഹകരണ ബാങ്കിന്റെ മേക്കേരി ശാഖയിൽ വ്യാജ സ്വർണാഭരണങ്ങൾ പണയംവെച്ച് 18,51,180 രൂപ തട്ടിയെടുത്ത സംഭവത്തിൽ നാലുപേർക്കെതിരെ ചക്കരക്കല്ല് പൊലീസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. ഇരിവേരി സ്വദേശികളായ മുനീർ, എം. ഗീത, ബാവോട് സ്വദേശി ധനേഷ്ബാബു, തലമുണ്ട സ്വദേശി അഫ്നാസ് എന്നിവരാണ് പ്രതികൾ. മൂന്ന് കേസുകളിലും അഫ്നാസ് പ്രതിയാണ്.
916 ബി.ഐ.എസ്. അടയാളം വ്യാജമായി പതിപ്പിച്ച സ്വർണാഭരണങ്ങൾ പണയംവെച്ചാണ് ബാങ്ക് അധികൃതരെ കബളിപ്പിച്ചത്. ബാങ്ക് അപ്രൈസറുടെ പരിശോധനയിൽ കൃത്രിമം കണ്ടെത്താനായിരുന്നില്ല. മുനീർ 120.800 ഗ്രാം സ്വർണം പണയംവെച്ച് 12,03,000 രൂപയും ധനേഷ്ബാബു 62.325 ഗ്രാം പണയംവെച്ച് 5,18,180 രൂപയും ഗീത 16 ഗ്രാം പണയംവെച്ച് 1,30,000 രൂപയും കൈപ്പറ്റി. അഫ്നാസിൽ നിന്ന് വാങ്ങിയ സ്വർണമാണ് പണയംവെച്ചതെന്നാണ് പ്രതികൾ പറയുന്നത്.
മുനീറിന് പണം നൽകിയശേഷം സംശയം തോന്നിയതിനെത്തുടർന്ന് ബാങ്ക് അധികൃതർ നടത്തിയ പരിശോധനയിലാണ് സ്വർണം വ്യാജമാണെന്ന് കണ്ടെത്തിയത്. തുടർന്ന് മറ്റ് ഇടപാടുകളും പരിശോധിച്ചപ്പോൾ സമാന തട്ടിപ്പുകൾ കൂടി കണ്ടെത്തുകയായിരുന്നു.
ബാങ്ക് മാനേജർ ഇൻ ചാർജ് എൻ.പി. ഷീജ നൽകിയ പരാതികളിലാണ് ഭാരതീയ ന്യായ സംഹിതയിലെ 318(4), 336(3), 3(5) വകുപ്പുകൾ പ്രകാരം കേസെടുത്തത്. എസ്.ഐ വി.സി രാജേഷ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു. എസ്.ഐ ഇ.വി വിനീതിനാണ് അന്വേഷണച്ചുമതല. ആഴ്ചകൾക്കു മുൻപ് ചക്കരക്കല്ലിലെ ഒരു ജ്വല്ലറിയിലും വ്യാജ സ്വർണം വിൽക്കാൻ ശ്രമം നടന്നിരുന്നു. ജ്വല്ലറി ഉടമയുടെ ജാഗ്രതയിൽ അന്ന് രണ്ടുപേർ പിടിയിലായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |