SignIn
Kerala Kaumudi Online
Saturday, 01 August 2026 3.53 AM IST

ഓണമെത്തും മുൻപ് വിപണിയിൽ വിലക്കയറ്റം  

market
വിലക്കയറ്റം

കണ്ണൂർ: ഓണമെത്തുന്നതിന് മുൻപ് തന്നെ വിപണിയിൽ അവശ്യ വസ്തുക്കൾക്ക് വിലക്കയറ്റം. പച്ചക്കറി മുതൽ അരിക്കും പഞ്ചസാരയ്ക്കും ഇറച്ചിക്കും വരെ പൊള്ളുന്ന വില. കാലാവസ്ഥാ മാറ്റം കാരണം അയൽസംസ്ഥാനങ്ങളിൽ ഉത്പാദനം കുറഞ്ഞതാണ് വിലക്കയറ്റം കത്തിക്കയറാൻ കാരണം. ദേശീയ ശരാശരിയേക്കാൾ ഉയർന്ന പണപ്പെരുപ്പ നിരക്കാണ് നാട്ടിൽ ഇപ്പോഴുള്ളതെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ.

വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 275 രൂപയായി ഉയർന്നിട്ടുണ്ട്. ക്യാരറ്റിന് മാത്രം ഒരാഴ്ചയ്ക്കിടെ 28 രൂപയാണ് വർദ്ധിച്ചത്. വില 100 രൂപയോട് അടുത്തെത്തി. ഇന്നലെ 98 രൂപയായിരുന്നു വിപണി വില.

ഹോട്ടലുകൾ സാധാരണയായി ഉപയോഗിക്കുന്ന കാമധേനു അരിയുടെ വില 52 രൂപയായി ഉയർന്നു. ഒരുമാസം മുൻപ് 48 രൂപ ഉണ്ടായിരുന്നിടത്താണ് വില വർദ്ധിച്ചത്. ബീഫിന് 400- 420 രൂപയാണ് വില. ഇന്ധന ചിലവും ഇറക്കുമതിച്ചിലവും തൊഴിലാളികളുടെ കൂലിയുമൊക്കെ വർദ്ധിക്കുകയാണ്. ബിരിയാണിക്ക് ദമ്മിടുന്ന മൈദയ്ക്കും കത്തിക്കുന്ന ചിരട്ടയ്ക്കും വരെ വിലകൂടിയതോടെ കാറ്ററിംഗ് മേഖലയിലുള്ളവരും ആശങ്കയിലാണ്. ദിവസേന 2000 രൂപയുടെ നഷ്ടം നേരിടുന്നുവെന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്. മിക്ക ഹോട്ടലുകളും ഇപ്പോഴേ നഷ്ടത്തിലാണ്. ഹോട്ടലുകളിൽ 180 മുതൽ 220 രൂപ വരെയാണ് ബിരിയാണി വിൽക്കുന്നത്. അവധി ദിനങ്ങളിൽ മാത്രമാണ് ഹോട്ടലുകളിൽ തിരക്ക്. നേരത്തെ സ്വീകരിച്ച ഓർഡറുകളിൽ പെട്ടിരിക്കുകയാണ് കാറ്ററിംഗ് സർവീസുകാർ.

പഞ്ചസാര വിലയും മേലോട്ട്

കഴിഞ്ഞ രണ്ട് മാസത്തിനിടെ പഞ്ചസാര വിലയിൽ കിലോയ്ക്ക് നാല് രൂപ മുതൽ ഏഴ് രൂപ വരെയാണ് വർദ്ധിച്ചത്. കഴിഞ്ഞ മാസം വരെ ചില്ലറ വിപണിയിൽ 43 മുതൽ 44 രൂപയായിരുന്ന പഞ്ചസാര വില നിലവിൽ 49 മുതൽ 51 രൂപയാണ്. മൊത്തവ്യാപാര വിപണിയിൽ ക്വിന്റലിന് 520 രൂപയുടെ വർദ്ധനയാണുണ്ടായത്. ജൂണിലെ 4380 രൂപയിൽ നിന്ന് ജൂലായിൽ 4900 രൂപയായി. മഴക്കുറവിൽ കർണാടകയിലും മഹാരാഷ്ട്രയിലും കരിമ്പ് ഉത്പാദനം കുറഞ്ഞതാണ് പഞ്ചസാര വില ഉയരാൻ കാരണം.

വിലക്കയറ്റം ഒറ്റനോട്ടത്തിൽ

വെളിച്ചെണ്ണ- 275
ക്യാരറ്റ്-98
പഞ്ചസാര -49-51
കുറുവ അരി വെള്ള-49
കുത്തരി- 49
ഓയിൽ-135
കടല-90
ചെറുപയർ-140


വില കൂടില്ലെന്ന് സപ്ലൈകോ

പച്ചക്കറി വില വർദ്ധനയുടെ ഭീഷണിയുണ്ടെങ്കിലും അരി, ഉഴുന്ന്, പരിപ്പ് മുതലായ സാധനങ്ങൾക്കു വില കൂടില്ലെന്നു സപ്ലൈകോ അധികൃതർ അറിയിച്ചു. സപ്ലൈകോ വഴി വിൽക്കുന്ന സാധനങ്ങൾക്ക് ഓണം വരെ വില കൂടില്ല.

അവശ്യ വസ്തുക്കളുടെ വില അനിയന്ത്രിതമായി ഇനിയും വർദ്ധിച്ചാൽ ഹോട്ടലുകളിലെ ഭക്ഷണത്തിന് വില വർദ്ധിപ്പിക്കേണ്ട സാഹചര്യമുണ്ടാകും

ടി. ജയപ്രകാശ്, ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, ONAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL