SignIn
Kerala Kaumudi Online
Wednesday, 05 August 2026 3.51 AM IST

ബെന്നിയെ ജീവിതത്തിലേക്ക് പിടിച്ചുയർത്തി രാജേഷ് പുഴയ്ക്ക് നൽകി സ്വന്തം ജീവൻ

ph-1

കണ്ണൂർ: സ്വന്തം ലൈഫും ജാക്കറ്റ് ഊരി നൽകി ബെന്നിയുടെ ജീവൻ തിരിച്ചുനൽകിയ രാജേഷിനെ മടങ്ങാൻ കലിതുള്ളി ഒഴുകിയ കാര്യങ്കോട് പുഴ അനുവദിച്ചില്ല.ചെറുപുഴ മീന്തുള്ളി തുരുത്തിൽ ജീവന് വേണ്ടി അപേക്ഷിച്ചുകൊണ്ടിരുന്ന ബെന്നിയെ രക്ഷിക്കാൻ അഗ്നിരക്ഷാ സേനാംഗങ്ങൾക്കൊപ്പം ഇറങ്ങിയ അഡ്വഞ്ചർ ഡിസാസ്റ്റർ സൊസൈറ്റി അംഗമായ രാജേഷിന്റെ മൃതദേഹം ഇന്നലെ ഉച്ചയോടെയാണ് കണ്ടെത്തിയത്.

അപകടത്തിൽ പെട്ടതിന്റെ നാലാംദിനത്തിലാണ് മൃതദേഹം കണ്ടെത്താനായത്. കാര്യങ്കോട് പുഴയിൽ ഇടവരമ്പ് കാനാപീടികയ്ക്ക് സമീപത്തെ കോച്ചേരി തുരുത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെയാണ് പുഴയ്ക്ക് നടുവിലെ തുരുത്തിൽ ഓടക്കാടുകൾക്കിടയിൽ മൃതദേഹം കണ്ടത് .ഇവിടെ നിന്നും റാഫ്റ്റിൽ കയറ്റി പുളിങ്ങോം പാലത്തിന് സമീപത്ത് എത്തിച്ച് കരയ്ക്ക് കയറ്റി.

ചെറുപുഴയിലെ രാജഗിരി, ജോസ് ഗിരി പ്രദേശത്തും കർണാടക വനത്തിലും ശനിയാഴ്ച ഉണ്ടായ കനത്തമഴയ്കും ഉരുൾപൊട്ടലിനും പിന്നാലെ കാര്യങ്കോട് പുഴയിൽ പെട്ടെന്ന് ജലനിരപ്പ് ഉയരുകയായിരുന്നു.രാവിലെ തന്റെ കൃഷിയിടത്തിലേക്ക് പോയ കോലുവള്ളിയിലെ ശബനിയിൽ ബെന്നി (61) വെള്ളം ഉയർന്നതോടെ മരത്തിൽ പിടിച്ച് സഹായത്തിനായി നിലവിളിക്കുന്ന ഘട്ടത്തിലാണ് രാജേഷും സംഘവും രക്ഷാപ്രവർത്തനത്തിനിറങ്ങിയത്

വിവരമറിഞ്ഞെത്തി കുത്തൊഴുക്കുള്ള പുഴ നീന്തിക്കടന്നാണ് ഷിബിൻ, റാഫ്റ്റർ ജിതിൻ എന്നിവർക്കൊപ്പം രാജേഷ് തുരുത്തിലെത്തിയത്. അൻപത് മീറ്ററോളം നീളമുള്ള വടം രാജേഷും സുഹൃത്തുക്കളും ബെന്നിയ്ക്ക് വെള്ളത്തിലേക്ക് എറിഞ്ഞ് കൊടുത്തു. എറിഞ്ഞ് കൊടുത്ത കയർ കെട്ടുന്നതിനിടെ ബെന്നിയുടെ വിരൽ മുറിഞ്ഞു.ഇതിനിടയിൽ രാജേഷും സംഘവും നീന്തി ബെന്നിയുടെ അടുത്തെത്തിയിരുന്നു. പിന്നാലെ അദ്ദേഹം ധരിച്ച ജാക്കറ്റ് ഊരിയെ ബെന്നിയെ ധരിപ്പിച്ചു. മടക്കയാത്രയിൽ ബെന്നിയെ മുന്നിലും ഷിബിനെയും ജിതിനെയും നടുവിലും നിർത്തി ഏറ്റവും പുറകിൽ സുരക്ഷാവടത്തിൽ പിടിച്ചുവരികയായിരുന്നു രാജേഷ്. നാൽപത് മീറ്ററോളം വീതിയുള്ള പുഴമുറിച്ചുകടന്ന് ഇക്കരെ എത്തുന്നതിനു തൊട്ടുമുമ്പാണ് ശക്തമായ ഒഴുക്കിൽ വടത്തിലെ പിടി നഷ്ടപ്പെട്ട് രാജേഷ് ഒഴുകിപ്പോയത്.

അഗ്നി രക്ഷാ സേന, കേരള കർണാടക വനം വകുപ്പ് ,എൻ.ടി.ആർ.എഫ്.ടീം, സ്‌കൂബാടീം, പൊലീസ്, റോഫ്റ്റേഴ്സ്, അഡ്വഞ്ചർ ടൂറിസം സംരംഭകർ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിലാണ് നാല് ദിവസമായി തിരച്ചിൽ നടത്തിയത്.

കല്ലിയൂർ അഡ്വഞ്ചർ ആന്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് ക്ലബ്ബായ ആഡംസ് ക്ലബിന്റെ പ്രസിഡന്റായ രാജേഷ് മൂന്ന് മാസമായി റെപ്പല്ലിംഗ് ഇൻസ്ട്രക്ടർ ആയി ഇടവരമ്പിൽ ജോലി ചെയ്യുകയായിരുന്നു.

രാജശേഖരന്റെയും ഗീതയുടെയും മകനാണ്. സഹോദരൻ രജ്ഞിത്ത് തമ്പാനൂരിലെ ട്രെയിൻ അപകടത്തിൽ രണ്ടു വർഷം മുൻപ് മരിച്ചിരുന്നു. സഹോദരി ആശ.ഭാര്യ: ഷാഫിയ. മക്കൾ: ആർഷൻ, അഭിഷേക് ഇരുവരും വിദ്യാർഥികൾ.

തനിക്ക് രക്ഷാകരം നീട്ടിയ യുവാവ് ഒരാപത്തുമില്ലാതെ തിരിച്ചുവരണമെന്ന പ്രാർത്ഥനയിലായിരുന്നു ബെന്നിയും കുടുംബവും കഴിഞ്ഞ ദിവസങ്ങളിലെല്ലാം. എന്നാൽ ആ പ്രാർത്ഥനകളെല്ലാം വെറുതെയായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL