
കണ്ണൂർ: വട്ടോപ്പലം, ആല്, അരയാൽ, പ്ലാവ്, മാവ്, കാഞ്ഞിരം, നെല്ലി, വെള്ളില, സൂത്രവള്ളി, കായൽ, പൊലുവള്ളി അടക്കം പതിനൊന്നു സസ്യങ്ങൾ.ഒപ്പം കൊയ്തതെടുത്ത നെൽക്കതിരുകൾ-ഐശ്വര്യപ്രദായകമായ ഇവയെ ഒരുമിച്ച് ബന്ധിച്ച് തെങ്ങോലമടലിന്റെ പാന്തം- ഓണക്കാലത്ത് തറവാടുകളിലും ക്ഷേത്രങ്ങളിലും ഐശ്വര്യം നിലനിൽക്കുന്നതിനായി വിവിധ ഭാഗങ്ങളിൽ കെട്ടിവെക്കുന്ന നിറയോലത്തെ വീണ്ടും ആഘോഷിച്ച് പയ്യന്നൂർ മഹാദേവ ഗ്രാമം.
പയ്യന്നൂർ സുബ്രഹ്മണ്യ സാമി ക്ഷേത്രത്തിൽ ഇന്ന് രാവിലെ 9.25നും 10.30നും ഇടയിൽ നടക്കുന്ന കൊട്ടാരം നിറ കഴിഞ്ഞതിന് ശേഷം ഭക്തജനങ്ങൾക്ക് നൽകുന്ന നെൽകതിർ കൂടി ഉൾപ്പെടുത്തി ഭക്ത്യാദരവ് പൂർവ്വമാണ് വീടുകളിൽ നിറയോലം കെട്ടുന്നത്.പയ്യന്നൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ നിറപുത്തരി ഉത്സവത്തിനുള്ള നിറയോലത്തിൽ പതിനൊന്ന് സസ്യങ്ങൾ വേണം. എന്നാൽ തലമുറകൾ മാറിയതോടെ ഇവയെക്കുറിച്ചുള്ള ധാരണ കുറഞ്ഞു. നിറയോലത്തിലെ സസ്യങ്ങളുടെ എണ്ണവും കുറഞ്ഞു.ഇങ്ങനെ മൺമറഞ്ഞുപോകുമായിരുന്ന ഈ ഗ്രാമീണാചാരത്തെ കാടുകയറി തിരികെയെത്തിക്കുകയാണ് മഹാദേവഗ്രാമം.
പതിനൊന്ന് ദേവഗണ സസ്യങ്ങളും ഉൾപ്പെടുത്തി ഇത്തവണത്തെ നിറയുത്സവം ആഘോഷമാക്കാൻ പയ്യന്നൂരിൽ കൂട്ടായ്മ ഒരുങ്ങുകയായിരുന്നു. ആയിരത്തിലധികം നിറയോലം കെട്ടി ഭക്തജനങ്ങൾക്ക് വിതരണം ചെയ്യാനാണ് ലക്ഷ്യം. പഴമക്കാരിൽ നിന്ന് ചോദിച്ചറിഞ്ഞ്, രാമന്തളി, കൊടക്കാട്, തങ്കയം എന്നിവിടങ്ങളിൽ അന്വേഷിച്ചാണ് പതിനൊന്ന് സസ്യങ്ങളും കണ്ടെത്തിയതെന്ന് കൂട്ടായ്മയിലെ പി.യു. മനോഹരൻ പറഞ്ഞു.
എന്താണ് നിറയോലം
വടക്കൻ കേരളത്തിന്റെ ഓണവുമായി ബന്ധപ്പെട്ട പരമ്പരാഗത ആചാരമാണ് നിറയോലം. ആദ്യം കൊയ്‌തെടുത്ത നെൽക്കതിരും തേങ്ങ, പഴങ്ങൾ, പൂക്കൾ തുടങ്ങിയ കാർഷിക വിളകളും ചേർത്ത് വീട്ടിലും തറവാടുകളിലും ക്ഷേത്രങ്ങളിലും നിറയ്ക്കുന്നതാണ് ചടങ്ങ്. തെക്കൻ കേരളത്തിൽ നെല്ലും പഴങ്ങളും മാത്രം മതിയെങ്കിൽ വടക്കൻ കേരളീയർ ഔഷധ സസ്യങ്ങൾ കൂടി ഉൾപ്പെടുത്തും.
പയ്യന്നൂരിലെ നിറയുത്സവ ചടങ്ങ്
തീയതിയും സമയവും പട്ടോല പൊതുവാൾ ക്ഷേത്ര തിരുനടയിൽ വായിച്ചുകേൾപ്പിച്ച് ഭക്തജനങ്ങളെ അറിയിക്കും. നിറ നിശ്ചയിച്ച് രണ്ട് ദിവസം മുൻപ് പറ പായൽ' ചടങ്ങ് നടക്കും.ചെണ്ടയുടെ അകമ്പടിയോടെ പട്ടോല പൊതുവാളും കുണ്ടോറ പെരുവണ്ണാനും സമീപ കാവുകളിലും കഴകങ്ങളിലും തീയതി അറിയിക്കും. തലേദിവസം ക്ഷേത്രത്തിന്റെ അകവും പുറവും വൃത്തിയാക്കുന്ന വേളയിൽ കുണ്ടോറ പെരുവണ്ണാൻ ചെണ്ട കൊട്ടണമെന്നതും ആചാരമാണ്. ക്ഷേത്രപരിധിയിലെ കേളോത്തുള്ള ആണ്ടാംകണ്ടത്തിൽ നിന്നാണ് നിറവുത്സവത്തിനുള്ള ആദ്യ നെല്ല് വാദ്യഘോഷത്തോടെ ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നത്. നെല്ല് കുത്തിയെടുത്ത് പുതുനെല്ല് കൈമാറുന്ന ചടങ്ങാണ് പുന്നെൽക്കൂഴം.അരിയാക്കി ആദ്യ പുത്തരിച്ചോറ് വിളമ്പുന്നതാണ് പുത്തരി. പുത്തരിക്കുള്ള പഞ്ചസാരക്കലം ക്ഷേത്രത്തിലെത്തിക്കുന്നത് ഒരു മുസ്ലിം തറവാട്ടുകുടുംബമാണെന്ന കൗതുകവും ഈ ക്ഷേത്രാചാരത്തിനുണ്ട്.
കൃഷിയെ ആശ്രയിച്ച് ജീവിച്ചിരുന്നവരാണ് പഴയ തലമുറ, ആദ്യം വിളവെടുക്കുന്ന നെല്ലിനെ ദൈവമായി മഹാലക്ഷ്മിയായി ആരാധിച്ചിരുന്നതിൽ നിന്നാണ് നിറയുത്സവം ഉടലെടുത്തത് .മഹാലക്ഷ്മിയെ വീട്ടിലേക്കോ ക്ഷേത്രത്തിലേക്കോ കുടിയിരുത്തുകയെന്ന സങ്കൽപ്പമാണ് ഐതിഹ്യം-കൂട്ടായ്മാംഗം ഇ.ശശിധരൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |