SignIn
Kerala Kaumudi Online
Saturday, 15 August 2026 1.51 AM IST

ഓണത്തിന് രണ്ടാഴ്ച്ച മാത്രം നാടുപിടിക്കാൻ ദുരിതം തിന്നണം

ph-1

കണ്ണൂർ: ഓണാവധിക്ക് നാട്ടിലെത്തുന്ന ഇതര സംസ്ഥാന മലയാളികൾക്ക് ഇത്തവണയും യാത്രാദുരിതം ഉറപ്പായി.ട്രെയിൻ ടിക്കറ്റുകളെല്ലാം മാസങ്ങൾക്ക് മുൻപേ ബുക്കിംഗ് കഴിഞ്ഞു. ബസുകളെ ആശ്രയിക്കാനിരിക്കുന്നവർക്ക് മുന്നിൽ വർദ്ധിച്ച ടിക്കറ്റ് വില വെല്ലുവിളിയാണ്. ഈ ഓണത്തിനും അന്തർ സംസ്ഥാന സ്വകാര്യ ബസുകളുടെ നിരക്ക് മൂന്നിരട്ടിയോളമാണ് വർദ്ധിപ്പിക്കുന്നത്. മുൻ ഒാണക്കാലങ്ങളിലെല്ലാം വലിയ നിരക്ക് നൽകിയാണ് മറുനാട്ടിൽ കഴിയുന്നവർ നാട്ടിലെത്തിയത്.

ബംഗളൂരുവിൽ നിന്നും കേരളത്തിലേക്കുള്ള സ്വകാര്യ ബസുകളിലെ ടിക്കറ്റ് ബുക്കിംഗ് ജൂണിൽ തന്നെ ആരംഭിച്ചിരുന്നു.സാധാരണ ദിവസങ്ങളിൽ ബംഗളൂരൂ-കണ്ണൂർ റൂട്ടുകളിൽ നോൺ എ.സി ബസിൽ 650 രൂപ മുതലും സെമി സ്ലീപ്പറിൽ 800 രൂപ മുതലുമാണ് ടിക്കറ്റ് നിരക്ക് .എന്നാൽ നിലവിൽ ഇത് 1200 മുതൽ 1500 വരെ ആയി. എ.സി ബസ്സിൽ 1700 മുതൽ 2400 വരെയായിട്ടുണ്ട്. ടിക്കറ്റ് ചാർജിന് പുറമേ ജി.എസ്.ടിയും നൽകണം. സ്വകാര്യ ബസുകൾ കൂടുതൽ സർവീസുകൾ നടത്തുമെങ്കിലും ടിക്കറ്റ് നിരക്ക് പൊള്ളും.

നിലവിൽ അഞ്ച് കെ.എസ്.ആർ.ടി.സി ബസുകളാണ് ഉത്രാട ദിവസം ജില്ലയിലേക്കുള്ളത്. ഇതിൽ രണ്ടു ബസിൽ മാത്രമാണ് കഴിഞ്ഞ ദിവസം വൈകീട്ട് വരെയുള്ള സ്റ്റാറ്റസ് പ്രകാരം സീറ്റൊഴിവുള്ളത്. 24ന് രാവിലെ പുറപ്പെടുന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്സ് ബസിൽ 17 സീറ്റാണ് ബാക്കിയുള്ളത്. 663 രൂപയാണ് ടിക്കറ്റ് നിരക്ക്. മറ്റൊന്നുള്ളത് സിഫ്റ്റ് ഗരുഡയാണ്. ഇതിൽ 15 സീറ്റുണ്ട്. എന്നാൽ 1233 രൂപയാണ് ഇന്നലത്തെ ടിക്കറ്റ് നിരക്ക്. ഈ നിരക്ക് ഇനിയും വർദ്ധിക്കും.

കെ.എസ്.ആർ.ടി.സിയിൽ പ്രതീക്ഷ

ഓണക്കാലത്തൈ യാത്രാദുരിതം പരിഗണിച്ച് കഴിഞ്ഞ തവണ കെ.എസ്.ആർ.ടി.സി കണ്ണൂർ - ബംഗളൂരു റൂട്ടിൽ ഏഴ് അധിക സർവിസുകൾ അനുവദിച്ചിട്ടുണ്ടായിരുന്നു. ഇത്തവണയും അധികം സർവിസുകൾ അനുവദിക്കുമെന്ന് പ്രതീക്ഷയിലാണ് ബംഗളൂരു മലയാളികൾ.അതേസമയം 21 മുതൽ 25 വരെ ബംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് 90 അധിക ബസ് സർവിസുകൾ നടത്താൻ കർണാടക സംസ്ഥാന റോഡ് ഗതാഗത കോർപറേഷൻ തീരുമാനിച്ചിട്ടുണ്ട്. ഇതും മലയാളികൾക്ക് ചെറിയ പ്രതീക്ഷ നൽകും.

വിമാനക്കൂലിയും പൊള്ളും
ട്രെയിനിനും ബസ്സിനും രക്ഷയില്ലാതായതോടെ ഓണത്തിന് നാട്ടിലെത്താൻ ഫ്‌ളൈറ്റ് നോക്കാമെന്ന് കരുതിയാൽ ഇനി അതും പിടിയിൽ ഒതുങ്ങില്ല. സാധാരണരീതിയിൽ ബെംഗളൂരുവിൽ നിന്ന് കൊച്ചി, കോഴിക്കോട്, കണ്ണ , തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കുള്ള സാധാരണ ടിക്കറ്റ് നിരക്ക് 5000 രൂപയ്ക്കകത്താണ്. എന്നാൽ ഓണക്കാലത്ത് നാട്ടിലെത്താൻ സാധാരണനിരക്കിന്റെ ആറിരട്ടി നൽകണം. അവസാന നിമിഷത്തെ ബുക്കിംഗുകൾക്ക് 15,000 രൂപ മുതൽ 30,000 രൂപ വരെയാണ് വിമാനക്കമ്പനികൾ ഈടാക്കുന്നത്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL