
കണ്ണൂർ: കെ.സിഎ.ൽ മൂന്നാം സീസണിന് അരങ്ങൊരുങ്ങുമ്പോൾ മലബാറിന്റെ ക്രിക്കറ്റ് കരുത്തുമായി കണ്ണൂരിൽ നിന്നും നാല് ശ്രദ്ധേയ താരങ്ങൾ. സൽമാൻ നിസാർ, വരുൺ നായനാർ, അക്ഷയ് ചന്ദ്രൻ, എം പി ശ്രീരൂപ് എന്നിവരാണ് ഈ താരങ്ങൾ. മികച്ച പ്രകടനം കൊണ്ട് ഇവർ ഇത്തവണയും കെ.സി.എൽ വേദി കീഴടക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകർ.
കണ്ണൂരിലെ താരങ്ങളിൽ ഏറ്റവും ശ്രദ്ധേയൻ തലശ്ശേരിക്കാരൻ സൽമാൻ നിസാറാണ്. ഏത് ഘട്ടത്തിലും കളിയുടെ ഗതി ഒറ്റയ്ക്ക് മാറ്റിമറിക്കാൻ കഴിയുന്ന താരമാണ് സൽമാൻ നിസാർ. കഴിഞ്ഞ സീസണിൽ ട്രിവാൺഡ്രം റോയൽസിനെതിരെയുള്ള ഇന്നിംഗ്സിൽ അഭിജിത് പ്രവീൺ എറിഞ്ഞ അവസാന ഓവറിലെ ആറ് പന്തും സിക്‌സർ പറത്തിയിരുന്നു സൽമാൻ. ആകെ 26 പന്തുകളിൽ 12 സിക്‌സടക്കം 86 റൺസായിരുന്നു അന്ന് നേടിയത്. ആദ്യ സീസണിൽ കൊച്ചിക്കെതിരെ അവസാന ഓവറിൽ തുടരെ മൂന്ന് സിക്‌സടക്കം 21 റൺസ് നേടി സൽമാൻ നിസാർ ടീമിനെ വിജയിപ്പിച്ചിട്ടുണ്ട്. ഈ മികവിൽ വിശ്വാസമർപ്പിച്ചാണ് സൽമാനെ കാലിക്കറ്റ് തുടർച്ചയായ രണ്ടാം വർഷവും ഏഴര ലക്ഷം രൂപയ്ക്ക് നിലനിർത്തിയത്.
വിക്കറ്റ് കീപ്പർ വരുൺ നായനാരാണ് ജില്ലയിൽ നിന്നുള്ള മറ്റൊരു താരം. കഴിഞ്ഞ രണ്ട് സീസണിലും തൃശൂരിന് വേണ്ടിയിറങ്ങിയ വരുണിനെ ഇത്തവണ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസാണ് സ്വന്തമാക്കിയത്. കുച്ച് ബിഹാർ ട്രോഫിയിൽ ഉൾപ്പടെ ജൂനിയർ തലത്തിൽ കേരളത്തിന് വേണ്ടി ഏറ്റവും തിളങ്ങിയ താരങ്ങളിൽ ഒരാളാണ് വരുൺ. 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി കെ നായിഡു ട്രോഫിയിൽ കഴിഞ്ഞ സീസണിൽ കേരളത്തെ നയിച്ച വരുൺ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ സെഞ്ച്വറി നേടിയിരുന്നു.ഒന്നര ലക്ഷം രൂപയ്ക്കാണ് കാലിക്കറ്റ് ഇത്തവണ ടീമിലെത്തിച്ചത്.
ഒരു പതിറ്റാണ്ടായ കേരള ടീമുകളിലെ സ്ഥിര സാന്നിധ്യമായ അക്ഷയ് ചന്ദ്രൻ ബാറ്റിംഗിനൊപ്പം ഇടംകയ്യൻ സ്പിന്നറെന്ന നിലയിലും ടീമിന് മുതൽക്കൂട്ടാണ്. കഴിഞ്ഞ രണ്ട് സീസണുകളിൽ ആലപ്പി റിപ്പിൾസിന്റെ ഭാഗമായിരുന്ന അക്ഷയ് ഇത്തവണ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് വേണ്ടിയാണ് ഇറങ്ങുന്നത്. ഒന്നര ലക്ഷത്തിനാണ് കൊച്ചി അക്ഷയിനെ ടീമിലെത്തിച്ചത്. കഴിഞ്ഞ സീസണിൽ ആലപ്പി റിപ്പിൾസിന് വേണ്ടിയിറങ്ങിയ എം.പി.ശ്രീരൂപ് ഇത്തവണയും ഇതെ ടീമിനൊപ്പമാണ്. ഓൾറൗണ്ടറായ ശ്രീരൂപിനെ എൺപതിനായിരം രൂപയ്ക്കാണ് റിപ്പിൾസ് സ്വന്തമാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |