
കണ്ണൂർ: പയ്യാമ്പലത്തെ പരമ്പരാഗത ശ്മശാനം സ്വകാര്യ പങ്കാളിത്തത്തോടെ നവീകരിക്കും. സ്വകാര്യ സ്ഥാപനം മുന്നോട്ട് വെച്ച നിർദേശം കോർപറേഷൻ കൗൺസിൽ അംഗീകരിച്ചതിന് പിന്നാലെ നവീകരണനടപടികൾ ഉടനുണ്ടാകുമെന്നാണ് വിവരം.ജെമിനി ഗ്രൂപ്പ് ഓഫ് കമ്പനീസാണ് ആധുനിക രീതിയിൽ പുനർനിർമ്മിച്ച് കോർപറേഷന് കൈമാറുന്നത്. നവീകരണത്തിന് സെപ്തംബറിൽ തുടക്കം കുറിക്കാനാകുമെന്നാണ് അധികൃതർ പറയുന്നത്.
ആധൂനികരീതിയിൽ പ്രവർത്തിക്കുന്ന ശ്മശാനങ്ങൾ സന്ദർശിച്ച ശേഷമാണ് കമ്പനി പയ്യാമ്പലം ശ്മശാനനവീകരണത്തിൽ തീരുമാനമെടുത്തത്. കമ്പനി അധികൃതർ മേയർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് കൗൺസിൽ യോഗത്തിന് മുന്നിൽ ഈ നിർദ്ദേശം എത്തിയത്. ദിവസങ്ങൾക്ക് മുമ്പ് ചേർന്ന കൗൺസിൽ യോഗം നിർദേശം അംഗീകരിക്കുകയായിരുന്നു.
വിറകിനൊപ്പം ഗ്യാസും
ഏകദേശം ആറ് കോടി ചിലവ് വരുന്ന ഡി.പി.ആർ ആണ് കൗൺസിൽ അംഗീകരിച്ചത്. പരമ്പരാഗത രീതിയിൽ വിറകിനൊപ്പം ഗ്യാസും ഉപയോഗിച്ച് സംസ്കാരം നടത്തുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ജെമിനി ഗ്രൂപ്പ് ഓഫ് കമ്പനീസ് നവീകരണം പൂർത്തിയാക്കി സൗന്ദര്യവത്ക്കരിച്ച് കോർപറേഷന് തിരികെ ഏൽപ്പിക്കും.
ഡി.പി.ആറിൽ ഇങ്ങനെ
#മൃതദേഹം സംസ്കരിക്കുന്നതിനായി പ്രത്യേകം അറകൾ
#കർമ്മങ്ങൾ ചെയ്യുന്നതിനുള്ള സൗകര്യം
# വിറകുകൾ സൂക്ഷിക്കുന്നതിന് പ്രത്യേകം ഷെഡ്
#സ്ത്രീകൾക്കും പുരുഷൻമാർക്കുമുള്ള ശുചിമുറികൾ
#വാഹന പാർക്കിംഗ് ഏരിയ, അനുശോചന യോഗത്തിനുള്ള സ്ഥലം,
#പുതുക്കിയ പ്രവേശന കവാടം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |