SignIn
Kerala Kaumudi Online
Tuesday, 18 August 2026 3.37 AM IST

ചിങ്ങപ്പുലരിയിൽ കൃഷ്ണഗാഥ ചൊല്ലി ഉത്തരകേരളം

chingam
കൃഷ്ണഗാഥ

കണ്ണൂർ: ചിങ്ങം പുലർന്നതോടെ ഉത്തരകേരളത്തിലെ തറവാടുകളിലും ക്ഷേത്ര മുറ്റങ്ങളിലും ഇനി ഒരു ശീലുയരും. ചെറശ്ശേരി നമ്പൂതിരിയുടെ കൃഷ്ണഗാഥയുടെ വരികൾ.

മലയാളത്തിലെ ആദ്യ സമ്പൂർണ പച്ചമലയാള മഹാകാവ്യമായ കൃഷ്ണഗാഥ, കോലത്തിരിയുടെ സദസ്യനായിരുന്ന ചെറുശ്ശേരി നമ്പൂതിരി രചിച്ചതാണ്. പാട്ടു പ്രസ്ഥാനത്തിലെ ഈ മഹാകാവ്യം ഉദയവർമ്മൻ കോലത്തിരി മഹാരാജാവിന്റെ ആജ്ഞപ്രകാരമാണ് പിറന്നതെന്ന് കവി തന്നെ കൃതിയിൽ ആവർത്തിച്ചു രേഖപ്പെടുത്തിയിട്ടുണ്ട്. ശ്രീകൃഷ്ണ ജന്മമാസമായ ചിങ്ങത്തിൽ തന്റെ നാട്ടിലെല്ലാവരും കൃഷ്ണഗാഥ പാരായണം ചെയ്യണമെന്ന് തിട്ടൂരമിറക്കിയാണ് ഉദയവർമ്മൻ കോലത്തിരി കവിയെ ആദരിച്ചതെന്നാണ് ചരിത്രം. പതിനഞ്ചാം നൂറ്റാണ്ടിലാണ് കൃതിയുടെ രചനാകാലമെന്നാണ് സാഹിത്യ ഗവേഷകരുടെ പൊതു നിഗമനം.

മലയാളത്തിലെ ആദ്യ പാരായണ കാവ്യമെന്ന സ്ഥാനവും കൃഷ്ണഗാഥയ്ക്കാണ്. കർക്കടകത്തിൽ അധ്യാത്മരാമായണം കിളിപ്പാട്ട് പാരായണം ചെയ്യുന്ന എഴുത്തച്ഛൻ സമ്പ്രദായം ആരംഭിക്കുന്നതിനും മുൻപേ, ചിങ്ങത്തിൽ കോലത്തിരി ആഹ്വാനം ചെയ്ത ഈ പാരായണ വഴക്കം ഉത്തരകേരളം ഇന്നും കാത്തുസൂക്ഷിക്കുന്നു. പഴയ തറവാടുകളിലും ക്ഷേത്രങ്ങളിലും മുടങ്ങാതെ ഇത് തുടരുന്നുണ്ട്.


'കൃഷ്ണപ്പാട്ടു വഴക്കം' കൂട്ടായ്മ
ചിങ്ങത്തെ കൃഷ്ണപ്പാട്ട് പ്രചാരണ മാസമായി ആചരിക്കുന്ന സി.എം.എസ്. ചന്തേര മാഷ് സ്മാരക സംഘവഴക്ക ഗവേഷണ പീഠം വർഷങ്ങളായി ഈ പാരമ്പര്യം നിലനിർത്താൻ പ്രവർത്തിക്കുന്നു. ഇതിന്റെ ഭാഗമായി രൂപീകരിച്ച 'കൃഷ്ണപ്പാട്ടു വഴക്കം' കൂട്ടായ്മ ചിങ്ങമാസത്തിലെ ഓരോ ദിവസവും കൃഷ്ണഗാഥ പാരായണം സംഘടിപ്പിക്കുന്നുണ്ട്. ഇത്തവണ ചെന്നൈ കേന്ദ്രീകരിച്ച് ഓൺലൈൻ പാരായണ കൂട്ടായ്മയും ആരംഭിച്ചിട്ടുണ്ട്. തെളിമലയാള ഭാഷയുടെ പ്രചാരണ കാവ്യം കൂടിയായ കൃഷ്ണഗാഥയെ പുതുതലമുറയിലേക്കെത്തിക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. 'കൃഷ്ണഗാഥായനം' എന്ന പേരിൽ വിവിധ ഇടങ്ങളിൽ ചിങ്ങമാസത്തിൽ കൂട്ടായ്മകളും സംഘടിപ്പിക്കുന്നുണ്ടെന്ന് സി.എം.എസ് ചന്തേര മാഷ് സ്മാരക സംഘവഴക്ക ഗവേഷണ പീഠം അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, CHINGAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL