SignIn
Kerala Kaumudi Online
Wednesday, 19 August 2026 4.59 AM IST

ശിവസൂര്യയെ കാണാതായി പതിനൊന്നുദിനം:   കാശിയിലുണ്ടോ ?​ അന്വേഷണസംഘം ഇരുട്ടിലാണ്..

sivasurya

തലശ്ശേരി: അമിതമായി ഉപയോഗിക്കുന്നുവെന്ന് പറഞ്ഞ് മൊബൈൽ ഫോൺ വീട്ടുകാർ വാങ്ങിവച്ചതിന്റെ പരിഭവം ഒരു കുറിപ്പിൽ ഒതുക്കി വീടുവിട്ടിറങ്ങിയ പ്ലസ് ടു വിദ്യാർത്ഥിക്കായുള്ള തിരച്ചിൽ പതിനൊന്നാം ദിനത്തിലും ഫലം കണ്ടില്ല. ചൊക്ലി രാമവിലാസം ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥി കരിയാട് പുളിയനമ്പ്രം ശിവപ്രിയത്തിലെ ശിവസൂര്യ (17) എങ്ങോട്ടുപോയെന്നത് സംബന്ധിച്ച് ഇതുവരെ പൊലീസിനും വിവരം ലഭിച്ചിട്ടില്ല.

അന്വേഷണത്തിൽ പുരോഗതി ഇല്ലാത്തതിനാൽ പൊലീസ് എട്ടംഗ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. തലശ്ശേരി എ.എസ്.പി ഡോ.എം.നന്ദഗോപന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ ചൊക്ലി എസ്.ഐ ആർ.രാഗേഷിനാണ് അന്വേഷണച്ചുമതല. ലോക്കൽ പൊലീസിന്റെ അന്വേഷണം വഴിമുട്ടിയതോടെയാണ് ഉന്നതാധികാരികളുടെ പുതിയ നീക്കം.

ആഗസ്റ്റ് 8 നാണ് വിദ്യാർത്ഥിയെ കാണാതായത്. താൻ കാശിയിലേക്ക് പോവുകയാണെന്നും ശിഷ്ടകാലം അവിടെ ജീവിക്കുമെന്നുമുള്ള ഒരു കുറിപ്പ് വീട്ടിൽ നിന്ന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വാരണാസി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ തീർത്ഥാടന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം.വീടിനടുത്തുള്ള ജംഗ്ഷനിലേക്ക് ശിവസൂര്യ നടക്കുന്നത് നാട്ടുകാരിൽ ചിലർ കണ്ടതായി മൊഴി ലഭിച്ചെങ്കിലും തുടർന്ന് ഏത് വഴിക്ക് ഏത് വാഹനത്തിൽ പോയെന്നതിനെക്കുറിച്ച് ഇനിയും വ്യക്തത ലഭിച്ചിട്ടില്ല.


പരിശോധിച്ചത് നൂറിലേറെ ക്യാമറകൾ
സംഭവസ്ഥലത്തും പരിസരത്തുമായി നൂറിലധികം കേന്ദ്രങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ച് വിശദമായി പരിശോധിച്ചെങ്കിലും ഒന്നിൽപ്പോലും കുട്ടിയുടെ തുടർസഞ്ചാരം പതിഞ്ഞിട്ടില്ല. ഇതാണ് അന്വേഷണ സംഘത്തെ കുഴക്കുന്നത്. മൊബൈൽ ഫോൺ കൈവശമില്ലാത്തതിനാൽ ഡിജിറ്റൽ തെളിവുകൾ വഴിയുള്ള അന്വേഷണത്തിനും പരിമിതിയുണ്ടെന്ന് പൊലീസ് സമ്മതിക്കുന്നു.മൈസൂരു, ബംഗളൂരു, ഷൊർണ്ണൂർ, ഒറ്റപ്പാലം, കോഴിക്കോട് തുടങ്ങിയ പ്രധാന റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് നേരിട്ടെത്തി പൊലീസ് പരിശോധിച്ചിരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പൊലീസുമായി സഹകരിച്ച് തിരച്ചിൽ ഏകോപിപ്പിക്കാനാണ് പൊലീസിന്റെ തുടർനീക്കം. കുട്ടിയുടെ ഫോട്ടോയും ശരീരലക്ഷണങ്ങളും വിലാസവും ഉൾപ്പെടുത്തി വിവിധ ഭാഷകളിൽ ലുക്കൗട്ട് നോട്ടീസുകൾ തയ്യാറാക്കി അന്യസംസ്ഥാന റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും വിതരണം ചെയ്തിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകളിലെയും അതിർത്തി റോഡുകളിലെയും നിരീക്ഷണ സംവിധാനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL