കണ്ണൂർ: മാലൂർ പെരുവങ്ങാട്ട് വയലിൽ കാട്ടുപന്നിയെ പിടിക്കാൻ വച്ച കെണിയിൽ കുടുങ്ങിയ പുലി ചത്തു. കെ.പി.ആർ. നഗറിലെ രാമകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള പറമ്പിലെ കെണിയിലാണ് വ്യാഴാഴ്ച പുലർച്ചെ നാലോടെ പുലി അകപ്പെട്ടത്.
കൂട്ടിൽ കുടുങ്ങിയ പുലി രക്ഷപ്പെടാൻ നടത്തിയ ശ്രമങ്ങൾക്കിടെ ആന്തരികാവയവങ്ങൾക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
വിവരമറിഞ്ഞെത്തിയ വെറ്ററിനറി സർജൻ ഇല്യാസ് റാവുത്തറിന്റെ നേതൃത്വത്തിലുള്ള സംഘം പുലിയെ മയക്കുവെടി വെച്ച് ആറളം ആർ.ആർ.ടി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഏതാനും മണിക്കൂറിനകം പുലി ചത്തു. എഴുന്നേറ്റ് നിൽക്കാൻപോലും പറ്റാത്ത രീതിയിൽ കെണിയിൽ പൂർണ്ണമായും കുടുങ്ങിയ നിലയിലായിരുന്നു പുലി. തുടർന്ന് കമ്പി അറുത്തുമാറ്റി പുലിയെ വലയിലാക്കുകയായിരുന്നു.
കൊട്ടിയൂർ വനാതിർത്തിയിൽ ഉൾപ്പെടുന്ന പ്രദേശമാണ് മാലൂർ. വന്യമൃഗശല്യം രൂക്ഷമായ ഇവിടെ കൃഷി നശിപ്പിക്കുന്ന പന്നികളെ പിടിക്കാൻ കർഷകർ കെണി വയ്ക്കാറുണ്ട്. ഇത്തരത്തിൽ സ്ഥാപിച്ച കെണിയിലാണ് അപ്രതീക്ഷിതമായി പുലികുടുങ്ങിയത്.
പുലർച്ചെ പ്രദേശവാസികൾ അസാധാരണമായ ശബ്ദം കേട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കെണിയിൽ പുലി കുടുങ്ങിയതായി കണ്ടെത്തിയത്. തുടർന്ന് കൊട്ടിയൂർ ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് ഓഫീസർ നിഥിൻ രാജും വനംവകുപ്പ് അധികൃതരും പൊലീസും ഉടൻ സ്ഥലത്തെത്തി സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. വയനാട്ടിൽ നിന്നുള്ള വെറ്ററിനറി സംഘമെത്തിയാണ് മയക്കുവെടിവച്ചത്. മയക്കുവെടി വയ്ക്കുന്നതിനായി പ്രത്യേക കൂടും മറ്റ് സജ്ജീകരണങ്ങളും സ്ഥലത്തെത്തിച്ചിരുന്നു.
വിവരമറിഞ്ഞ് പേരാവൂർ ഡിവൈ.എസ്.പി എ.വി ജോൺ, മാലൂർ എസ്.എച്ച്.ഒ പ്രശോഭ് കൊട്ടിയൂർ, കണ്ണവം ഫോറസ്റ്റ് റേഞ്ച് ഓഫീസർ ടി. നിഥിൻ രാജ്, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഷൈനി കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ബാബു കരിപ്പായിയും സ്ഥലത്തെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |