SignIn
Kerala Kaumudi Online
Tuesday, 25 August 2026 1.41 AM IST

പയ്യാമ്പലത്ത് ശവദാഹത്തിന് ചിരട്ടയില്ല നടപടി ആവശ്യപ്പെട്ട് കൗൺസിലർമാർ

p-indira

കണ്ണൂർ: ചിരട്ട ഇല്ലാത്തതിനാൽ അലവിൽ സ്വദേശിയുടെ മൃതദേഹവുമായി ബന്ധുക്കൾ 45 മിനുറ്റോളം കാത്തുനിൽക്കേണ്ടി വന്ന സംഭവത്തിൽ പ്രതിഷേധമേറുന്നു. പയ്യാമ്പലം ശ്മശാനത്തിൽ മൃതദേഹം ദഹിപ്പിക്കാൻ ചിരട്ട എത്തിക്കുന്നതിൽ വീഴ്ച വന്ന സംഭവം പരിശോധിക്കണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ സ്വീകരിക്കണമെന്നും ഇന്നലെ ചേർന്ന കോർപറേഷൻ കൗൺസിൽ യോഗത്തിൽ ഭരണ പ്രതിപക്ഷഭേദമെന്യേ കൗൺസിലർമാർ ആവശ്യപ്പെട്ടു.

സംഭവദിവസത്തിന് തലേന്നു തന്നെ ചിരട്ട കുറവാണെന്ന് കരാറുകാരൻ അറിയിച്ചിരുന്നു.എന്നിട്ടും വളരെ കുറച്ച് സ്റ്റോക്ക് മാത്രമാണ് എത്തിച്ചതെന്ന് ജീവനക്കാർ വെളിപ്പെടുത്തി സംസ്‌കാരം മുടങ്ങുന്ന സാഹചര്യം വന്നപ്പോൾ ശ്മശാനത്തിലെ ജീവനക്കാരനാണ് പുറത്തുനിന്ന് ചിരട്ട എത്തിച്ചത്.

അതെ സമയം പയ്യാമ്പലം ശ്മശാനത്തിൽ നിരന്തരം പ്രശ്നങ്ങളുണ്ടെന്ന് വരുത്തി തീർക്കുന്നതിന് പിന്നിൽ ചില ശക്തികൾ പ്രവർത്തിക്കുന്നുണ്ടെന്നായിരുന്നു മേയർ അഡ്വ.പി.ഇന്ദിരയുടെ വിശദീകരണം. പയ്യാമ്പലം ശ്മശാനത്തിലെ പ്രശ്നങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉണ്ടായ സംഭവങ്ങൾക്ക് പിന്നിൽ നിഗൂഢതയുണ്ടെന്നും അവർ പറഞ്ഞു.


ശുചീകരണ തൊഴിലാളികൾ എവിടെ

കോർപറേഷനിലെ ശുചീകരണ തൊഴിലാളികളുടെ കുറവും ഉള്ളവരിൽ ചിലർ ജോലിക്കെത്താത്ത സാഹചര്യവും കൗൺസിലർമാർ ചൂണ്ടിക്കാട്ടി. സ്ഥിരമായി ജോലിയെടുക്കാത്ത തൊഴിലാളിയെ പിരിച്ചുവിടാനുള്ള നടപടികൾ സ്വീകരിക്കാൻ മേയർ നിർദേശം നൽകി.ഡെപ്യൂട്ടി മേയർ കെ.പി താഹിർ, സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ റിജിൽ മാക്കുറ്റി, ലിഷ ദീപക്, റിഷാം താണ, എന്നിവർ പങ്കെടുത്തു.

മേയറെ വിളിച്ച് മനേക
തെരുവ് പട്ടികളെ വെടിവെച്ച് കൊല്ലുമെന്ന രീതിയിൽ താൻ പറഞ്ഞതായുള്ള വാർത്തയെ തുടർന്ന് മനേക ഗാന്ധി തന്നെ വിളിച്ചതായി മേയർ കൗൺസിലിനെ അറിയിച്ചു. കാര്യങ്ങൾ അവരോട് വിശദീകരിച്ചുവെന്നും മേയർ പറഞ്ഞു.

പയ്യാമ്പലം ശ്മശാനത്തിൽ നിരന്തരം പ്രശ്നങ്ങളുണ്ടെന്ന് വരുത്തി തീർക്കുന്നതിന് പിന്നിൽ ചില ശക്തികൾ പ്രവർത്തിക്കുന്നുണ്ട്. പയ്യാമ്പലം ശ്മശാനത്തിലെ പ്രശ്നങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉണ്ടായ സംഭവങ്ങൾക്ക് പിന്നിൽ നിഗൂഢതയുണ്ട്-പി. ഇന്ദിര ,മേയർ

തെരുവുവിളക്കുകൾ കത്തുന്നില്ല

തെരുവുവിളക്കുകൾ കത്താത്ത വിഷയവും വീണ്ടും കൗൺസിൽ യോഗത്തിൽ ഉന്നയിക്കപ്പെട്ടു. പല ഡിവിഷനുകളിലും തെരുവുവിളക്കുകൾ സ്ഥാപിച്ച് രണ്ടുദിവസത്തിനകം കേടാകുന്ന അവസ്ഥയാണെന്നും കരാറുകാരൻ ഇത് നന്നാക്കാൻ വേണ്ട ഏർപ്പാടുകൾ ചെയ്യുന്നില്ലെന്നും കൗൺസിലർമാർ ചൂണ്ടിക്കാട്ടി. ഓണത്തിന് കോർപറേഷനെ ഇരുട്ടിലാക്കാൻ അനുവദിക്കില്ലെന്നും രണ്ട് ദിവസത്തിനുള്ളിൽ 56 ഡിവിഷനുകളിലെയും തെരുവു വിളക്കുകൾ കത്തിക്കുന്നതിനുള്ള നടപടികൾ ഉണ്ടാവണമെന്നും മേയർ എൻജിനിയറിംഗ് വിഭാഗത്തോട് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം കരാറുകാരനെതിരേ നടപടി സ്വീകരിക്കുമെന്നും പുതിയ ടെൻഡർ വിളിക്കുമെന്നും മേയർ വ്യക്തമാക്കി .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL