
തളിപ്പറമ്പ്: ജ്വല്ലറി ഉടമയോട് വ്യാജ പേര് നൽകി സ്വർണ്ണ മാലകൾ വാങ്ങി കടന്നു കളഞ്ഞയാൾ പിടിയിൽ. നിരവധി കേസുകളിലെ പ്രതിയായ പാപ്പിനിശേരി അരോളി കമ്മാരത്ത് മൊട്ടയിലെ ഇ.ജി.അഭിഷേക് (25) ആണ് പിടിയിലായത്.പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിൽ പ്രതി കണ്ണൂർ ടൗണിലെ സൂപ്പർ മാർക്കറ്റിൽ നിന്നും സാധനങ്ങളും കോഴിക്കോട് രാമനാട്ടുകരയിൽ നിന്നും ഐഫോൺ വാങ്ങിയും വയനാട്, തൃശൂർ, ഏറണാകുളം ജില്ലകളിലെ ജ്വല്ലറികളിലുൾപ്പെടെ സമാന രീതിയിൽ 15 ഓളം തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയാണെന്ന് കണ്ടെത്തി .
ശ്രീകണ്ഠാപുരത്തെ പാറമ്പുഴയിൽ ജ്വല്ലറി ഉടമ പയ്യാവൂർ ചന്ദനക്കാംപാറയിലെ പി.ബിജു കുമാറിന്റെ പരാതിയിലാണ് ശ്രീകണ്ഠാപുരം പൊലീസ് കേസെടുത്തത് .തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.പി.സുമേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.ഐ കെ.ഷറഫുദ്ദീൻ, ക്രൈംസ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ എ.ജി.അബ്ദുൾ റൗഫ് , സീനിയർ സിവിൽ പൊലീസ് ഓഫീസർ ബിനീഷ് എന്നിവർ എറണാകുളത്ത് നിന്നാണ് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയെ പിടികൂടിയത്.
നൽകേണ്ടത് നാലുലക്ഷത്തിലേറെ
അയച്ചുകൊടുത്തത് ₹ 58,000
ഈ മാസം 13ന് രാവിലെ 11 ഒാടെ ജ്വല്ലറിയിലെത്തിയ പ്രതി ശ്യാം കൃഷ്ണൻ എന്ന് സ്വയം പരിചയപ്പെടുത്തി 5.970 ഗ്രാം, 23.990 ഗ്രാം വീതം തൂക്കമുള്ള രണ്ട് സ്വർണ്ണ മാലകൾ വാങ്ങിയിരുന്നു.എന്നാൽ പിന്നീട് പണം നൽകാത്തതിനെ തുടർന്ന് ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഇ.ജി .അഭിഷേക് എന്ന അക്കൗണ്ടിൽ നിന്നും 58,000 രൂപ അയച്ചു കൊടുക്കുകയായിരുന്നു.ബാക്കി തുകയായ 4,00500 രൂപ അയച്ചു കൊടുക്കാതെ കബളിപ്പിച്ചുവെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |