കണ്ണൂർ: വനാതിർത്തി പിന്നിട്ട് വന്യ മൃഗങ്ങൾ ജനവാസ മേഖലയിലേക്ക് ഭീതിയിലായ മലയോരഗ്രാമങ്ങളെ സമാധാനിപ്പിക്കാൻ പാടുപെട്ട് വനംവകുപ്പ്. ആറളം ഫാമിലെ ആളെക്കൊല്ലിയായ മഖ്ന വൺ എന്ന മോഴയാനയേയും ചെങ്ങളായി മേഖലയെ ഭീതിയിലാഴ്ത്തിയ പുലിയേയും പിടികൂടി ഉൾവനത്തിലേക്ക് അയക്കുന്ന ദൗത്യങ്ങൾ എങ്ങുമെത്താതെ നിൽക്കുന്നതാണ് ജനരോഷമുയരുന്നതിന്റെ പിന്നിൽ.
ആറളം ഫാമിലും പുനരധിവാസ മേഖലയിലുമായി ഭീഷണിയായി നിലനിൽക്കുന്ന കണ്ണൂർ മഖ്‌ന വൺ (കെ.എം. 1) മോഴയാനയെ തളയ്ക്കാൻ ഈ ആഴ്ച വീണ്ടും രംഗത്തേക്കിറങ്ങുമെന്ന് വനംവകുപ്പ് അധികൃതർ പറയുന്നുണ്ടെങ്കിലും ജനങ്ങളിൽ ഭീതി നിലനിൽക്കുകയാണ്. കഴിഞ്ഞ മാസം 27നാണ് ഈ മോഴയാനയെ മയക്കുവെടിവച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് വനത്തിൽ വിടാൻ വനംവകുപ്പ് ഉത്തരവിറക്കിയത്. മഴക്കെടുതിയും, ഓണാഘോഷവും കാരണം ഓപ്പറേഷൻ കണ്ണൂർ മഖ്‌ന ദൗത്യം വൈകുകയായിരുന്നു. കാലാവസ്ഥ അനുകൂലമാകുന്നതോടെ ദൗത്യം വീണ്ടും ആരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് വനം വകുപ്പ്.
മഖ്ന വണ്ണിനെ മയക്കുവെടിവച്ച് പിടികൂടി വയനാട് മുത്തങ്ങയിൽ വനം വകുപ്പ് നിയന്ത്രണത്തിൽ നിരീക്ഷിക്കാനുള്ള ആനക്കൊട്ടിൽ നിർമ്മാണം പൂർത്തിയാവുകയാണ്. കൊട്ടിൽ ഒരുങ്ങുന്നതോടെ മഖ്നയെ വരുതിയിലാക്കാനുള്ള കുങ്കിയാനകളെ വയനാട്ടിൽ നിന്ന് ആറളത്തെത്തിക്കും. മയക്കുവെടിക്ക് മുമ്പ് മോഴയെ നിരീക്ഷിക്കാൻ പ്രത്യേക സംഘം നേരത്തെ ആറളത്ത് ക്യാമ്പ് ചെയ്‌തെങ്കിലും കണ്ടുകിട്ടിയില്ല.
പുലിഭീതി മാറാതെ ചെങ്ങളായി
ചെങ്ങളായി പഞ്ചായത്തിലെ പടിഞ്ഞാറെ മൂലയിലും കുളത്തൂരിലും കാട്ടുപന്നി ശല്യം രൂക്ഷമായതിന് പിന്നാലെയാണ് ഒരു മാസമായി പുലി ഭീതി നിലനിൽനിൽക്കുന്നത്. ഒരുമാസത്തിനിടെ നാല് തവണയാണ് ഇവിടെ പുലിയെ കണ്ടത്. പ്രദേശത്ത് കൂട് സ്ഥാപിച്ചെങ്കിലും ഇതുവരെ പുലി കുടുങ്ങിയിട്ടില്ല.റബ്ബർ കർഷകർ ടാപ്പിംഗിന് പോലും ഇറങ്ങാതെ സാമ്പത്തികമായി വലിയ ഞെരുക്കത്തിലാണ് ഈ നാട്. തൊഴിലാളികളും വിദ്യാർത്ഥികളും വലിയ ആശങ്കയിലാണിവിടെ ഏറ്റവുമൊടുവിൽ ഈ മാസം 18ന് രാവിലെ ഒരു ടാപ്പിംഗ് തൊഴിലാളി മരത്തിൽ നിന്ന് താഴോട്ട് ഇറങ്ങുന്ന പുലിയെ കണ്ടിരുന്നു.
ഇതിന് ദിവസങ്ങൾക്ക് മറ്റൊരു ടാപ്പിംഗ് തൊഴിലാളിയ്ക്കും ഇതെ അനുഭവമുണ്ടായി. ജൂലായ് 21ന് രാത്രി എം.ടി വിനോദിന്റെ പശുക്കിടാവിനെ പുലി 150 മീറ്ററോളം വലിച്ചുകൊണ്ടുപോയിരുന്നു. ചുഴലി പടിഞ്ഞാറെ മൂലയിൽ പുലിയെ കണ്ടതായി പ്രദേശവാസികളിലൊരാളും സാക്ഷ്യപ്പെടുത്തിയിരുന്നു.
ആൾക്ഷാമത്തിൽ ആർ.ആർ.ടി
വന്യമൃഗശല്യം രൂക്ഷമായ സ്ഥലങ്ങളിൽ കൂടുതൽ റാപ്പിഡ് റെസ്‌പോൺസ് ടീമിനെ (ആർ.ആർ.ടി) വിന്യസിക്കുമെന്ന് പ്രഖ്യാപനമുണ്ടെങ്കിലും നിലവിൽ മതിയായ അംഗസംഖ്യയില്ലാതെ പ്രതിസന്ധിയിലാണ് വനംവകുപ്പ്. അടിയന്തര ഘട്ടങ്ങളിൽ പോലും വിളിച്ചാൽ ഉദ്യോഗസ്ഥരില്ലാത്ത സാഹചര്യം നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. പ. ഒരു ഫോറസ്റ്റ് റെയ്ഞ്ചിൽ രണ്ടിടത്ത് വന്യമൃഗങ്ങൾ ഇറങ്ങിയാൽ നിലവിലത്തെ സാഹചര്യത്തിൽ ഒന്നും ചെയ്യാൻ സാധിക്കാത്ത സ്ഥിതിയാണ്. പട്രോളിംഗ് കൃത്യമായി നടത്താത്തതിനാൽ എവിടെയാണ് വന്യമൃഗങ്ങൾ ഇറങ്ങുന്നതെന്ന് അറിയാനോ മുന്നറിയിപ്പ് നൽകാനോ വനംവകുപ്പിന് സാധിക്കാറില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |