SignIn
Kerala Kaumudi Online
Tuesday, 20 October 2026 1.47 PM IST

സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് ജില്ലാ പഞ്ചായത്ത് 91ലക്ഷം രൂപ അനുവദിച്ചു

കണ്ണൂർ: മാങ്ങാട്ടുപറമ്പിലെ ഇ.കെ നായനാർ സ്‌മാരക സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ അടിയന്തര ആവശ്യങ്ങൾക്കായി 91 ലക്ഷംരൂപ അനുവദിച്ചുകൊണ്ട്‌ ജില്ലാ പഞ്ചായത്ത്‌ ഉത്തരവായി. നടത്തിപ്പ്‌ ചുമതല ജില്ലാ പഞ്ചായത്തിന്‌ കൈമാറി സർക്കാർ ഉത്തരവായതിന് പിന്നാലെ ജില്ല പഞ്ചായത്ത് ഭരണ സമിതി യോഗത്തിന്റേതാണ് തീരുമാനം. മരുന്ന്‌, അടിയന്തര അറ്റകുറ്റപ്പണി, ദൈനംദിന ചെലവുകൾ എന്നിവയ്‌ക്കായാണ്‌ തുക വകയിരുത്തിയത്‌.
കഴിഞ്ഞ എൽ.ഡി.എഫ്‌ സർക്കാറിന്റെ കാലത്തുതന്നെ ആശുപത്രി ഏറ്റെടുക്കുന്നതിനുള്ള സന്നദ്ധതതേടി ആരോഗ്യവകുപ്പ്‌ കത്തയച്ചിരുന്നു. ഇതുപ്രകാരം ആവശ്യമായ തുക വകയിരുത്തുകയാണെങ്കിൽ അനുവദിക്കുകയാണെങ്കിൽ ഏറ്റെടുക്കാമെന്ന്‌ ജില്ലാ പഞ്ചായത്ത്‌ മറുപടിയും നൽകി. ഭരണമാറ്റത്തിനെ തുടർന്ന് മുൻ ആവശ്യം പരിഗണിച്ച സർക്കാർ ആഗസ്‌ത്‌ മൂന്നിന്‌ ആശുപത്രി ജില്ലാ പഞ്ചായത്തിന്‌ കൈമാറി ഉത്തരവായത്‌. നിലവിൽ കളക്ടർ ചെയർമാനായ ആശുപത്രി വികസന സമിതി ക്ക്‌ പകരം പുതിയ എച്ച്‌.ഡി.സി രൂപീകരിക്കാനും ജില്ലാ പഞ്ചായത്ത്‌ ക‍ൗൺസിൽ യോഗം തീരുമാനിച്ചു. ഇതുപ്രകാരം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിനോയ്‌കുര്യനാണ്‌ ആശുപത്രി വികസന സമിതി ചെയർമാൻ. ജില്ലാ പഞ്ചായത്തിന്‌ കീഴിലെ സയൻസ്‌ പാർക്ക്‌ ഡയറക്ടറുടെ കാലാവധി അവസാനിച്ചതിനാൽ പുതിയ ആളെ നിയമിക്കുന്നതിനുള്ള നടപടിക്രമം ആരംഭിക്കാനും യോഗം നിർദേശിച്ചു.
സംസ്ഥാന സ്‌കൂൾ ഒളിമ്പിക്‌സ്‌ കണ്ണൂരിൽനിന്ന്‌ ഏകപക്ഷ‍ീയമായി മാറ്റിയ നടപടിയിൽ യോഗത്തിൽ പ്രതിഷേധമുയർന്നു. എന്നാൽ സർക്കാറിൽനിന്ന്‌ ഇതുവരെ അത്തരത്തിൽ വേദി മാറ്റിയതായുള്ള ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന്‌ പ്രസിഡന്റ് യോഗത്തിൽ അറിയിച്ചു. മാത്രമല്ല, കഴിഞ്ഞ സ്‌കൂൾ ഒളിമ്പിക്‌സ്‌ സമാപനയോഗത്തിൽ ഇ‍ൗ വർഷത്തെ ഒളിമ്പിപിക്‌സിന്റെ ആതിഥേയരെന്ന നിലയിൽ കൈമാറിയ പതാക ഇപ്പോഴും ജില്ലാ പഞ്ചായത്തിൽ സൂക്ഷിച്ചിട്ടാണുള്ളതെന്നും പ്രസിഡന്റ്‌ ബിനോയ്‌ കുര്യൻ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL