കണ്ണൂർ : ചരക്ക് വാഹനങ്ങൾ വഴിമുടക്കുന്നതോടെ കുരുക്കിൽ മുറുകി പാപ്പിനിശ്ശേരി - വളപട്ടണം ദേശീയപാത. തകർന്ന റോഡും അനിയന്ത്രിത വാഹനങ്ങളും കാരണം കുരുക്ക് രൂക്ഷമാകുന്നതിനു പുറമെയാണ് ചരക്ക് വാഹനങ്ങളും വഴിമുടക്കുന്നത്. വളപട്ടണം പാലത്തിലെ കുഴികൾ കാരണം വാഹനങ്ങൾ നിർത്തി നിർത്തി പോകുന്നത് നിലവിൽ വലിയ കുരുക്കാണുണ്ടാക്കുന്നത്.
നേരത്തെ ചരക്ക് ലോറികൾക്ക് പകൽ നിയന്ത്രണമേർപ്പെടുത്തിയിരുന്നെങ്കിലും നിലവിൽ അതൊന്നും പാലിക്കപ്പെടുന്നില്ല. വളപട്ടണം പാലത്തിൽനിന്ന് കണ്ണൂർ നഗരത്തിലേക്ക് വെറും ഏഴ് കിലോമീറ്റർ മാത്രമാണ് ബാക്കിയെങ്കിലും നിലവിൽ 40 മിനുട്ടിൽ കൂടുതൽ സമയം നഷ്ടമാവുകയാണ്. തളിപ്പറമ്പ് ഭാഗത്ത് നിന്നുമെത്തുന്ന വാഹനങ്ങൾ പാപ്പിനിശ്ശേരി പിന്നിടുമ്പോൾ തന്നെ കുരുക്കിൽപ്പെടുകയാണ്.
ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ചരക്ക് വാഹനങ്ങൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തണമെന്ന ആവശ്യമാണ് ഉയരുന്നത്. രാവിലെയും വൈകിട്ടുമുള്ള തിരക്കേറിയ സമയങ്ങളിൽർ വലിയ ചരക്കുലോറികൾ കടന്നു പോകുന്നത് കുരുക്കിന്റെ ആക്കം കൂട്ടുകയാണ്. വാഹനങ്ങളെ നിയന്ത്രിക്കാൻ മതിയായ പൊലീസും ഇവിടെയുണ്ടാകാറില്ല.
വളപട്ടണം പാലം റോഡിന്റെ തകർച്ചയാണ് വാഹനങ്ങളെ വലയ്ക്കുന്നത്. മേൽപാളി ടാറിംഗ് പൂർണമായും തകർന്നു. ചിലയിടങ്ങളിൽ സ്ലാബിലും തകർച്ചയുണ്ടായിട്ടുണ്ട്. പാലത്തിൽ ചെറുവാഹനങ്ങൾ വേഗം കുറച്ചു പോകുന്നതും കുരുക്കിലാകാൻ കാരണമാകുന്നു.
നിവേദനവുമായി എം.എൽ.എയും
പഞ്ചായത്ത് പ്രസിഡന്റും
പാപ്പിനിശ്ശേരി -വളപട്ടണം ഭാഗത്ത് രാവിലെയും വൈകുന്നേരവും തിരക്കേറിയ സമയങ്ങളിൽ വലിയ ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കെ.വി സുമേഷ് എം.എൽ.എയും പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ. പ്രദീപനും ജില്ലാ കളക്ടർക്ക് നിവേദനം നൽകി. രാവിലെ എട്ട് മുതൽ പത്ത് വരെയും വൈകീട്ട് മൂന്നു മുതൽ ആറ് വരെയും കാസർകോട് ഭാഗങ്ങളിൽ നിന്ന് വരുന്ന ചരക്ക് വാഹനങ്ങളും തലശ്ശേരി ഭാഗത്തുനിന്നിരുന്ന ചരക്ക് വാഹനങ്ങളും വളപട്ടണം ഭാഗത്തേക്ക് എത്താത്ത രീതിയിൽ സമയ ക്രമീകരണവും റൂട്ട് മാറ്റവും നടത്തുന്നതിനുള്ള ഇടപെടൽ ഉണ്ടാകണമെന്നാണ് ആവശ്യം.
വളപട്ടണം പാലത്തിലെ ടാറിംഗ് അടിയന്തരമായി പൂർത്തിയാക്കണമെന്നും തളിപ്പറമ്പ് -പഴയങ്ങാടി ഭാഗത്തുനിന്നും വരുന്ന ബസ്സുകൾ നിർത്തുന്ന വളപട്ടണം പാലം എത്തുന്നതിന് മുമ്പുള്ള ബസ് സ്റ്റോപ്പിന്റെ സ്ഥാനം പുനർനിർണയിക്കണമെന്നും രാവിലെയും വൈകീട്ടും ഗതാഗതം നിയന്ത്രിക്കുന്നതിനായി കൂടുതൽ പൊലീസിനെ പ്രദേശത്ത് നിയോഗിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |