കണ്ണൂർ: ഫണ്ടുണ്ടായിട്ടും കേരള സംസ്ഥാന കൈത്തറി വികസന കോർപറേഷനിലെ (ഹാൻവീവ്) ജീവനക്കാർക്കും തൊഴിലാളികൾക്കും ശമ്പളമില്ല. ജൂലായ്, ആഗസ്റ്റ് മാസത്തെ ശമ്പളമാണ് കുടിശികയായത്. നേരത്തെ ആറ് മാസത്തെ ശമ്പളം കുടിശികയായതോടെ ജീവനക്കാരുടെ ഭാഗത്തുനിന്നുമുണ്ടായ പ്രതിഷേധത്തെ തുടർന്ന് കുടിശ്ശിക മുഴുവനായി കൊടുത്തുതീർത്തിരുന്നു.
അതിനു ശേഷമാണ് വീണ്ടും രണ്ട് മാസത്തെ ശമ്പളം കുടിശ്ശികയായത്. ജില്ലയിൽ 100ന് മുകളിൽ ജീവനക്കാരുണ്ട്. ഇതിനു പുറമെ ആയിരത്തിനടുത്ത് വരുന്ന തൊഴിലാളികൾക്ക് നാല് മാസത്തെ കൂലി കുടിശ്ശികയാണ്. ഓണക്കാലത്തെ വിറ്റുവരവിൽ നിന്നു ശമ്പളം ലഭിക്കുമെന്ന് പ്രതീക്ഷിച്ച ജീവനക്കാരും തൊഴിലാളികളും കടുത്ത നിരാശയിലാണ്.
ജീവനക്കാർക്ക് ശമ്പളം നൽകാനുള്ള ഫണ്ട് സ്ഥാപനത്തിലുണ്ടായിട്ടും ശമ്പളം നൽകാതെ മറ്റാവശ്യങ്ങൾക്ക് നൽകി കമ്മിഷൻ കൈപ്പറ്റാനുള്ള നീക്കമാണെന്നാണ് ജീവനക്കാരുടെ ആരോപണം.
2023 മുതൽ തൊഴിലുടമയുടെ വിഹിതം പ്രോവിഡന്റ് ഫണ്ടിലേക്ക് (പി.എഫ്) അടച്ചിട്ടില്ല. അതിനാൽ 2025 മേയ് മാസത്തിന് ശേഷം വിരമിച്ചവർക്ക് പെൻഷൻ ലഭിച്ചിട്ടില്ല. 2022 ഡിസംബർ മുതൽ വിരമിച്ചവർക്കുള്ള ആനുകൂല്യവും ലഭിക്കാനുണ്ട്. കേരള സ്റ്റേറ്റ് ടെക്‌സ്‌റ്റൈൽ കോർപറേഷൻ എം.ഡിക്കാണ് നിലവിൽ ഹാൻവീവിന്റെ ചുമതല.
1.05 കോടി
സ്ഥാപനത്തിൽ 1.05 കോടിയാണ് ഫണ്ടായി ഉള്ളത്. ഇതിൽ മറ്റു ചിലവുകൾക്കുള്ള തുകയായി 71 ലക്ഷം മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. ബാക്കി 34 ലക്ഷമുണ്ട്. സ്റ്റാറ്റ്യൂട്ടറി കുടിശിക തീർക്കാൻ 60 ലക്ഷം രൂപ സർക്കാർ പ്രത്യേകമായി അനുവദിച്ചിട്ടുമുണ്ട്. എന്നിട്ടും ശമ്പളക്കുടിശിക തീർക്കുന്നില്ലെന്നാണ് തൊഴിലാളികളുടെ പരാതി.
ശരിയാകാതെ സ്കൂൾ യൂണിഫോം പദ്ധതി
സൗജന്യ കൈത്തറി സ്കൂൾ യൂണിഫോം നൽകുന്ന പദ്ധതി നടപ്പിലാക്കിയതോടെ തൊഴിലാളികൾക്ക് ലഭിക്കേണ്ട തുക ആറ് മാസത്തോളം വൈകിയാണ് ലഭിക്കുന്നത്. നെയ്ത്ത് കൂലി ഇനത്തിൽ കഴിഞ്ഞ വർഷം ഒക്ടോബർ വരെ മാത്രമുള്ള കുടിശ്ശികയാണ് നിലവിൽ അനുവദിച്ചത്. തുടർന്നുള്ള ഏഴ് മാസത്തെ കൂലി ഫണ്ടിന്റെ ലഭ്യതയ്ക്കനുസരിച്ച് അനുവദിക്കുമെന്നാണ് സർക്കാർ അറിയിച്ചത്. പദ്ധതിയുടെ ഭാഗമായുള്ള ഡൈനിംഗ് ചാർജ് ഇനത്തിൽ 3.82 കോടി രൂപയും ട്രാൻസ്പോർട്ടേഷൻ ഇനത്തിൽ 47 ലക്ഷം രൂപയും കുടിശ്ശികയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |