കണ്ണൂർ: കേരള ദിനേശ് ബീഡി തൊഴിലാളി കേന്ദ്ര സഹകരണ സംഘം ചെയർമാൻ ദിനേശ് ബാബുവിനെ സ്ഥാനത്തുനിന്ന് മാറ്റി ഗവർണറുടെ നിർദ്ദേശപ്രകാരം അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവ് ഇറക്കി. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി. പ്രേം രാജിന് ദിനേശിന്റെ അധിക ചുമതല നൽകി.
സ്ഥാപനത്തിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് അഡ്വക്കറ്റ് ടി.ഒ മോഹനൻ എം.എൽ.എ ആഭ്യന്തര വകുപ്പ് മന്ത്രിക്ക് നൽകിയ പരാതിയുടെ പശ്ചാത്തലത്തിലാണ് നടപടി.
ദിനേശിന് ഭീമമായ തുക ലോൺ എടുക്കുന്നതുമായി ബന്ധപ്പെട്ട് 2026 ജനുവരി 21 മുതൽ മാർച്ച് 13 വരെയുള്ള കാലയളവിൽ സ്ഥാപനത്തിന്റെ കണ്ണൂർ മെയിൻ ബ്രാഞ്ചിൽ നടന്നതായി പറയുന്ന ഏകദേശം 1.70 കോടി രൂപയുടെ സാമ്പത്തിക ഇടപാടുകളാണ് പരാതിയിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയത്. ഇതിൽ 1.50 കോടി രൂപയുടെ ചെക്ക് ഇടപാടുകളും 20 ലക്ഷം രൂപയുടെ ക്യാഷ് പിൻവലിക്കലും ഉൾപ്പെടുന്നതായി പരാതിയിൽ പറയുന്നു.
സ്ഥാപനവുമായി നേരിട്ട് വ്യാപാരബന്ധമില്ലെന്ന് പരാതിയിൽ ആരോപിക്കുന്ന തമിഴ്‌നാട് ആസ്ഥാനമായുള്ള സ്വകാര്യ ധനകാര്യ സ്ഥാപനവുമായി വൻതുകയുടെ ഇടപാടുകൾ നടത്തിയതിലും സംശയം ഉന്നയിച്ചിരുന്നു. ബിനാമി ഇടപാടുകൾ, സ്ഥാപനത്തിന്റെ ഫണ്ട് അനധികൃതമായി വകമാറ്റൽ, പണം ഇരട്ടിപ്പിക്കൽ തുടങ്ങിയ സാമ്പത്തിക ക്രമക്കേടുകൾ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
സർക്കാർ ഉദ്യോഗസ്ഥൻ ചെയർമാൻ ചുമതലയിൽ വന്നതോടെ എൽ.ഡി.എഫ് അഭിമുഖ്യമുള്ള ഭരണ സമിതിക്കെതിരെയും നടപടി ഉണ്ടാവാൻ സാദ്ധ്യതയേറുകയാണ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |