തളിപ്പറമ്പ്: പട്ടുവത്തെ കർഷകരുടെ ഉറക്കം കെടുത്തി വന്യമൃഗ ശല്യം. നെൽ കർഷകരും പച്ചക്കറി കൃഷിക്കാരും തെങ്ങ്, വാഴ, മരച്ചീനി തുടങ്ങിയ കൃഷികളിലേർപ്പെട്ടവരുമെല്ലാം കടുത്ത കൃഷിനാശം നേരിട്ട് ധർമ്മ സങ്കടത്തിലാണ്. കാട്ടുപന്നി, മുള്ളൻപന്നി, കുരങ്ങ്, മയിൽ എന്നിവയുടെ വർദ്ധിച്ച് വരുന്ന ശല്യമാണ് കർഷകരെ കണ്ണീരിലാഴ്ത്തുന്നത്.
ഒന്നാംവിള കന്നി കൊയ്ത്തിനുള്ള നെൽച്ചെടികൾ വയലുകളിൽ നശിച്ച് കിടക്കുകയാണ്. കാട്ടുപന്നി കൂട്ടങ്ങൾ വയലുകളിൽ എത്തി വ്യാപകമായി കൊയ്യാറായ നെൽച്ചെടികൾ നശിപ്പിക്കുന്നു. വയലോരങ്ങളിലെ കുന്നിൻ മുകളിൽ നിന്നും കൈപ്പാട് സ്ഥലങ്ങളിൽ നിന്നും രാത്രി കാലങ്ങളിൽ വയലുകളിൽ എത്തിയാണ് കൃഷി നശിപ്പിച്ച് വരുന്നത്. കുട്ടികൾ ഉൾപ്പെടെ ഇരുപത്തിയഞ്ചോളം പന്നികൾ കൂട്ടമായാണ് വയലുകളിൽ എത്തിച്ചേരുന്നത്.
കുരങ്ങൻമാരുടെ ശല്യം കാരണം തെങ്ങുകളിൽ തേങ്ങകൾ തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. കുരങ്ങുകൾ തെങ്ങിൻ മുകളിൽ കയറി കരിക്ക് പറിച്ച് വെള്ളം കുടിച്ച ശേഷം കരിക്ക് വലിച്ചെറിയുകയാണ്.
വാഴപ്പഴങ്ങളും മറ്റ് ഫലവർഗ്ഗങ്ങളും വ്യാപകമായി നശിപ്പിച്ച് വരുന്നുണ്ട്. പപ്പായ മരത്തിന്റെ മുകളിൽ കയറി മുഴുവൻ പപ്പായകളും നശിപ്പിക്കുന്നു.
വീടുകളിലെ മേൽപ്പുരയിൽ ഓടിളക്കി അകത്ത് കറി ഭക്ഷണ സാധനങ്ങളും എടുത്തുകൊണ്ട് പോകുന്നു .
മുള്ളൻ പന്നികളും മയിലുകളും വീട്ടുവളപ്പിലെ മരച്ചീനി തുടങ്ങിയ കിഴങ്ങ് വർഗ്ഗ കൃഷികളും നശിപ്പിക്കുന്നുണ്ട്. വന്യ ജീവികൾ വ്യാപകമായി കൃഷിനാശം വരുത്തുന്നത് സാമൂഹ്യ സാമ്പത്തിക പ്രശ്നങ്ങൾക്കും കാരണമാകുന്നു.
കടുത്ത സാമ്പത്തിക നഷ്ടം
ബാങ്ക് വായ്പകളിൽ നിന്ന് ഉൾപ്പെടെയുള്ള പണം കണ്ടെത്തി
വളങ്ങൾ, വിത്തുകൾ, കാർഷിക ഉപകരണങ്ങൾ, മറ്റ് കാർഷിക അസംസ്‌കൃത വസ്തുക്കൾ ശേഖരിച്ച്
കൃഷി ചെയ്യുന്ന കർഷകർക്ക് വരുമാനം നേടിയെടുക്കാനുള്ള ഉല്പാദനം ലഭിക്കാത്തത് സാമൂഹ്യ പ്രശ്നമായി മാറുകയാണ്. കലാവസ്ഥയിലുള്ള മാറ്റം എല്ലാ വിളകളെയും ബാധിക്കുന്നതിനിടയിലാണ് ഇടിത്തീ പോലെ
വന്യമൃഗശല്യവും നേരിടേണ്ടിവരുന്നത്.
200 ഹെക്ടർ
നെൽക്കൃഷി
പട്ടുവം പഞ്ചായത്തിൽ ഭൂരിഭാഗവും കാർഷിക മേഖലയാണ്. മുഖ്യകൃഷി നെല്ലും. കണ്ണൂർ ജില്ലയുടെ നെല്ലറയായി അറിയപ്പെടുന്ന ഇവിടെ ഇരുന്നൂറ് ഹെക്ടർ നെൽകൃഷി നിലവിൽ ചെയ്ത് വരുന്നുണ്ട്.
കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകുകയാണ്. വന്യമൃഗങ്ങളുടെ ശല്യം നിയന്ത്രിക്കാനും കർഷകരുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണാനും ബന്ധപ്പെട്ട വകുപ്പുകൾ ഇടപ്പെട്ടാൽ വലിയൊരാശ്വാസമാകും.
കർഷകർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |