കണ്ണൂർ: ആർ.എസ്.എസ്. പ്രവർത്തകനാണ് മഹാത്മാഗാന്ധിയെ വധിച്ചതെന്ന തരത്തിൽ 2021 ജനുവരി 29ന് സോഷ്യൽ മീഡിയയിലൂടെ മുൻ മന്ത്രി വി.എസ് സുനിൽകുമാർ നടത്തിയതായി ആരോപിക്കപ്പെടുന്ന പരാമർശവുമായി ബന്ധപ്പെട്ട് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നമ്പർ 1ൽ സമർപ്പിച്ച കേസിൽ സുനിൽകുമാർ ഇന്നലെ കോടതിയിൽ ഹാജരായി.
കേസിൽ കോടതി കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. പ്രതി ചേർക്കപ്പെട്ട മുൻമന്ത്രി കുറ്റം നിഷേധിച്ചു. വിചാരണയ്ക്കായി കേസ് 2027ജനവരി 8 ലേക്ക് മാറ്റി. ആർ.എസ്.എസ് നേതാവായ അഡ്വക്കറ്റ് കെ.കെ. ബാലറാമാണ് പരാതിക്കാരൻ. പ്രതിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആർ.എസ്.എസ്. എന്ന സംഘടനയെയും അതുമായി ബന്ധപ്പെട്ട പ്രവർത്തകരെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ അടിസ്ഥാനരഹിതവും തെറ്റായതുമായ പരാമർശം നടത്തിയെന്നാണ് പരാതിയിലെ പ്രധാന ആരോപണം. പ്രസ്തുത പരാമർശം രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഭാഗമായും ആർ.എസ്.എസിന്റെ പ്രതിച്ഛായ തകർക്കാനുള്ള ഉദ്ദേശത്തോടെയുമാണെന്നും പരാതിയിൽ ആരോപിച്ചിട്ടുണ്ട്.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ 499, 500 വകുപ്പുകൾ പ്രകാരമുള്ള അപകീർത്തിക്കുറ്റമാണ് പ്രതിക്കെതിരെ പരാതിയിൽ ആരോപിച്ചിരിക്കുന്നത്. പ്രതിക്ക് 2021 ഫെബ്രുവരി 1ന് അഭിഭാഷക നോട്ടീസ് അയച്ച് പരാമർശം പിൻവലിച്ച് പൊതുമാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും പരാതിയിൽ പറയുന്നു. നോട്ടീസിന്റെ പകർപ്പും അതിന്റെ സ്വീകരണ രേഖയും ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീൻഷോട്ടുകൾ അടങ്ങിയ പെൻഡ്രൈവും ഉൾപ്പെടെയുള്ള രേഖകൾ പരാതിക്കാരൻ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
കേസിൽ പരാതിക്കാരന്റെ ഭാഗത്തുനിന്ന് അഡ്വക്കറ്റ് എം.ആർ ഹരീഷും പ്രതിഭാഗത്തിനായി അഡ്വക്കറ്റ് അജയകുമാറും കോടതിയിൽ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |