SignIn
Kerala Kaumudi Online
Friday, 16 October 2026 5.18 AM IST

പയ്യാമ്പലം ഇനി മാലിന്യ വിമുക്ത പ്രദേശം; നിയമം ലംഘിച്ചാൽ പിടിവീഴും

payyambalam

കണ്ണൂർ: പയ്യാമ്പലം ബീച്ചിനേയും പാർക്കിനേയും പരിസരത്തേയും നിർബന്ധിത മാലിന്യവിമുക്ത പ്രദേശമായി പ്രഖ്യാപിക്കാൻ ജില്ലാ കളക്ടർ പി വിഷ്ണുരാജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിൽ തീരുമാനം. വിവിധ പരിസ്ഥിതി സംരക്ഷണനിയമങ്ങളുടെയും സുപ്രിംകോടതി ഉത്തരവുകളുടെയും മുനിസിപ്പൽ നിയമത്തിന്റെയും നേരിട്ടുള്ള പരിശോധനയുടെയും അടിസ്ഥാനത്തിലാണ് ഈ നടപടി.ഇതു സംബന്ധിച്ച ഉത്തരവും പുറത്തിറക്കി.

നിർബന്ധിത മാലിന്യ വിമുക്ത കേന്ദ്രമാകുന്നതോടെ പ്രദേശത്ത് ചപ്പുചവറുകളോ ഖര മാലിന്യമോ നിക്ഷേപിക്കുന്നത് കുറ്റമാവും. നിയമ ലംഘനം നടത്തുന്നവർക്കെതിരെ കേസെടുക്കാനും നിയമപരമായ പിഴ ചുമത്താനും സാധിക്കും.

തീരുമാനം നടപ്പാക്കാൻ ഉദ്യോഗസ്ഥതല പയ്യാമ്പലം സോൺ മാനേജ്‌മെന്റ് കമ്മിറ്റിക്ക് യോഗം രൂപം നൽകി. ഡി.ടി.പി.സി, കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ, ജില്ലാ ശുചിത്വ മിഷൻ, കേരള സംസ്ഥാന പൊല്യൂഷൻ കൺട്രോൾ ബോർഡ്, പൊലീസ്, തദ്ദേശ സ്വയംഭരണ വകുപ്പ്, കോസ്റ്റൽ പൊലീസ്, മറ്റ് വകുപ്പുകൾ, ജില്ലാ കളക്ടർ നോമിനേറ്റ് ചെയ്യുന്ന മറ്റ് ഏജൻസികൾ എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെട്ടതാണ് പയ്യാമ്പലം സോൺ മാനേജ്‌മെന്റ് കമ്മിറ്റി.

പയ്യാമ്പലം ബീച്ച്, പാർക്ക്, പരിസര പ്രദേശങ്ങൾ എന്നിവയുടെ വൃത്തി, മാലിന്യ സംസ്‌കരണം, പുല്ല് ചെത്തൽ, മോടി പിടിപ്പിക്കൽ തുടങ്ങി ശുചിത്വവുമായി ബന്ധപ്പെട്ട സകല കാര്യങ്ങളും കമ്മിറ്റിയുടെ ചുമതലയിലായിരിക്കും. ഇതിന്റെ റിപ്പോർട്ട് ആഴ്ചതോറും ക്രോഡീകരിച്ച് ഡി.ടി.പി.സി ജില്ലാ കളക്ടർക്ക് സമർപ്പിക്കണം. അടിയന്തിര പ്രശ്‌നങ്ങളിൽ ജില്ലാകളക്ടർ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയുണ്ടാകും.പയ്യാമ്പലം സോൺ മാനേജ്‌മെന്റ് കമ്മിറ്റിക്ക് പുറമേ ഡി.ടി.പി.സി, കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ, ജില്ലാശുചിത്വ മിഷൻ, സിറ്റി പൊലീസ് കമ്മിഷണർ എന്നിവർക്കും പ്രത്യേക ചുമതലകൾ നൽകിയിട്ടുണ്ട്.അസിസ്റ്റന്റ് കളക്ടർ എസ് സ്വാതി, എ.ഡി.എം കെ.ബാലഗോപാലൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

രണ്ടാഴ്ച മുന്നറിയിപ്പ് കാലം

യോഗതീരുമാനപ്രകാരം ഇനിയുള്ള രണ്ടാഴ്ചക്കാലം മുന്നറിയിപ്പ് കാലമായി കണക്കാക്കും. പയ്യാമ്പലം നിർബന്ധിത മാലിന്യമുക്ത കേന്ദ്രം എന്ന ബോർഡുകളിലൂടെയും അനൗൺസ്‌മെന്റുകളിലൂടെയും പ്രദേശവാസികളുടെയും അവിടെയെത്തുന്ന സഞ്ചാരികളുടെയും കച്ചവടക്കാരുടെയും ശ്രദ്ധയിൽപ്പെടുത്തും. അതിനുശേഷമാകും നിയമലംഘനം കണ്ടാൽ നടപടികളിലേക്ക് പോകും.

ഡി.ടി.പി.സി ചെയ്യേണ്ടത്

പാർക്കിന്റെ ശുചിത്വം, കൃത്യമായ മാലിന്യ ശേഖരണം, സമയബന്ധിതമായ സംസ്‌കരണം, സന്ദർശക ഇടങ്ങൾ തൂത്തുവാരൽ, പുല്ല് ചെത്തൽ, പുൽത്തകിടിയുടെ സംരക്ഷണം, ബോർഡുകൾ സ്ഥാപിക്കൽ, ശുചിമുറികൾ വൃത്തിയാക്കൽ, സി സി ടി.വി ക്യാമറ സ്ഥാപിക്കൽ, കൃത്യമായ നിർദ്ദേശം നൽകൽ

കോർപറേഷന്റെ ചുമതല

മാലിന്യ സംസ്‌കരണ സംവിധാനം , പ്രദേശത്തെ കച്ചവടകേന്ദ്രങ്ങൾക്ക് ഏകീകൃത രൂപം നൽകൽ, പൊതു ഇടങ്ങളിൽ മാലിന്യ നിർമ്മാർജ്ജനം ഉറപ്പുവരുത്തൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL