SignIn
Kerala Kaumudi Online
Friday, 16 October 2026 4.52 AM IST

അഴിമതിക്കുരുക്കിലേക്ക് എ.സിറോഡ് നിർമ്മാണം

ആലപ്പുഴ : ആലപ്പുഴ - ചങ്ങനാശ്ശേരി (എ.സി) റോഡിന്റെ നിലവാരം ഉയർത്തുന്നതുമായി ബന്ധപ്പെട്ട പദ്ധതി ആസൂത്രണത്തിലും നടത്തിപ്പിലും കേരള റോഡ് ഫണ്ട് ബോർഡിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകളുണ്ടായതായുള്ള സി.എ.ജി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യം ഉയരുന്നു. റിപ്പോർട്ടിലെ കണ്ടുപിടുത്തങ്ങളെക്കാൾ വലിയ അഴിമതിയാണ് പദ്ധതി നടത്തിപ്പിൽ ഉണ്ടായിട്ടുള്ളതെന്നും സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുകയാണെങ്കിൽ കൂടുതൽ തെളിവുകൾ നൽകാമെന്നും ഗവ കോൺട്രാക്ടേഴ്സ് അസോസിയേഷൻ വ്യക്തമാക്കി.

കരാറുകൾ സമയബന്ധിതമായി പൂർത്തിയാക്കാത്തത് മൂലം ഖജനാവിന് 21.33 കോടി രൂപയുടെ അധികച്ചെലവുണ്ടായെന്നും, കൃത്യമായ സാധ്യതാ പഠനങ്ങൾ നടത്താതെ പണി പൂർത്തിയാകുന്നതിന് വർഷങ്ങൾക്ക് മുമ്പ് തന്നെ തുക അനുവദിച്ചതു വഴി കരാറുകാരന് 39.27 കോടി രൂപയുടെ അനർഹമായ സാമ്പത്തികാനുകൂല്യം ലഭിച്ചെന്നും റിപ്പോർട്ടിലുണ്ട്. ഒന്നാം പിണറായി സർക്കാരിൽ പൊതുമരാമത്ത് മന്ത്രിയായിരുന്ന ജി.സുധാകരൻ അനുവദിച്ച ആയിരം കോടി രൂപയിൽ നിന്ന് രണ്ടാം പിണറായി സർക്കാർ 350 കോടി രൂപ തിരിച്ചെടുത്തത് നിർമ്മാണത്തിന്റെ ഗുണനിലവാരത്തെ സാരമായി ബാധിച്ചു. മരാമത്ത് വകുപ്പിന് കീഴിലെ ഹൈവേ ഗവേഷണ വിഭാഗം ആറ് മാസം പഠനം നടത്തി തയാറാക്കിയ രൂപരേഖ മാറ്റിയതും തിരിച്ചടിയായി. കനത്ത മഴയിലും കിഴക്കൻ വെള്ളത്തിന്റെ വരവിലും എ.സി റോഡിൽ മനയ്ക്കച്ചിറ, പൂവം, കിടങ്ങറ തുടങ്ങിയ ഭാഗങ്ങളിൽ വെള്ളം കയറി ഗതാഗത തടസ്സങ്ങൾ നേരിട്ടിരുന്നു.

വെള്ളം കയറില്ലെന്ന വാഗ്ദാനം വെറുതെയായി

ഓരോ 500 മീറ്ററും ഓരോ സ്ട്രെച്ചായി നിർമ്മാണം നടത്തണമെന്ന നിബന്ധന പാലിച്ചില്ല. ഇത് വലിയ അഴിമതിക്ക് കളമൊരുക്കി

 റോഡിന്റെ പൊക്കം വേണ്ടത്ര നൽകിയില്ല. 2018ന് സമാനമായ പ്രളയം ആവർത്തിച്ചാലും വെള്ളം കയറില്ലെന്ന വാക്ക് പാലിക്കാനായില്ല

റോഡ‌ിന്റെ വീതി അനാവശ്യമായി കുറച്ചു. ട്രാഫിക് മാനേജ്മെന്റ് ലംഘിച്ചു. അടച്ചുകെട്ടി തന്നിഷ്ടം പോലെയുള്ള നിർമ്മാണം നടന്നു

 800 കോടി രൂപ മുടക്കി നവീകരിച്ചിട്ടും വെള്ളക്കെട്ട് ഒഴിവാക്കാൻ കഴിഞ്ഞില്ലെന്ന ആക്ഷേപവും ഇതിനോടകം ഉയർന്നിരുന്നു.

അധികച്ചെലവ്

₹21.33 കോടി

സി.എ.ജി കണ്ടെത്തലിന്റെയെങ്കിലും പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടണം. പുറത്തുവന്നതിനെക്കാൾ വലിയ ക്രമക്കേടുകൾ പദ്ധതിനിർവഹണ ഘട്ടത്തിലുണ്ടായിട്ടുണ്ട്

- വർഗീസ് കണ്ണമ്പള്ളി, സംസ്ഥാന പ്രസിഡന്റ്, കേരള ഗവ കോൺട്രാക്ടേഴ്സ് അസോസിയേഷൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL