SignIn
Kerala Kaumudi Online
Friday, 16 October 2026 5.18 AM IST

ഇല്ലാത്ത ഉത്തരവിന് സർക്കാരിന് അഭിനന്ദനം; പ്രമേയത്തിൽ വെട്ടിലായി കോർപറേഷൻ

mayor

അഭിനന്ദനം സാമൂഹ്യസുരക്ഷാ മാനദണ്ഡങ്ങളിൽ ഇളവുവരുത്തിയെന്ന് ചൂണ്ടിക്കാട്ടി

കണ്ണൂർ: സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയതിന് സർക്കാരിനെ അഭിനന്ദിച്ച് പ്രമേയം പാസാക്കിയ കോർപറേഷനെ പരിഹസിച്ച് പ്രതിപക്ഷം. 2000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണ്ണമുള്ള വീട്,താമസിക്കുന്ന വീട്ടിൽ എയർ കണ്ടീഷണർ
എന്നിവയുള്ളവർക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദനീയമല്ലെന്ന മാനദണ്ഡം ഒഴിവാക്കാൻ ഉത്തരവിട്ടതിനാണ് കോർപറേഷൻ സർക്കാരിനെ അഭിനനന്ദിച്ചത്.അടിയന്തിര കൗൺസിൽ യോഗത്തിൽ മേയർ അഡ്വ.പി. ഇന്ദിര ആയിരുന്നു പ്രമേയം അവതരിപ്പിച്ചത്.

എൽ.ഡി.എഫ് സർക്കാരിന് മുന്നിൽ പല തവണയായി ആവശ്യപ്പെട്ടിട്ടും നടക്കാത്ത കാര്യം വെറും നാല് മാസത്തിനുള്ളിൽ യു.ഡി.എഫ് സർക്കാർ നടപ്പാക്കിയെന്നാണ് മേയറുടെ പ്രമേയത്തിൽ പറഞ്ഞത്. ഡസ്‌കിനടിച്ചാണ് പ്രമേയം ഏകകണ്ഠമായി പാസാക്കിയത്.

മുൻ ഉത്തരവുകൾക്കും നിർദ്ദേശങ്ങൾക്കും വിധേയം

സമൂഹത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അശരണരും നിരാലംബരുമായവർക്ക് ഒരു കൈത്താങ്ങ് എന്ന നിലയിലാണ് സർക്കാർ സാമൂഹ്യ സുരക്ഷാ പെൻഷനുകൾ അനുവദിക്കുന്നതെന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റ് ഒക്ടോബർ 14ന് ഇറക്കിയ ഉത്തരവിൽ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന ഉത്തരവുകളും നിർദ്ദേശങ്ങളും വിധേയമായാണ് പെൻഷൻ അനുവദിക്കുന്നതെന്നും ഉത്തരവ് വ്യക്തമാക്കുന്നു.2000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണ്ണമുള്ള വീട്,താമസിക്കുന്ന വീട്ടിൽ എയർ കണ്ടീഷണർ എന്നിവയുള്ളവർക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദനീയമല്ല എന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്തിന്റെ സാമ്പത്തിക ശേഷിയും വിഭവ ലഭ്യതയും മറ്റ് സാമൂഹ്യ ഘടകങ്ങളും പരിഗണിച്ച് മാത്രമേ ഇതിനുപരിയായി ക്ഷേമ പെൻഷൻ മാനദണ്ഡങ്ങളിൽ ഇളവ് വരുത്താൻ സാധിക്കുകയുള്ളു. നിലവിലെ മാനദണ്ഡങ്ങളിൽ ഇളവ് അനുവദിക്കണമെന്ന ആവശ്യം ഭാവിയിൽ സർക്കാർ പൊതുവായി പരിഗണിക്കുന്ന ഘട്ടത്തിൽ പരിശോധിക്കുമെന്നുമാണ് ഈ ഉത്തരവിൽ പറയുന്നത്.ഈ വിവരങ്ങൾ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരുടെയും ശ്രദ്ധയിൽപ്പെടുത്തണമെന്നും ഉത്തരവിൽ പറയുന്നു.

ഉത്തരവ് വായിക്കാതെ ഉദ്യോഗസ്ഥർ

കോർപറേഷൻ കൗൺസിൽ യോഗത്തിൽ അവതരിപ്പിക്കപ്പെടേണ്ട പ്രമേയം ഉദ്യോഗസ്ഥർ കൃത്യമായി പരിശോധിക്കേണ്ടതുണ്ട്. സർക്കാരുമായി ബന്ധപ്പെട്ട് അവതരിപ്പിക്കപ്പെടുന്ന പ്രമേയങ്ങൾ കൃത്യമായി അയച്ചുകൊടുക്കേണ്ടതുമുണ്ട്.സർക്കാർ പുറപ്പെടുവിച്ച ഉത്തരവിലെ പരിഷ്കാരങ്ങൾ എന്താണെന്ന് വ്യക്തമാക്കിക്കൊടുക്കേണ്ട ചുമതലയുള്ള ഉദ്യോഗസ്ഥരാണ് കോർപറേഷൻ കൗൺസിലിനെ പരിഹാസ്യമാക്കുന്ന പ്രമേയം അവതരിപ്പിക്കാനുള്ള അവസരം സൃഷ്ടിച്ചതെന്നാണ് ഭരണപക്ഷകൗൺസിലർമാർ തന്നെ പറയുന്നത്.

വാട്‌സ് ആപിൽ കാണുന്ന വാർത്തകൾ പ്രമേയമായി അവതരിപ്പിച്ച് കൗൺസിലിനെ തെറ്റിദ്ധരിപ്പിച്ച മേയർ മാപ്പുപറയണം-വി.കെ.പ്രകാശിനി (കോർപറേഷൻ എൽ.ഡി.എഫ് പാർലിമെന്ററി പാർട്ടി ലീഡർ )

കുറച്ച് കാലങ്ങളായി സാധാരണക്കാരായ ജനവിഭാഗങ്ങളെ ഉൾപ്പെടെ ബാധിക്കുന്ന വിഷയങ്ങളിൽ കോർപറേഷൻ കൗൺസിൽ യോഗങ്ങളിൽ പോലും തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളാണ് മേയർ ഉൾപ്പെടെ നടത്തി കൊണ്ടിരിക്കുന്നത്- ബി.ജെ.പി കോർപറേഷൻ പാർലിമെന്ററി പാർട്ടി ലീഡർ പി.മഹേഷ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL