കണ്ണൂർ: കേരളത്തിന്റെ പശ്ചാത്തല സൗകര്യ വികസനത്തിന് കരുത്തുപകർന്ന കിഫ്ബിയെ അട്ടിമറിക്കാനുള്ള യു.ഡി.എഫ് സർക്കാർ നീക്കത്തിൽ സി.പി.എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം പ്രതിഷേധിച്ചു. വോട്ടർപട്ടിക തീവ്ര പരിശോധനയുടെ പേരിൽ വോട്ടവകാശം വെട്ടിമാറ്റിയതിനെതിരെ ജന്തർമന്തറിൽ നടക്കുന്ന സമരത്തിന് യോഗത്തിന്റെ ഐക്യദാർഢ്യം. ഇതുസംബന്ധിച്ച രണ്ട് പ്രമേയങ്ങളും യോഗം അംഗീകരിച്ചു.
കഴിഞ്ഞ പത്തു വർഷത്തിനിടെ ജില്ലയിലും വലിയ വികസനമുന്നേറ്റമാണ് കിഫ്ബി വഴി ഉണ്ടായതെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച് മുഖ്യമന്ത്രി തന്നെ കിഫ്ബിയെ തകർക്കാൻ ശ്രമിക്കുകയാണെന്നും, സങ്കുചിതമായ പ്രചാരണത്തിലൂടെ ജില്ലയെ ഇകഴ്ത്തുകയാണെന്നും കമ്മിറ്റി ആരോപിച്ചു.
ചരിത്രപരമായ കാരണങ്ങളാൽ വികസനത്തിൽ പിന്നാക്കം നിൽക്കുന്ന വടക്കൻ കേരളത്തിൽ വിമാനത്താവളവും തുറമുഖവും കേന്ദ്രീകരിച്ച് വ്യവസായ പാർക്കുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് കിഫ്ബി വഴി വിഭാവനം ചെയ്തത്. സംസ്ഥാനത്തെ വികസന അസന്തുലിതാവസ്ഥ മറികടക്കുകയായിരുന്നു ലക്ഷ്യം. ഇതിനെ ദുർവ്യാഖ്യാനിച്ച് വിവാദമുണ്ടാക്കുന്നത് രാഷ്ട്രീയ വൈകല്യമാണ്. വിപണിവിലയുടെ അഞ്ചിരട്ടി നൽകി കിഫ്ബി ഭൂമി ഏറ്റെടുത്തുവെന്ന ആരോപണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം ഉയർന്ന വിലയും നഷ്ടപരിഹാരവും നൽകി ചട്ടപ്രകാരമാണ് ഭൂമി ഏറ്റെടുത്തത്. ഏറ്റെടുക്കലിന്റെ ഉത്തരവാദിത്തം കിഫ്ബിക്കല്ല. പ്രാരംഭഘട്ടത്തിൽ എത്ര ഭൂമി ഉപയോഗിച്ചുവെന്നു മാത്രം നോക്കി വലിയ പദ്ധതികളെ വിലയിരുത്തുന്നത് യുക്തിസഹമല്ല.
ബഡ്ജറ്റിന്റെ പരിമിതിയിൽ വൻകിട പദ്ധതികൾ നടപ്പാക്കാനാവാത്തതിനാലാണ് കിഫ്ബി വിഭാവനം ചെയ്തത്. ദീർഘകാല വായ്പകളിലൂടെ വികസനം സാധ്യമാക്കിയാൽ ഭാവിയിൽ വലിയ ചെലവ് ഒഴിവാക്കാനാകുമെന്നായിരുന്നു കാഴ്ചപ്പാട്. ഈ മുന്നേറ്റം കോർപ്പറേറ്റുകൾക്ക് തിരിച്ചടിയായതാണ് കിഫ്ബിയെ തകർക്കാനുള്ള യു.ഡി.എഫ് സർക്കാരിന്റെ പ്രേരണയെന്ന് പ്രമേയം ആരോപിക്കുന്നു.
25,587 കോടിയുടെ നിർമാണം പാതിവഴിയിൽ
പൊതുമരാമത്ത് വകുപ്പിലെ 40,577 കോടി രൂപയുടെ 464 പദ്ധതികളിൽ 25,587 കോടിയുടെ നിർമാണം പാതിവഴിയിലാണെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. 2134 കോടി രൂപയുടെ വയനാട് തുരങ്കപാതയും 500 കോടിയുടെ എം.സി. റോഡ് വികസനവും പൂർണമായി സ്തംഭിച്ചു. സാങ്കേതിക, സാമ്പത്തിക പരിശോധനയിലുള്ള 83 പുതിയ പദ്ധതികളും ഇല്ലാതാകും. ഇത് കേരളത്തിന്റെ ഭാവിവികസനത്തിന് വലിയ തിരിച്ചടിയാകുമെന്നും ഇത്തരം നീക്കത്തിനെതിരെ വൻ ബഹുജനപ്രതിഷേധം ഉയർന്നുവരണമെന്നും യോഗം അഭ്യർഥിച്ചു.
ജന്തർമന്തർ സമരത്തിന് ഐക്യദാർഢ്യം
വോട്ടർപട്ടിക തീവ്ര പരിശോധനയുടെ പേരിൽ 13 കോടിയിലേറെ പൗരരുടെ വോട്ടവകാശം വെട്ടിമാറ്റിയെന്ന് പ്രമേയത്തിൽ ആരോപിച്ചു. വെട്ടിമാറ്റിയ വോട്ടുകൾ പുനഃസ്ഥാപിക്കണമെന്നും, തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിഷ്പക്ഷതയും വിശ്വാസ്യതയും തകർത്ത മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ്കുമാർ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് രാജ്യവ്യാപകമായി ഉയരുന്ന പ്രതിഷേധത്തെ കമ്മിറ്റി അഭിവാദ്യം ചെയ്തു. ഭരണഘടനാദത്തമായ സമരാവകാശത്തെ ബി.ജെ.പി സർക്കാർ അതിക്രൂരമായി നേരിടുകയാണെന്ന് പ്രമേയം കുറ്റപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |