കാഞ്ഞങ്ങാട്: മലയോര ഗ്രാമങ്ങളിലെ രൂക്ഷമായ വന്യമൃഗശല്യം പരിഹരിക്കാൻ ശാശ്വതമായ ഇടപെടൽ വേണമെന്ന് സി.പി.എം കാസർകോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കാട്ടാന, കാട്ടുപോത്ത്, കാട്ടുപന്നി, കുരങ്ങ്, മയിൽ തുടങ്ങിയ വന്യജീവികൾക്കൊപ്പം അടുത്ത കാലത്തായി പുലിയുടെ സാന്നിദ്ധ്യവും മലയോര മേഖലയിലെ ജനങ്ങളിൽ ഭീതി ഉളവാക്കുകയാണ്. വന്യജീവികൾ, സാധാരണ മനുഷ്യർക്ക് അവരുടെ കൃഷി ഇടങ്ങളിലും വാസസ്ഥലങ്ങളിലും നിൽക്കാൻ കഴിയാത്ത സ്ഥിതിയാണുളവാക്കുന്നത്. വന്യമൃഗങ്ങൾ തങ്ങളുടെ കൃഷിയിടങ്ങളിലും താമസ ഇടങ്ങളിലും ഏത് നിമിഷവും എത്തുമെന്ന ഭീതിയിലാണ് ഈ മേഖലയിലെ ജനങ്ങൾ.
മലയോര പഞ്ചായത്തുകളായ ദേലമ്പാടി, മുളിയാർ, കാറഡുക്ക, ബേഡകം, കുറ്റിക്കോൽ, പനത്തടി, ഈസ്റ്റ്‌വെസ്റ്റ് എളേരി പഞ്ചായത്തുകളിൽ കാട്ടാന ശല്യം പല അവസരങ്ങളിലും രൂക്ഷമാണ്. കാട്ടാനശല്യം തടയാൻ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ ഹാങിംഗ് ഫെൻസിംഗ് പദ്ധതി ഒരു പരിധിവരെ കാട്ടാന ശല്യത്തിന് പരിഹാരം കാണാൻ സാധിച്ചിട്ടുണ്ട്. ജില്ലയിലെ മറ്റ് പഞ്ചായത്തുകളിലും ഈ പദ്ധതി നടപ്പിലാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലയിൽ പുലിയുടെ ശല്യവും അടുത്ത കാലത്തായി വർദ്ധിക്കുകയാണ്. പുലിയുടെ സാന്നിദ്ധ്യം ഉണ്ടെന്ന് അംഗീകരിക്കാതിരുന്ന വനംവകുപ്പ് കെണിയിൽപെട്ടും കിണറ്റിൽ വീണും പുലികൾ ചത്തതിന് ശേഷമാണ് പുലി ശല്യം തടയുന്നതിന് നടപടി സ്വീകരിക്കുന്നത്. വനംവകുപ്പ്, നാട്ടുകാരുമായി ചേർന്നുള്ള പ്രവർത്തനത്തിലൂടെ വന്യജീവി ശല്യം പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഫലപ്രദമാകുന്നില്ല. ജില്ലയിൽ കൂടുതൽ ഫോറസ്റ്റ് സ്റ്റേഷനുകൾ സ്ഥാപിക്കണം. ജില്ലയിലെ ആർ.ആർ.ടി സംഘം വിപുലീകരിക്കണം. കൂടുതൽ വാഹനങ്ങളും അനുവദിക്കണം. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വനാതിർത്തിയിൽ കർമ്മസമിതി പ്രവർത്തനങ്ങൾ സുശക്തമാക്കണം.
വെള്ളത്തിനും ഭക്ഷണത്തിനുമായാണ് വന്യമൃഗങ്ങൾ കാടിറങ്ങുന്നത്. വനഭൂമിയിൽ തന്നെ ചെറുതടയണകൾ നിർമ്മിച്ചും ഫല വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചും ശാശ്വത പരിഹാരം കാണണം. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യപിച്ച് വെടിവെച്ച് കൊല്ലാൻ പഞ്ചായത്തുകൾക്ക് അധികാരമുണ്ടെങ്കിലും വേണ്ടത്ര ഗൗരവത്തിൽ നടപ്പിലായിട്ടില്ല. കർഷകരുടെയും വനാതിർത്തിയിലുള്ളവരുടെയും ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാസമ്മേളനം വനംവകുപ്പിനോടും സംസ്ഥാന സർക്കാരിനോടും ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |